Sunday, March 22, 2026 Last Updated 4 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Mar 2026 02.16 PM

ഞാൻ 'ജമാഅത്തെ ഇസ്‌ലാമി നോമിനി' എന്ന് അഹമ്മദ് ദേവർകോവിൽ തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാം;ഫാത്തിമ തഹ്‌ലിയ

fathima thahliya  ,  ahamed devarkovil
photo - facebook

കോഴിക്കോട്: ഐഎൻഎൽ നേതാവും കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ അഹമ്മദ് ദേവർകോവിൽ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് പേരാമ്പ്രയിലെ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയ. താൻ ജമാഅത്തെ ഇസ്‌ലാമി നോമിനിയാണ് എന്ന ആരോപണം തെളിയിച്ചാൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാമെന്ന് അഹമ്മദ് ദേവർകോവിലിനെ വെല്ലുവിളിച്ചുകൊണ്ട് ഫാത്തിമ തഹ്‌ലിയ പറഞ്ഞു .

മുസ്‌ലിം ലീഗിന് തീവ്രത കുറവാണ് എന്ന് പറഞ്ഞ് പാർട്ടി വിട്ടവരാണ് ഐഎൻഎൽ എന്നും ദേവർകോവിൽ പഠിച്ചത് എവിടെയാണ് എന്ന് അന്വേഷിച്ചാൽ അദ്ദേഹത്തിന്റെ പരാമർശങ്ങളിലെ വൈരുധ്യം മനസിലാകുമെന്നും തഹ്‌ലിയ പറഞ്ഞു. 'എന്റെ രാഷ്ട്രീയ ഗുരുനാഥന്മാർ എനിക്ക് വ്യക്തമായ രാഷ്ട്രീയ ബോധ്യം നൽകിയിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയാണ് എന്റെ മേൽവിലാസം,' എന്നും ഫാത്തിമ പറഞ്ഞു.

അഹമ്മദ് ദേവർകോവിലിന്റെ അതേ നിലപാട് ആണോ മറ്റ് ഇടത് നേതാക്കൾക്ക് ഉള്ളത് എന്ന് വ്യക്തമാക്കണമെന്നും ഫാത്തിമ തഹ്‌ലിയ ആവശ്യപ്പെട്ടു. പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഈ വിഷയത്തിലെ നിലപാട് എന്താണെന്നും അവർ ചോദിച്ചു. തനിക്ക് എല്ലാവരുടെയും പിന്തുണ വേണമെന്നും തഹ്‌ലിയ കൂട്ടിച്ചേർത്തു.

അതേസമയം, സ്ഥാനാർത്ഥിത്വത്തിനെതിരെ വനിതാ ലീഗ് നേതാക്കളായ നൂർബിന റഷീദ്, സുഹ്‌റ മമ്പാട് എന്നിവർ രംഗത്ത് വന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോടും ഫാത്തിമ തഹ്‌ലിയ ഇന്ന് പ്രതികരിച്ചു. നൂർബിന റഷീദും സുഹ്‌റ മമ്പാടും പ്രചാരണത്തിനെത്തുമെന്നാണ് കരുതുന്നതെന്നാണ് ഫാത്തിമയുടെ വാക്കുകൾ. തന്റെ രാഷ്ട്രീയ അധ്യാപകരായ ഇരുവരുമായും നല്ല ബന്ധമാണ് സൂക്ഷിക്കുന്നതെന്നും അവരെ ഫോണിൽ വിളിച്ച് സംസാരിക്കുമെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു. വനിതാ ലീഗ് ഉന്നയിക്കുന്ന മറ്റ് ആരോപണങ്ങൾക്ക് നേതൃത്വമാണ് മറുപടി നൽകേണ്ടതെന്നും തഹ്‌ലിയ പ്രതികരിച്ചു.

Ads by Google
Sunday 22 Mar 2026 02.16 PM
YOU MAY BE INTERESTED
Ads by Google
Ads by Google