Wednesday, March 18, 2026 Last Updated 6 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
രാജു പോള്‍
രാജു പോള്‍
Tuesday 17 Mar 2026 11.39 PM

ഡോ. വന്ദനാദാസ്‌ വധം: നിയമപോരാട്ടത്തില്‍ നിര്‍ണായകമായത്‌ വൈദ്യപരിശോധനാ മാര്‍ഗരേഖകള്‍ നിരത്തി ആരോഗ്യപ്രവര്‍ത്തക ഡോ. കെ. പ്രതിഭയുടെ ഇടപെടല്‍

പ്രതികളുടെ വൈദ്യപരിശോധനാ വേളയില്‍ മാര്‍ഗരേഖ അടക്കം വൈദ്യ പരിശോധനയ്‌ക്ക്‌ പുതുക്കിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പുറത്ത്‌ വന്നത്‌ ഡോ. കെ. പ്രതിഭ ഹൈക്കോടതി മുഖേന നടത്തിയ നിയമ പോരാട്ടത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു
uploads/news/2026/03/830747/Dr.-K.-Prathibha-Vandana.jpg

കൊച്ചി; ഡോ. വന്ദനാദാസ്‌(23) വധക്കേസില്‍ പ്രതി സന്ദീപ്‌ കുറ്റക്കാരനാണെന്ന്‌ വിധിയില്‍ നിര്‍ണായകമായത്‌ പ്രതിക്കെതിരേ വൈദ്യപരിശോധനാ മാര്‍ഗരേഖകള്‍ നിരത്തി നിയമപോരാട്ടം നടത്തിയ ആരോഗ്യ പ്രവര്‍ത്തക ഡോ. കെ. പ്രതിഭയുടെ ഇടപെടലുകള്‍.
കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയില്‍ ഹൗസ്‌ സര്‍ജനായി ജോലി ചെയ്യുന്നതിനിടെ, 2023 മെയ്‌ 10-ന്‌ പോലീസ്‌ വൈദ്യ പരിശോധനക്കെത്തിച്ച കുടവട്ടൂര്‍ സ്വദേശിയും അധ്യാപകനുമായ സന്ദീപ്‌ ഡോ. വന്ദനാദാസിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ പ്രതി ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്നത്‌ പ്രോസിക്യൂഷനെ കൊണ്ട്‌ എതിര്‍ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ ഓഫീസറായ ഡോ. കെ. പ്രതിഭ സംസ്‌ഥാന പോലീസ്‌ മേധാവിയെയും പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറലിനെയും സമീപിച്ചിരുന്നു.

പ്രതിഭയുടെ പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറല്‍ കൊല്ലം ജില്ലാ പ്രോസിക്യൂഷനു നിര്‍ദേശം നല്‍കി.
കോടതി നിശ്‌ചയിച്ച സമയങ്ങളില്‍ അഭിഭാഷകനെ ഹാജരാക്കാന്‍ പ്രതി സമയം ചോദിക്കുന്നതല്ലാതെ പ്രതിയ്‌ക്കായി അഭിഭാഷകര്‍ സ്‌ഥിരമായി ഹാജരായിരുന്നില്ല. വക്കാലത്തെടുത്ത ഹൈക്കോടതി അഭിഭാഷകരായ രണ്ടു പേര്‍ വിചാരണവേളയുടെ വിവിധ ഘട്ടങ്ങളില്‍ മരണപ്പെട്ടിരുന്നു. ഈ ഘട്ടത്തില്‍ വിചാരണ നടപടികള്‍ തടസപ്പെടുകയും നീട്ടിവയ്‌ക്കുകയും ചെയ്‌തു.

പ്രതികളുടെ വൈദ്യപരിശോധനാ വേളയില്‍ പോലീസ്‌ അല്‌പം അകലം പാലിക്കണമെന്ന മാര്‍ഗരേഖ അടക്കം വൈദ്യ പരിശോധനയ്‌ക്ക്‌ പുതുക്കിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി പുറത്ത്‌ വന്നത്‌ ഡോ. കെ. പ്രതിഭ ഹൈക്കോടതി മുഖേന നടത്തിയ നിയമ പോരാട്ടത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു. സന്ദീപിനെ പ്രതിയായിട്ടല്ല കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയില്‍ കൊണ്ടുവന്നതെന്നും പ്രതികളുടെ വൈദ്യ പരിശോധനാ നിര്‍ദേശങ്ങളും സന്ദീപിന്റെ ചികിത്സയും വ്യത്യസ്‌തമാണെന്നുമുള്ള ഡോ. കെ. പ്രതിഭയുടെ നിലപാട്‌ അംഗീകരിക്കപ്പെട്ടിരുന്നു.

നെടുങ്കണ്ടം കസ്‌റ്റഡി മരണം അന്വേഷിച്ച ജസ്‌റ്റിസ്‌ കെ. നാരായണക്കുറിപ്പിന്റെ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലും ഡോ. കെ. പ്രതിഭയുടെ വൈദ്യ പരിശോധന സംബന്ധിച്ച നിലപാടുകളെ പ്രത്യേകം പരാമര്‍ശിച്ചിരുന്നു.

സന്ദീപിന്‌ മാനസിക സ്‌ഥിരത ഇല്ലെന്നു സ്‌ഥാപിക്കാനാണ്‌ തുടക്കം മുതല്‍ പ്രതിഭാഗം ശ്രമിച്ചത്‌. എന്നാല്‍, പ്രതിക്ക്‌ മാനസിക പ്രശ്‌നം ഇല്ലെന്ന്‌ വൈദ്യ പരിശോധനയിലൂടെ തെളിയിക്കാന്‍ കഴിഞ്ഞത്‌ പ്രോസിക്യൂഷന്‌ നേട്ടമായി. മാനസിക പ്രശ്‌നം ഉണ്ടെന്നു വരുത്തിത്തീര്‍ത്ത്‌ അന്വേഷണം വഴിതിരിച്ചു വിടാന്‍ സന്ദീപ്‌ നടത്തിയ നീക്കങ്ങള്‍ പോലീസ്‌ തുടക്കത്തിലേ തിരിച്ചറിഞ്ഞു.

വന്ദനാദാസിന്റെ ഘാതകന്‍ കുറ്റക്കാരനെന്നു തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വന്ദനയുടെ നീറുന്ന ഓര്‍മ്മ ആരോഗ്യ പ്രവര്‍ത്തകരില്‍ അണയില്ലെന്നും നിലവില്‍ താനൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്‌ടര്‍ കൂടിയായ കെ. പ്രതിഭ 'മംഗള'ത്തോട്‌ പ്രതികരിച്ചു.

രാജു പോള്‍

Ads by Google
രാജു പോള്‍
രാജു പോള്‍
Tuesday 17 Mar 2026 11.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google