-->
കൊച്ചി: കളമശ്ശേരി പോളി ടെക്‌നിക് കോളേജിന്റെ ബോയ്‌സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ കഞ്ചാവ് എത്തിച്ച ഇതര സംസ്ഥാനക്കാരനെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി അഭിരാജിന് കഞ്ചാവ് എത്തിച്ചത് ഇയാളാണ് എന്നാണ് വിവരം. അനുരാജ് നാല് കിലോ കഞ്ചാവ് വാങ്ങിയിരുന്നു എന്നും ഇതില്‍ രണ്ട് കിലോ പോളി ടെക്‌നിക് ഹോസ്റ്റലില്‍ എത്തിച്ചു എന്നുമാണ് ലഭിച്ച മൊഴി. അനുരാജ് മറ്റാര്‍ക്കൊക്കെ കഞ്ചാവ് നല്‍കിയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കും. അഭിരാജും പൂര്‍വ്വ വിദ്യാര്‍ഥികളായ ആഷികും ഷാലിക്കും അടങ്ങുന്ന സംഘമാണ് ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് എന്നാണ് സൂചന. സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് അന്വേഷിക്കുകയാണ്. അനുരാജിന്റെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കളമശ്ശേരി പോളിടെക്നിക്കില്‍ നടത്തിയ പരിശോധനയില്‍ രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയത്. കെഎസ്യു പ്രവര്‍ത്തകനായ ആകാശിനെ റിമാന്‍ഡ് ചെയ്തിരുന്നു.
വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച പരിശോധന വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നീളുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ കെഎസ്യു പ്രവര്‍ത്തകനായ ആദിത്യന്‍, എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിരാജ് എന്നിവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇതില്‍ ആകാശിന്റെ മുറിയില്‍ നിന്ന് 1.9 കിലോ കഞ്ചാവാണ് പിടികൂടിയത്.