ആലപ്പുഴ: സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാവ് ജി സുധാകരന്. മരിക്കുന്നത് വരെ എംഎല്‍എ ആയിരിക്കണമെന്ന ആഗ്രഹം നടക്കാത്തത് കൊണ്ടാണ് പാര്‍ട്ടി വിട്ടതെന്ന വിജയരാഘവന്റെ പരിഹാസത്തോടായിരുന്നു ജി സുധാകരന്റെ പ്രതികരണം. വിജയരാഘവന് അമ്പലപ്പുഴയെ അറിയില്ലെന്നും കമ്മിറ്റി കൂടാന്‍ മാത്രമേ അദ്ദേഹം വന്നിട്ടുളളുവെന്നും ജി സുധാകരന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തലകീഴായാണ് ജി സുധാകരന്‍ വായിച്ചതെന്ന് വിജയരാഘവന്‍ പറഞ്ഞിരുന്നു.
ജി സുധാകരന് മരിക്കുന്നത് വരെ എംഎൽഎ ആകണമെന്നാണ് ആഗ്രഹമെന്നും അത് നടക്കാത്തത് കൊണ്ട് പാർട്ടി വിട്ട ഏക ആളാണ് ജി സുധാകരനെന്നുമാണ് എ വിജയരാഘവൻ പറഞ്ഞത്. സുധാകരന്റെ ദുരാഗ്രഹത്തിനൊപ്പം പാർട്ടിക്ക് നിൽക്കാൻ കഴിയില്ല എന്നും സഹതാപത്തിന്റെ ഒരു കണിക പോലും അദ്ദേഹം അർഹിക്കുന്നില്ല എന്നും വിജയരാഘവൻ പറഞ്ഞിരുന്നു. ചരിത്രത്തിലാദ്യമായാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉദ്ധരിച്ച് ഒരാൾ വലതു പക്ഷത്തേക്ക് പോകുന്നത്. മൂന്നുവട്ടമാണ് സുധാകരനെ മുഖ്യമന്ത്രി വിളിച്ചത്. എന്നാൽ സുധാകരൻ വി ഡി സതീശൻ്റെയും കെ.സി വേണുഗോപാലിൻ്റെയും ഫോൺ കോൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഫോൺ എടുക്കാതിരുന്നത് എന്നും വിജയരാഘവൻ പരിഹസിച്ചു.
ആലപ്പുഴ ജില്ലയിലെ പാർട്ടി പ്രവർത്തകരുടെ ആത്മാർത്ഥത സുധാകരന് കാണാൻ കഴിഞ്ഞില്ല എന്നും വിജയരാഘവൻ പറഞ്ഞു. ജനകീയ സ്വതന്ത്രൻ എന്ന പേരിട്ടാൽ ജനങ്ങൾക്ക് മനസ്സിലാകില്ല എന്നു കരുതേണ്ട എന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. ജി സുധാകരനെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാനും രംഗത്തുവന്നിരുന്നു. ജി സുധാകരന്‍ പാര്‍ട്ടിയുടെ ചങ്കില്‍ കുത്തിയെന്നും ചങ്കില്‍ കുത്തിയവരെ കൂട്ട് പിടിച്ച് ജയിക്കാമെന്ന് കോണ്‍ഗ്രസ് കരുതേണ്ടെന്നുമാണ് അദ്ദേഹം സജി ചെറിയാൻ പറഞ്ഞത്.