ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ എം.പിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തിലുറച്ച് കോണ്‍ഗ്രസ് നേതൃത്വം. ഈ വിവരം ബന്ധപ്പെട്ട എം.പിമാരെ അറിയിച്ചെന്നാണു സൂചന.
ഹൈക്കമാന്‍ഡ് തീരുമാനത്തിനെതിരേ കെ.പി.സി.സി. മുന്‍ പ്രസിഡന്റും കണ്ണൂര്‍ എം.പിയുമായ കെ. സുധാകരന്‍ രംഗത്തെത്തി. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അദ്ദേഹത്തിനായി തെരുവിലിറങ്ങി. ഇന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ സുധാകരന്‍ നിലപാട് വ്യക്‌തമാക്കും. 92 സീറ്റുകളില്‍ വരെ കോണ്‍ഗ്രസ് മത്സരിക്കാനാണ് ആലോചന. ആദ്യ സ്‌ഥാനാര്‍ത്ഥി പട്ടിക ഇന്നലെ പ്രഖ്യാപിച്ചു. ബാക്കി സീറ്റുകള്‍ ഇന്നു പരിഗണിക്കും. കണ്ണൂര്‍, കോന്നി മണ്ഡലങ്ങളില്‍ സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
മുന്നണി ധാരണകളും സീറ്റ് വിഭജനവും അന്തിമഘട്ടത്തിലേക്കു കടക്കുന്നതിനിടെ കെപി.സി.സി. അധ്യക്ഷന്റെ ചുമതല കൈമാറുന്നതിലും ചര്‍ച്ച പുരോഗമിക്കുകയാണ്.
പേരാവൂര്‍ മണ്ഡലത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ട സാഹചര്യത്തില്‍ സണ്ണി ജോസഫിനു കെപി.സി.സി. അധ്യക്ഷ പദവി കൂടി വഹിക്കുന്നത് പ്രയാസമാകുമെന്നാണ് വിലയിരുത്തല്‍. കെപി.സി.സി. അധ്യക്ഷ സ്‌ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷിന്റെ പേരാണ് ഉയരുന്നത്.
എം.പിമാര്‍ മത്സരിക്കുന്നത് സംബന്ധിച്ച് അനിശ്‌ചിതത്വം നിലനില്‍ക്കവേ, കെ. സുധാകരന്‍ അതൃപി പ്രകടമാക്കി. 'നമ്മക്ക് നിലയും വിലയുമൊന്നുമില്ല. എന്നെ ആരും ചര്‍ച്ചയ്‌ക്ക് വിളിച്ചിട്ടില്ല.'- സുധാകരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്‌തിയുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായി പ്രതികരിക്കാന്‍ അദ്ദേഹം തയാറായതുമില്ല. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് കുടുംബാംഗങ്ങളോടൊപ്പം സ്വകാര്യ വാഹനത്തിലാണ് ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് അദ്ദേഹം പുറത്തേക്കുപോയത്.
സുധാകരനോട് ഇന്നു ഡല്‍ഹിയിലെത്താന്‍ നിര്‍ദേശിച്ചിരുന്നുവെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം അനുനയനീക്കങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. ഇന്നലെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ചക്കെത്താന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും പോകേണ്ടെന്ന തീരുമാനത്തിലായിരുന്നു സുധാകരന്‍. എന്തെങ്കിലും തരത്തിലുള്ള ഉറപ്പ് ഹൈക്കമാന്‍ഡില്‍നിന്ന് ലഭിച്ചാല്‍ മാത്രമേ ഡല്‍ഹിയിലേക്കുള്ളൂവെന്നായിരുന്നു നിലപാട്. എന്നാല്‍, നേതൃത്വം വീണ്ടും ആവശ്യപ്പെട്ടതോടെ ഡല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍ഡ് അയച്ചെങ്കിലും സുധാകരന്‍ നിലപാട് മാറ്റിയിട്ടില്ല.
കോണ്‍ഗ്രസിന്റെ ആദ്യ പട്ടികയില്‍ പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റ് അനുവദിച്ചിട്ടില്ല. ലൈംഗിക പീഡന കേസ് ഉള്ളതിനാല്‍ സീറ്റ് നല്‍കേണ്ടെന്നാണു ഹൈക്കമാന്‍ഡ് തീരുമാനം. പെരുമ്പാവൂര്‍ എം.എല്‍.എയായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ അധ്യാപിക നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. പെരുമ്പാവൂരില്‍ ഉല്ലാസ് തോമസ്, മനോജ് മൂത്തേടന്‍ എന്നിവരാണ് പരിഗണനയിലുള്ളത്. എറണാകുളം അങ്കമാലി അതിരൂപത പാസ്‌റ്ററല്‍ കൗണ്‍സില്‍ അംഗമായ മനോജ് മൂത്തേടനു വേണ്ടി സിറോ മലബാര്‍ സഭ രംഗത്തുണ്ട്.
സുല്‍ത്താന്‍ ബത്തേരി സീറ്റിലും ഹൈക്കമാന്‍ഡ് നിലപാട് നിര്‍ണായകമായി. കോണ്‍ഗ്രസ് നേതാവ് എന്‍.എം. വിജയന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ബത്തേരി എം.എല്‍.എ: ഐ.സി. ബാലകൃഷ്‌ണനാണ് ഒന്നാംപ്രതി. പക്ഷേ, അദ്ദേഹത്തിനു സീറ്റ് അനുവദിച്ചിട്ടുണ്ട്.