Sunday, March 29, 2026 Last Updated 17 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 29 Mar 2026 11.25 AM

'ടിഷ്യു പേപ്പറില്‍ നീട്ടിയാലും ഒപ്പിടുന്ന ഭരണാധികാരി' ; രാഹുലിനെ വിമര്‍ശിച്ചതിന് മുഖ്യമന്ത്രിക്ക് രമേശിന്റെ മറുപടി

Ramesh Chennithala’s retort to CM’s criticism of Rahul Gandhi

കൊച്ചി: ടിഷ്യു പേപ്പറില്‍ നീട്ടിയാല്‍ പോലും കണ്ണടച്ച് ഒപ്പിടുന്ന സ്വഭാവമാണ് മുഖ്യമന്ത്രിയുടേതെന്ന് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് രമേശ്‌ചെന്നിത്തല. രാഹുല്‍ ഗാന്ധിക്ക് പ്രായോഗിക ബുദ്ധിയില്ലെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയായിട്ടാണ് രമേശ് ചെന്നിത്തലയുടെ ഈ വെളിപ്പെടുത്തല്‍. പിണറായി വിജയനെപ്പോലെ ഇത്രയധികം വീഴ്ചകള്‍ വരുത്തിയ മറ്റൊരു ഭരണാധികാരി കേരളത്തില്‍ ഇല്ലെന്ന് അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഭരണനിര്‍വഹണത്തില്‍ മുഖ്യമന്ത്രി പുലര്‍ത്തുന്ന ലാഘവബുദ്ധിയെ പരിഹസിക്കുമ്പോഴാണ് ശിവശങ്കര്‍ മുമ്പ് തന്നോട് പറഞ്ഞ കാര്യം രമേശ് ചെന്നിത്തല വെളിപ്പെടുത്തിയത്. സഹകരണ മേഖലയിലെ അഴിമതികള്‍ക്കെതിരെ താന്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ഇത്തരം പരിഹാസങ്ങള്‍ ഉന്നയിക്കുന്നതെന്നും, എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള തന്റെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും പറഞ്ഞു. സഹകരണ മേഖലയിലെ സോഫ്റ്റ്വെയര്‍ കരാറുമായി ബന്ധപ്പെട്ടായിരുന്നു ഗുരുതരമായ ആരോപണങ്ങള്‍ ചെന്നിത്തല ഉന്നയിച്ചത്. കോടികളുടെ അഴിമതിയെന്നായിരുന്നു ആരോപണം

സോഫ്റ്റ്വെയര്‍ മേഖലയില്‍ മുന്‍പരിചയമില്ലാത്ത ദിനേശ് ബീഡി സഹകരണ സംഘത്തിന് കരാര്‍ നല്‍കിയതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ഏകദേശം 700 കോടി രൂപയുടെ അഴിമതിയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം ആരോപിച്ചു.

കേന്ദ്ര സര്‍ക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും മുഖ്യമന്ത്രി മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കാണുമ്പോഴെല്ലാം ആറന്മുള കണ്ണാടിയും ആമാടപ്പെട്ടിയും നല്‍കി കുമ്പിട്ടു നില്‍ക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, തിരഞ്ഞെടുപ്പ് കാലത്ത് എസ്.ഡി.പി.ഐയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തി ധാരണയുണ്ടാക്കിയെന്നും ചെന്നിത്തല ആരോപിച്ചു.

രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി തള്ളിക്കളഞ്ഞു. ചെന്നിത്തല പറയുന്നത് വെറും കള്ളങ്ങളാണെന്നും കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനില്‍ കനഗോലു നല്‍കുന്ന 'ക്യാപ്സ്യൂളുകള്‍' ഏറ്റുചൊല്ലുകയാണ് ചെന്നിത്തലയെന്നും അദ്ദേഹം പരിഹസിച്ചു. ആദ്യം ബി.ജെ.പി - എസ്.ഡി.പി.ഐ ഡീല്‍ എന്ന് പറഞ്ഞവര്‍ ഇപ്പോള്‍ മാറ്റിപ്പറയുകയാണെന്നും, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും എം.എ. ബേബി കൂട്ടിച്ചേര്‍ത്തു.

Ads by Google
Sunday 29 Mar 2026 11.25 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google