Wednesday, March 18, 2026 Last Updated 4 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Mar 2026 11.39 PM

ഡോ. വന്ദനാ ദാസ്‌ വധം: പ്രതി കുറ്റക്കാരന്‍, ശിക്ഷ നാളെ

uploads/news/2026/03/830751/k2.jpg

കൊല്ലം: കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിലെ ഹൗസ്‌ സര്‍ജനായിരുന്ന കോട്ടയം മുട്ടുചിറ കാളിപറമ്പ്‌ കെ.ജി. മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏക മകള്‍ ഡോ. വന്ദനാ ദാസി(23)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഓടനാവട്ടം കുടവട്ടൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ സന്ദീപ്‌(44) കുറ്റക്കാരനാണെന്നു കോടതി. പ്രതിക്കുള്ള ശിക്ഷ കൊല്ലം അഡീഷണല്‍ സെഷന്‍സ്‌ കോടതി(ഒന്ന്‌) നാളെ വിധിക്കും.
പ്രതിക്കു പരമാവധി ശിക്ഷ നല്‍കണമെന്ന്‌ പ്രോസിക്യൂഷന്‍ കോടതിയോട്‌ ആവശ്യപ്പെട്ടു. വിധി കേള്‍ക്കാനെത്തിയ വന്ദനയുടെ മാതാപിതാക്കള്‍ വിതുമ്പലോടെയാണ്‌ കോടതി മുറിയില്‍നിന്നു പുറത്തേക്കു വന്നത്‌. മകള്‍ക്കു നീതി കിട്ടുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ അവര്‍ പറഞ്ഞു.
2023 മേയ്‌ 10-ന്‌ കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയില്‍വച്ചാണ്‌ വന്ദന ആക്രമിക്കപ്പെട്ടത്‌. അത്യാഹിത വിഭാഗത്തില്‍വൈദ്യ പരിശോധനയ്‌ക്കായി പൂയപ്പള്ളി പോലീസ്‌ എത്തിച്ച പ്രതി സന്ദീപ്‌ അക്രമാസക്‌തനാവുകയായിരുന്നു. ചികിത്സാ മുറിയിലെ കത്രിക കൈവശപ്പെടുത്തിയ പ്രതി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. 26 മുറിവാണ്‌ വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നത്‌. കൊലപാതകം, കൊലപാതകശ്രമം, ആശുപത്രിയില്‍ കലാപവും അക്രമവും നടത്തല്‍ എന്നി കുറ്റങ്ങളാണ്‌ പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്‌.
സന്ദീപിന്റെ ബന്ധുവായ രാജശേഖരന്‍ പിള്ള, പൊതുപ്രവര്‍ത്തകന്‍ ബിനു, പൂയപ്പള്ളി സ്‌റ്റേഷനിലെ എസ്‌.ഐ. ബേബി മോഹന്‍, ഹോംഗാര്‍ഡ്‌ അലക്‌സ്‌കുട്ടി, ആംബുലന്‍സ്‌ ൈഡ്രവര്‍ രാജേഷ്‌, ആശുപത്രി എയ്‌ഡ്‌ പോസ്‌റ്റിലെ എ.എസ്‌.ഐ. മണിലാല്‍ എന്നിവര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.
കൊല്ലം ൈക്രബാഞ്ച്‌ ഡിവൈ.എസ്‌.പി: എം.എം. ജോസാണ്‌ 1050 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്‌. സന്ദീപിന്റെ മൊബൈല്‍ ഫോണ്‍, ആശുപത്രിയിലെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍, ജീവനക്കാരുടെയും പോലീസുകാരുടെയും മൊഴികള്‍, നാട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴി, സാഹചര്യത്തെളിവുകള്‍ എന്നിവയടക്കം വിശദമായാണ്‌ കുറ്റപത്രം തയാറാക്കിയത്‌. സന്ദീപിന്‌ മാനസിക പ്രശ്‌നങ്ങളൊന്നുമില്ലെന്ന്‌ തെളിയിക്കുന്ന, ഡോക്‌ടര്‍മാരുടെയും വിദഗ്‌ധരുടെയും റിപ്പോര്‍ട്ടുകളും കുറ്റപത്രത്തിലുണ്ട്‌.
പ്രതിക്ക്‌ മാനസിക സ്‌ഥിരതയില്ലെന്ന്‌ സ്‌ഥാപിക്കാന്‍ വിചാരണയുടെ തുടക്കം മുതല്‍ പ്രതിഭാഗം ശ്രമിച്ചിരുന്നു. എന്നാല്‍, പ്രതിക്ക്‌ മാനസിക പ്രശ്‌നമില്ലെന്ന്‌ തെളിയിക്കാന്‍ കഴിഞ്ഞത്‌ പ്രോസിക്യൂഷന്‌ നേട്ടമായി. യാതൊരു പ്രകോപനവുമില്ലാതെ പ്രതി എന്തിന്‌ കൃത്യം നടത്തിയെന്നു കണ്ടെത്താനാണ്‌ അന്വേഷണസംഘം പ്രധാനമായും ശ്രമിച്ചത്‌. സര്‍ക്കാര്‍ ജീവനക്കാരായ സാക്ഷികളുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ആശുപത്രി ജീവനക്കാരെ ആക്രമിച്ചതിനും തെളിവ്‌ നശിപ്പിക്കാന്‍ ശ്രമിച്ചതിനും വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളും പ്രതിക്കുമേല്‍ ചുമത്തിയിട്ടുണ്ട്‌. പ്രതിയും സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. അധ്യാപകനായ ഇയാളെ കൊലപാതകത്തിനു പിന്നാലെ സര്‍വീസില്‍നിന്ന്‌ പിരിച്ചുവിട്ടിരുന്നു.

Ads by Google
Tuesday 17 Mar 2026 11.39 PM
YOU MAY BE INTERESTED