പാലക്കാട്: സിപിഐഎം വിട്ട പാലക്കാട് മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി കെ ശശി കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും. നേരത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഒറ്റപ്പാലത്തുനിന്നും യുഡിഎഫ് പിന്തുണയില്‍ മത്സരിക്കുന്ന പി കെ ശശിക്ക് കൈപ്പത്തി ചിഹ്നം അനുവദിക്കാനാണ് തീരുമാനം. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് ശശിയെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കാനുള്ള തീരുമാനം.
സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ അടക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെ പി കെ ശശിയെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍ പുറത്താക്കിയിരുന്നു. തൊട്ടുപിന്നാലെ പാര്‍ട്ടി നടപടിയോട് പ്രതികരിച്ച് പി കെ ശശിയും രംഗത്തെത്തിയിരുന്നു. നിലവില്‍ ശശിക്കായി മണ്ഡലത്തില്‍ സ്ഥാപിച്ചിട്ടുള്ള ഫഌ്‌സ് ബോര്‍ഡുകളിലെല്ലാം യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്നാണ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ശശിയുടെ റോഡ് ഷോയിലും ബോര്‍ഡുകളിലൊന്നും തന്നെ ചിഹ്നം പ്രദര്‍ശിപ്പിച്ചിരുന്നില്ല.