തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടികയില്‍ അതൃപ്തി രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് ശശി തരൂരും. പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറവാണെന്നും അത് നീതികേടെന്നുമാണ് ശശി തരൂരിന്റെ പ്രതികരണം. വിജയസാധ്യത മാത്രമാണ് മാനദണ്ഡമെന്നും മറ്റുഘടകങ്ങളും പരിഗണിച്ചിരിക്കാമെന്നും എന്നിരുന്നാലും സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമായിരുന്നു എന്നും പറഞ്ഞു.
അതേസമയം സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തില്‍ തനിക്ക് പങ്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു. കഴിഞ്ഞദിവസം ഇതേ പ്രതിഷേധം ഉയര്‍ത്തി എഐസിസി വക്താവ് ഷമാ മുഹമ്മദും രംഗത്ത് വന്നിരുന്നു. സാമൂഹ്യമാധ്യമത്തിലൂടെയായിരുന്നു ഷമയുടെ പ്രതികരണം വന്നത്. പ്രശ്‌നത്തില്‍ രാഹുല്‍ഗാന്ധി ഇടപെടണമെന്നും പറഞ്ഞിരുന്നു. 92 പേരുടെ കോണ്‍ഗ്രസ് പട്ടികയില്‍ ഒമ്പത് പേര്‍ക്കാണ് അവസരം നല്‍കിയത്.
നേരത്തേ കണ്ണൂര്‍ സീറ്റില്‍ താല്‍പ്പര്യം വെച്ചിരുന്ന ഷമാ മുഹമ്മദ് അക്കാര്യം നേതാക്കളെ നേരിട്ട് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒടുവില്‍ വന്നപ്പോള്‍ അവസരം നല്‍കിയിരുന്നില്ല. ഇതോടെയാണ് പ്രതികരണവുമായി വന്നത്. കൊച്ചിയില്‍ ദീപ്തി മേരി വര്‍ഗ്ഗീസിന്റെ പേരും പരിഗണിച്ച ശേഷം ഒടുവില്‍ മുഹമ്മദ് ഷിയാസിന് അവസരം നല്‍കുകയായിരുന്നു. അതേസമയം പാര്‍ട്ടി തീരുമാനം ദീപ്തി അംഗീകരിച്ചു.