Wednesday, March 18, 2026 Last Updated 20 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Mar 2026 11.39 PM

ധര്‍മടത്ത്‌ പിണറായിയെ നേരിടാന്‍ യു.ഡി.എഫിന്‌ അബ്‌ദുള്‍ റഷീദ്‌

uploads/news/2026/03/830756/k7.jpg

കണ്ണൂര്‍: ധര്‍മ്മടത്ത്‌ മുഖ്യമന്ത്രിയെ നേരിടാന്‍ കോണ്‍ഗ്രസ്‌ രംഗത്തിറക്കിയിരിക്കുന്നത്‌ യുവനേതാവായ വി.പി. അബ്‌ദുള്‍ റഷീദി(36)നെ. കെ.പി.സി.സി അംഗവും യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറിയുമാണ്‌. തളിപ്പറമ്പില്‍ ടി.കെ. ഗോവിന്ദന്‌ പിന്തുണ നല്‍കാന്‍ യു.ഡി.എഫ്‌. തീരുമാനിച്ചതോടെയാണ്‌ അബ്‌ദുള്‍ റഷീദിനെ ധര്‍മ്മടത്തേക്ക്‌ മാറ്റിയത്‌.
2021 ലെ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം ഗണ്യമായി കുറച്ചതിലൂടെ റഷീദ്‌ ശ്രദ്ധേയനായിരുന്നു. മുന്‍പ്‌ 40,000 ത്തിന്‌ മുകളിലായിരുന്ന ഗോവിന്ദന്റെ ഭൂരിപക്ഷം 22,000 ത്തിലേക്ക്‌ ചുരുക്കാന്‍ റഷീദിന്‌ സാധിച്ചു. ഇതേ പോരാട്ടവീര്യം ധര്‍മടത്തും ആവര്‍ത്തിക്കുമെന്നാണ്‌ കോണ്‍ഗ്രസ്‌ പ്രതീക്ഷ.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കെ.പി.സി.സി. അംഗമാണ്‌ റഷീദ്‌. മയ്ില്‍ ഗ്രാമ പഞ്ചായത്തിലെ ഇരുവാപ്പുഴ നമ്പ്രം സ്വദേശി. ചെറുപുഴ ജാനകി മെമ്മോറിയാല്‍ സ്‌കൂള്‍, കാക്കയംച്ചാല്‍ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂള്‍, വയക്കര ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
കണ്ണൂര്‍ എസ്‌.എന്‍ കോളജിലായിരുന്നു ബിരുദപഠനം. തുടര്‍ന്ന്‌ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ തലശേരി പലയാട്‌ നിയമകലാലയത്തില്‍നിന്ന്‌ നിയമബിരുദം. അടിയുറച്ച കോണ്‍ഗ്രസ്‌ പാരമ്പര്യമുള്ള കുടുംബത്തില്‍നിന്ന്‌ വരുന്ന അബ്‌ദുള്‍ റഷീദ്‌ പാര്‍ട്ടിയുടെ ബാല സംഘടന ആയ ജവാഹര്‍ ബാലജനവേദിയിലൂടെ സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌.
ബാലവേദി ട്രെയിനര്‍ എന്ന നിലയില്‍ സംസ്‌ഥാന വ്യാപകമായി സഞ്ചരിച്ചു സംഘടന വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചു. മികച്ച രീതിയില്‍ ജില്ലാ ക്യാമ്പ്‌, ജില്ലാ സമ്മേളങ്ങള്‍ തുടര്‍ച്ചയായി നടത്തി നേതാക്കളുടെ പ്രശംസ പിടിച്ച്‌ പറ്റി.
കെ.എസ്‌.യു യൂണിറ്റ്‌ പ്രസിഡന്റ്‌, ബ്ലോക്ക്‌ പ്രസിഡന്റ്‌, ജില്ലാ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം, ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്‌, സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ പദവികള്‍ വഹിച്ചു. നിലവില്‍ സംഘടന തെരഞ്ഞെടുപ്പില്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി പദവിയില്‍ എത്തി. കാസര്‍ഗോഡ്‌ ജില്ലയുടെ സംഘടന ചുമതല വഹിക്കുന്നു. കോണ്‍ഗ്രസ്‌ പ്രചാരണ വിഭാഗം ആയ സബര്‍മതി സ്‌കൂള്‍ ഓഫ്‌ നാഷണലിസം ആന്‍ഡ്‌ റീസേര്‍ച്ച്‌ സെന്റര്‍ സ്‌ഥാപകനാണ്‌.
ലഹരിക്കെതിരേ തലശ്ശേരി രൂപതയുടെ നേതൃത്വംത്തില്‍ പ്രവര്‍ത്തിക്കുന്ന എ.ഡി.എസ്‌.യു പ്രവര്‍ത്തകനും കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ്‌ നിയോജക മണ്ഡലത്തില്‍ പരാജയപെട്ടിട്ടും 5 വര്‍ഷക്കാലമായി മണ്ഡലം കേന്ദ്രീകരിച്ചു പ്രവര്‍ത്തനം നടത്തിയത്‌ കോണ്‍ഗ്രസ്‌ നേതൃത്വനിരയില്‍ റഷീദിനെ ശ്രദ്ധേയനാക്കി.
വിദ്യാഭ്യാസ കാലം മുതല്‍ തീപ്പൊരി പ്രസംഗികന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു. ലക്ഷദ്വീപ്‌, തമിഴ്‌നാട്‌, കര്‍ണാടക, പുതുച്ചേരി എന്നിവിടങ്ങളില്‍ വിവിധ തെരഞ്ഞെടുപ്പ്‌ ചുമതല വഹിച്ചിട്ടുണ്ട്‌. നിലവില്‍ കാസര്‍ഗോഡ്‌ ജില്ലയുടെ സംഘടന ചുമതല വഹിക്കുന്ന യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി ആണ്‌.
കോളയാട്‌ ബ്ലോക്കില്‍ കെ.പി.സി.സി മെമ്പര്‍ എന്ന നിലയില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ചുമതല വഹിക്കുന്നു. മുസ്ലിം ലീഗ്‌ നേതാവും കണ്ണൂര്‍ നഗരസഭാ മുന്‍ ചെയര്‍പഴ്‌സണുമായ റോഷ്‌നി ഖാലിദിന്റെയും റിട്ട. സബ്‌ ഇന്‍സ്‌പെക്‌ടര്‍ പി. ഖാലിദിന്റെയും മകള്‍ ഡോ. ഷഹല ആണ്‌ ഭാര്യ. മക്കള്‍: മുഹമ്മദ്‌ റഷ്‌ദാന്‍ (5), ഇനാറ ഫാത്തിമ (1).
നിയമപഠനത്തിന്റെ ഭാഗമായി ധര്‍മ്മടം മണ്ഡലത്തിലെ പലയാഡ്‌ ക്യാമ്പസില്‍ 5 വര്‍ഷം വിദ്യാര്‍ത്ഥി ആയിരുന്നു. ഇക്കാലയളവില്‍ ജീവന്‌ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്‌ പോലീസ്‌ സുരക്ഷയിലാണ്‌ പഠനം തുടര്‍ന്നത്‌.
വിവിധ വിദ്യാര്‍ത്ഥി, യുവജന, ജനകീയ സമരങ്ങളുടെ ഭാഗമായി 6 തവണ ജയില്‍ വാസം അനുഭവിച്ചു.
രാഹുല്‍ ഗാന്ധിയുടെ ഭാരത്‌ ജോഡോ പദയാത്രയില്‍ സ്‌ഥിര അംഗം ആയിരുന്നു. നിലവില്‍ അഭിഭാഷകനായി പ്രാക്‌ടീസ്‌ നടത്തുന്നു. പിതാവ്‌: കെ.കെ ഹംസ. മാതാവ്‌: മറിയം ഹംസ. സഹോദരന്‍: വി.പി. റാഷിദ്‌.

Ads by Google
Tuesday 17 Mar 2026 11.39 PM
YOU MAY BE INTERESTED