Friday, March 13, 2026 Last Updated 7 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 13 Mar 2025 01.48 PM

‘‘നിങ്ങള്‍ കുട്ടിയുടെ സുഹൃത്താകരുത്; പക്ഷേ നിങ്ങളുമായി ഫ്രണ്ട്ലിയായിരിക്കണം, എന്തുമവര്‍ തുറന്നു പറയണം...’’പേരന്റിംഗിനെപ്പറ്റി അഭിഷേക് ബച്ചന്‍

ഐശ്വര്യ റായ് അഭിഷേക് ബച്ചന്‍ താരദമ്പതിമാര്‍ പ്രേക്ഷകരുടെ പ്രിയ ജോഡിയാണ്. ഇപ്പോഴിതാ പേരന്റിംഗിനെക്കുറിച്ച് അഭിഷേക് ബച്ചന്‍ പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.
Aishwarya Rai ,Abhishek Bachchan
Abhishek Bachchan, Aishwarya Rai Bachchan and Aradhya (Image Source: Instagram)

ലോക സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട ഒരുപാട് പേര്‍ പിന്നീട് വെള്ളിത്തിരയിലും തങ്ങളുടെ അഭിനയമികവ് കാഴ്ചവച്ചിട്ടുണ്ട്. എന്നാല്‍ അക്കൂട്ടത്തില്‍ ഐശ്വര്യ റായിയെപ്പോലെ അംഗീകരിക്കപ്പെട്ട ആരാധിക്കപ്പെട്ട സുന്ദരിമാര്‍ ഇല്ലെന്ന് തന്നെ പറയാം. ലോകം മുഴുവനുമുള്ളവരുടെ ആരാധനപാത്രമാണ് ഐശ്വര്യറായ്. താരം അഭിനയിച്ച സിനിമകളും ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇന്നും താരറാണിയുടെ സൗന്ദര്യത്തിന് ഒട്ടും കോട്ടം തട്ടിയിട്ടില്ല.
സ്വകാര്യ ജീവിതത്തിലും താരം കണ്ടെത്തിയ ജീവിതപങ്കാളി ബച്ചന്‍ കുടുംബത്തിലെ ജൂനിയര്‍ ബച്ചനായ അഭിഷേകാണ്. ആരും അസൂയപ്പെടുന്ന താരദാമ്പത്യമാണ് ഇരുവരുടേതും. താരറാണിയായ ഐശ്വര്യയെ ലോകം മുഴുവന്‍ ആരാധിക്കുമ്പോള്‍, താരത്തിന്റെ ലോകം മകള്‍ ആരാധ്യ ബച്ചനാണ്. മകള്‍ പിറന്ന ശേഷം വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ. കരിയറിന്റെ തുടക്കകാലം പോലെ സിനിമകളില്‍ മാത്രമല്ല ശ്രദ്ധയെന്നും, മകള്‍ക്കാണ് പ്രഥമ പരിഗണനയെന്നും ഐശ്വര്യ റായ് പല തവണ പറഞ്ഞിട്ടുണ്ട്. മകളുടെ കാര്യങ്ങളെല്ലാം നോക്കാന്‍ ആയമാരെ വയ്ക്കാതെ സ്വന്തമായിട്ടാണ് ഐശ്വര്യ നോക്കുന്നത്. മകളെ പിരിഞ്ഞിരിക്കുന്നത് ഐശ്വര്യക്ക് ഇഷ്ടമേയല്ല. എവിടെ പോയാലും മകള്‍ ഒപ്പമുണ്ടാകും. അഭിഷേകിനൊപ്പം ആരാധ്യയെ വളരെ ചുരുക്കമായി മാത്രമേ കാണാറുള്ളൂ.
ഇപ്പോഴിതാ പുതിയ അഭിമുഖത്തില്‍ പേരന്റിംഗിനെക്കുറിച്ച്‌ അഭിഷേക് ബച്ചൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. അച്ഛന് ഒരിക്കലും അമ്മയ്ക്ക് പകരമാകാൻ കഴിയില്ലെന്നും അച്ഛൻ ചെയ്യുന്ന കാര്യങ്ങളെ കുറച്ച്‌ കാണേണ്ടതില്ലെന്നും അഭിഷേക് ബച്ചൻ അഭിപ്രായപ്പെട്ടു.
‘‘പലപ്പോഴും ഒരു പിതാവ് എന്തിലൂടെയൊക്കെ കടന്ന് പോകുന്നുണ്ടാകാമെന്ന് നമ്മള്‍ മറന്ന് പോകുന്നു. പുരുഷൻമാർ പ്രകടിപ്പിക്കുന്നവരല്ല. അത് വലിയൊരു പിഴവാണ്. എന്ത് ഉത്തരവാദിത്വമായാലും സമ്മർദ്ദമായാലും അത് നിശബ്ദമായി എടുക്കണമെന്ന് നമ്മള്‍ കരുതുന്നു. അതേസമയം അച്ഛന് ഒരിക്കലും അമ്മയ്ക്ക് പകരമാകാൻ കഴിയില്ല. എന്നാല്‍ അച്ഛൻ ചെയ്യുന്ന കാര്യങ്ങളെ കുറച്ച്‌ കാണേണ്ടതില്ല. ഇന്നത്തെ കാലത്ത് മാതാപിതാക്കളും മക്കളും തമ്മില്‍ സൗഹൃദത്തിലാണ്. എന്നാല്‍ ഇത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.
കുട്ടികള്‍ നിങ്ങളോട് ഫ്രണ്ട്ലിയായിരിക്കണം. എന്നാല്‍ നിങ്ങള്‍ കുട്ടിയുടെ സുഹൃത്താകരുത്. അവരെ സംരക്ഷിക്കുകയും വഴികാട്ടുകയുമാണ് നിങ്ങള്‍ ചെയ്യേണ്ടത്. പക്ഷെ നിങ്ങളുടെയടുത്ത് കംഫർട്ടബിള്‍ ആകാനും അവർ നിങ്ങളെ വിശ്വസിക്കാനും കുട്ടികളോട് ഫ്രണ്ട്ലിയാകണം. എന്തെങ്കിലും സംഭവിച്ചാല്‍ ആദ്യം നിങ്ങളെയായിരിക്കണം അവർ വിളിക്കേണ്ടത്. അത്യന്തികമായി നിങ്ങള്‍ അവരുടെ മാതാപിതാക്കളാണ്. ആ വ്യത്യാസം അവർ മനസിലാക്കേണ്ടതുണ്ട്.
ആദ്യമായി പേരന്റ് ആകുമ്പോള്‍ ഒരുപാട് ആളുകള്‍ അവരുടെ ഉപദേശങ്ങള്‍ പങ്കുവെക്കും. എന്നാല്‍ ഇത് സ്വയം മനസിലാക്കേണ്ടതാണ്. തെറ്റുകളില്‍ നിന്നും നമ്മുടേതായ പാത കണ്ടെത്തും. ഓരോ മാതാപിതാക്കളും വ്യത്യസ്തരാണ്. കുട്ടികളോടുള്ള അവരുടെ സമീപനം അതുല്യമാണ്. അത് സ്വയം മനസിലാക്കുന്ന യാത്രയാണ്. നിങ്ങള്‍ നിങ്ങളെക്കുറിച്ച്‌ ചിന്തിക്കാതെ നിങ്ങളേക്കാള്‍ സ്നേഹിക്കുന്ന മറ്റൊരാളെക്കുറിച്ച്‌ ചിന്തിക്കുന്നു. അത് സ്വയം ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാൻ സഹായിക്കും...’’ അഭിഷേക് ബച്ചന്‍ പറയുന്നു.

അടുത്തിടെ അഭിഷേകും ഐശ്വര്യ റായും വേർപിരിയുന്നെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ജന്മദിനങ്ങളില്‍ പരസ്പരം ആശംസകള്‍ കുറിക്കാതിരുന്നതും പൊതുവേദികളിലെ അകല്‍ച്ചയും ചൂണ്ടിക്കാണിച്ചായിരുന്നു ആരാധകരുടെ വാദം. എന്നാല്‍ പിന്നീട് ഈ അഭ്യൂഹങ്ങള്‍ കെട്ടടങ്ങി. എങ്കിലും അഭിഷേകിന്റെ വീട്ടുകാരുമായി ഐശ്വര്യ സ്വരചേർച്ചയില്‍ അല്ലെന്ന് സംസാരമുണ്ട്. താര കുടുംബം ഇതില്‍ പ്രതികരണമൊന്നും ഇതുവരെ പറഞ്ഞിട്ടില്ല.
ഐശ്വര്യ സിനിമാരംഗത്ത് ഇന്ന് അത്രകണ്ട് സജീവമല്ല. ഏറെക്കാലത്തിന് ശേഷം പൊന്നിയൻ സെല്‍വനില്‍ അഭിനയിച്ചെങ്കിലും പിന്നീട് പുതിയ പ്രൊജക്ടുകളിലൊന്നും ഒപ്പ് വെച്ചിട്ടില്ല. മികച്ച തിരക്കഥകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ഐശ്വര്യ റായ്. എന്നാല്‍ ഫാഷൻ വേദികളില്‍ ഐശ്വര്യ റായ് സാന്നിധ്യമാണ്. പ്രിയ താരം വെള്ളിത്തിരയില്‍ സജീവമാകണമെന്ന് ആഗ്രഹിക്കുന്ന ആരാധകർ ഏറെയാണ്. സിനിമകളില്‍ കാണാറില്ലെങ്കിലും ഐശ്വര്യയുടെ താരമൂല്യം ഇന്നും നിലനില്‍ക്കുന്നുണ്ട്. മറുവശത്ത് അഭിഷേക് ബച്ചൻ കരിയറിലെ തിരക്കുകളിലാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW