ന്യൂഡല്‍ഹി: നടന്‍ മോഹന്‍ലാലിന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്തുകൊണ്ടുള്ള സോഷ്യല്‍ മീഡിയ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. ഇതിനായി മെറ്റ (ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം) ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ജസ്റ്റിസ് ജ്യോതി സിംഗ് അധ്യക്ഷയായ ബെഞ്ചാണ് കേസില്‍ സുപ്രധാന ഇടപെടല്‍ നടത്തിയത്.
വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് നടപടി. മോഹന്‍ലാലിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലും അനുവാദമില്ലാതെ പേര് ഉപയോഗിച്ചും പ്രചരിക്കുന്ന മുപ്പതിലധികം ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചു. മോഹന്‍ലാല്‍ നല്‍കിയ പട്ടികയില്‍ നിന്ന് അടിയന്തരമായി നീക്കം ചെയ്യേണ്ട സജീവ ലിങ്കുകളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടു. ഈ പട്ടിക കൂടി പരിഗണിച്ചാകും അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക. ഹര്‍ജിയില്‍ സമര്‍പ്പിച്ച ചില ലിങ്കുകള്‍ നിലവില്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് മെറ്റയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയും വ്യക്തിഹത്യ ചെയ്യുകയും ചെയ്ത സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ഉടമകളെ കണ്ടെത്താനും നീക്കം തുടങ്ങി. ഇവരെ കേസില്‍ കക്ഷി ചേര്‍ക്കുന്നതിനായി അക്കൗണ്ട് ഉടമകളുടെ പേരും മറ്റ് വിവരങ്ങളും കൈമാറാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോട് കോടതി ഉത്തരവിട്ടു. മോഹന്‍ലാലിന്റെ പ്രതിച്ഛായയെയും ശബ്ദത്തെയും പേരിനെയും വാണിജ്യപരമായി ചൂഷണം ചെയ്യുന്നതും അപഹസിക്കുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഹര്‍ജി സമര്‍പ്പിച്ചത്.