കൊച്ചി: നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികളും സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളും തമ്മില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം നടത്തിയ മധ്യസ്‌ഥ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.
ശമ്പള വര്‍ധന ആവശ്യപ്പെട്ടു നഴ്‌സുമാര്‍ സമരം തുടരുന്ന പശ്‌ചാത്തലത്തിലായിരുന്നു ചര്‍ച്ച. ഹൈക്കോടതി മീഡിയേഷന്‍ സെന്ററില്‍ അഡ്വ.പി.എം. മുഹമ്മദ് ഷിറാസിന്റെ മധ്യസ്‌ഥയില്‍ രാവിലെ ആരംഭിച്ച ചര്‍ച്ച വൈകിട്ടു വരെ നീണ്ടെങ്കിലും ആശുപത്രി മാനേജ്‌മെന്റുകളും നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികളും കടുംപിടിത്തം തുടര്‍ന്നു. 23 നു ചര്‍ച്ച തുടരും.
അടിസ്‌ഥാന ശമ്പളം 40,000 രൂപയാക്കണമെന്ന ആവശ്യത്തില്‍ നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികള്‍ ഉറച്ചുനിന്നു. മിനിമം വേതനവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുംവരെ കാത്തിരിക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍ ഉന്നയിച്ചു. സംഘടനാതലത്തില്‍ തീരുമാനമെടുത്തു നിലപാടറിയിക്കാന്‍ മീഡിയേറ്റര്‍ ആവശ്യപ്പെട്ടു. കേരള ൈപ്രവറ്റ് ഹോസ്‌പിറ്റല്‍സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് മധ്യസ്‌ഥ ചര്‍ച്ചയ്‌ക്കു ഹൈക്കോടതി നിര്‍ദേശിച്ചത്. നാളെ വീണ്ടും ഹര്‍ജി പരിഗണിക്കും.