കോഴിക്കോട്: എസ്ഡിപിഐ - എല്‍ഡിഎഫ് ഡീല്‍ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ അസഹിഷ്ണുത പ്രകടിപ്പിച്ച് മുഖ്യമന്ത്രി. അത്തരം കാര്യം എസ്ഡിപിഐ ആള്‍ക്കാരോട് തന്നെ പോയി ചോദിക്കണമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ഡയാണെന്നും പറഞ്ഞു. എസ്ഡിപിഐ വോട്ടുകളെ സംബന്ധിച്ച് പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമാണല്ലോ എന്ന ചോദ്യത്തിനായിരുന്നു അസഹിഷ്ണുത. മാധ്യമങ്ങള്‍ പ്രത്യേക അജണ്ടയുമായാണ് വന്നിരിക്കുന്നതെന്നും അത് മാറ്റിവെക്കണമെന്നും പറഞ്ഞു.
ന്യൂനപക്ഷ വര്‍ഗ്ഗീയതയോടും ഭൂരിപക്ഷ വര്‍ഗ്ഗീയതയോടും സിപിഐഎമ്മിന് എല്ലാകാലത്തും ഒരേ നിലപാട് ആണെന്നും എല്ലാ വര്‍ഗ്ഗീയതയെയും ശക്തമായി എതിര്‍ക്കും. എസ്ഡിപിഐ യുമായുള്ള ഡീല്‍ യുഡിഎഫിന്റെ വ്യാജപ്രചരണം ആണെന്നും പറഞ്ഞു. യുഡിഎഫ് നുണകളെ ആശ്രയിക്കുകയാണ്. എല്ലാ ഘട്ടത്തിലും വര്‍ഗീയതയുമായി വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചിട്ടുള്ളത് എല്‍ഡിഎഫാണ്.കോണ്‍ഗ്രസിനെ പവിത്രമാക്കുകയാണ് മാധ്യമങ്ങള്‍ക്ക് വേണ്ടത്. നാട്ടുകാര്‍ ഇത് വിശ്വസിക്കില്ല. ജനങ്ങള്‍ അനുഭവങ്ങളില്‍ നിന്നുമാണ് കാര്യങ്ങളെ കാണുന്നത്.
മുഖ്യമന്ത്രിയുടെ പൊതുവേദിയിലെ പെരുമാറ്റത്തെ കുറിച്ച് പ്രതിപക്ഷം ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി. തന്റെ പെരുമാറ്റം ശരിയാണോ അല്ലയോ എന്നത് മാധ്യമങ്ങള്‍ വിലയിരുത്തിയാല്‍ മതി. പെരുമാറ്റത്തെക്കുറിച്ച് പറഞ്ഞുനടക്കേണ്ട കാര്യം എനിക്കില്ല. താന്‍ ഇന്നലെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ആളല്ല എന്നും തുടര്‍ഭരണം ഗിമ്മിക്ക് നടത്തി കിട്ടിയതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ സി വേണുഗോപാലിനെതിരെ ഹരിയാനയില്‍ ഉയര്‍ന്നുവന്ന സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള കോഴ ആരോപണവും മുഖ്യമന്ത്രി ഉയര്‍ത്തികാട്ടി. കെ സിക്കെതിരെ ഉയര്‍ന്നത് ഗുരുതര ആരോപണമാണെന്നും കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ വ്യക്തമായ പ്രതികരണം നടത്തിയിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണം വ്യാജമാണെങ്കില്‍ നിഷേധിക്കാം. നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യാം. പാര്‍ട്ടിയുടെ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ആളെ സംബന്ധിച്ചാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസ് ആഭ്യന്തര അന്വേഷണം പോലും നടത്തിയില്ല എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസ് കാണിക്കുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.