കൊല്ലം: എല്ലാ അഞ്ചുകൊല്ലവും തിരഞ്ഞെടുത്തു വിട്ടവര്‍ എന്ത് ചെയ്തു എന്ന് ചോദിക്കേണ്ടത് ജനാധിപത്യത്തിലുള്ള ജനങ്ങളുടെ അവകാശമാണെന്നും അത് ചോദിക്കുമ്പോള്‍ നിങ്ങള്‍ വീട്ടില്‍ പോയി ചോദിക്കാന്‍ പറയുന്നത് ജനാധിപത്യത്തിന് മേലുളള അവഹേളനവും അഹങ്കാരവുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിങ്ങള്‍ എന്തു ചെയ്തു എന്ന ജനങ്ങളുടെ ചോദ്യത്തിന് മറുപടിയായി നാട്ടില്‍ വികസനം കൊണ്ടുവരാന്‍ കഴിയുന്ന ഏക പാര്‍ട്ടി ബിജെപി ആണെന്നും ഇനി മാറ്റത്തിന്റെ കാലമാണെന്നും പറഞ്ഞു.
നിങ്ങള്‍ എന്തു ചെയ്തു എന്ന് ജനപ്രതിനിധിയോട് ജനം ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി പറയുന്നത് വീട്ടില്‍ പോയി ചോദിക്കാനാണ്. ഈ അഹങ്കാരം ഇനി ഇല്ലാതാക്കണമെന്നും 70 വര്‍ഷം കേരളത്തെ ഭരിച്ചു നശിപ്പിച്ച എല്‍ഡിഎഫും യുഡിഎഫും വേണ്ടെന്ന് വെച്ച ജനങ്ങള്‍ക്കുള്ള ഓപ്ഷന്‍
ബിജെപി എന്‍ഡിഎ ആണെന്നും പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പായി മലയാളികള്‍ കാണുമ്പോള്‍ ഇത് മാറ്റം കൊണ്ടുവരാനുള്ള തിരഞ്ഞെടുപ്പായിട്ടാണ് എന്‍ഡിഎയും ബിജെപിയും കാണുന്നത്. ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം, നാടിന്റെ സംസ്‌ക്കാരത്തിലും ദിശയിലും മാറ്റം, തുടങ്ങി അനേകം മാറ്റങ്ങള്‍ക്ക് കേരളം വിധേയമാകുന്ന തിരഞ്ഞെടുപ്പാണ് ഇത്.
രണ്ടു ടേം മുമ്പ് എല്ലാം ശരിയാകും എന്ന് പറഞ്ഞുകൊണ്ട് അധികാരത്തില്‍ വന്നവരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. രണ്ടു തവണ ജനങ്ങളുടെ വിശ്വാസം നേടി അധികാരത്തില്‍ എത്തിയവരാണ്. ജനങ്ങള്‍ അവസരം കൊടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന വാക്ക് പാലിക്കണം. അഞ്ചുകൊല്ലം കഴിഞ്ഞ് അവര്‍ വാഗ്ദാനത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഞാന്‍ ഇതാണ് വാഗ്ദാനം ചെയ്തത്. ഞാന്‍ വാക്കു പാലിച്ചിട്ടുണ്ട്. അതിന് പകരം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ചോദ്യം ഉയര്‍ത്തിയ ആളോട് നിങ്ങള്‍ വീട്ടില്‍ പോയി ചോദിക്കാനാണ് മുഖ്യമന്ത്രി നല്‍കിയ മറുപടി. ഇതാണോ ജനാധിപത്യ സംവിധാനം? ഇതിനാണോ എംഎല്‍എ മാരെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്നത്? എന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ കാര്യാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കഴിഞ്ഞ പത്തു കൊല്ലമായി കേരളം ഭരിച്ച എല്‍ഡിഎഫ് ഈ തെരഞ്ഞെടുപ്പില്‍ ആദ്യം മൂമ്പോട്ട് വെച്ച ആശയം ഒന്നായി തുടരാം എന്നായിരുന്നു. അപ്പോള്‍ ബിജെപി ചോദിച്ചു. ഇവിടെ തുടരേണ്ടത് എന്താണ് കൊള്ളയോ, അഴിമതിയോ? അപ്പോള്‍ അവര്‍ അത് മാറ്റി വെച്ചു. രണ്ടാമത് പറഞ്ഞു എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട്. അപ്പോള്‍ ജനങ്ങള്‍ . ഉണ്ടാല്ലോ ബിജെപിയും എന്‍ഡിഎയും ഉണ്ടല്ലോ എന്ന് പറഞ്ഞു. അപ്പോള്‍ അതും മാറ്റിവെച്ചു. പിന്നെ പറഞ്ഞു കൊള്ളാലോ കേരളം കൊള്ളാലോ എല്‍ഡിഎഫ്. അപ്പോള്‍ ജനങ്ങള്‍ പറഞ്ഞു.
ഇത് കൊള്ളില്ല. മാറ്റണം. മതിയായി എല്‍ഡിഎഫേ മതിയായി യുഡിഎഫേ. ഇനി ഞങ്ങള്‍ക്ക് വേണ്ടത് വികസിത കേരളമാണ്. കാരണം അവര്‍ക്ക് വിവാദരാഷ്ട്രീയം, അഴിമതി രാഷ്ട്രീയം, വ്യാജവാഗ്ദാനങ്ങള്‍ എല്ലാം മതിയായി. ഇതുവരെ മറ്റൊരു ഓപ്ഷന്‍ ഇല്ലാതിരുന്ന ജനങ്ങള്‍ക്ക് ഇപ്പോള്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി എന്‍ഡിഎ യുണ്ട്. ഇനി വേണ്ടത് വികസിത രാഷ്ട്രീയവും വികസിത കേരളവുമാണ്.