വാഷിംഗ്ടണ്‍: ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നെന്നും എന്നാല്‍ ഇറാനുമായി ഒരു വെടിനിര്‍ത്തലിന് താന്‍ തയ്യാറല്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മിഡില്‍ ഈസ്റ്റിലെ സൈനികനീക്കങ്ങള്‍ ലക്ഷ്യത്തോട് അടുക്കുകയാണെന്നും ശത്രുത ഉടന്‍ അവസാനിച്ചേക്കാം എന്നതിന്റെ ശക്തമായ സൂചനയാണ് ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
ലോകമെമ്പാടുമുള്ള എണ്ണ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ക്ക് മേലുള്ള ഉപരോധത്തില്‍ അമേരിക്ക താല്‍ക്കാലിക ഇളവ് വരുത്തിയ സാഹചര്യത്തിലാണ് ഈ പ്രസ്താവന. 'നമ്മുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനോട് നമ്മള്‍ വളരെ അടുത്തിരിക്കുന്നു. മിഡില്‍ ഈസ്റ്റിലെ നമ്മുടെ മഹത്തായ സൈനിക പരിശ്രമങ്ങള്‍ കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു.' ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അതേസമയം വെടിനിര്‍ത്തലിന്റെ ആവശ്യം തന്നെയില്ലെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം സൗദി അറേബ്യക്കും ഇസ്രായേലിനും നേരെ ഇറാന്‍ പുതിയ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായി വിവരമുണ്ട്. 20 ശതമാനം എണ്ണയും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഇനി മറ്റ് രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. കുവൈറ്റിലെ മിന അല്‍-അഹ്മദി റിഫൈനറിക്ക് നേരെയും ഖത്തറിലെ ഗ്യാസ് പ്ലാന്റിന് നേരെയും ആക്രമണങ്ങള്‍ ഉണ്ടായി.
ഇസ്രായേല്‍ ബെയ്‌റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തി. സംഘര്‍ഷത്തെത്തുടര്‍ന്ന് ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 112.19 ഡോളറായി ഉയര്‍ന്നു. കരസേനയെ അയക്കാന്‍ പദ്ധതിയില്ലെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോഴും, ഏകദേശം 2,500 യുഎസ് മറീനുകള്‍ മേഖലയിലേക്ക് തിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നത് തടയാന്‍, മാര്‍ച്ച് 20-ന് മുമ്പ് കപ്പലുകളില്‍ കയറ്റിയ ഇറാനിയന്‍ ക്രൂഡ് ഓയില്‍ വില്‍ക്കാന്‍ യുഎസ് അനുമതി നല്‍കി.