കൊച്ചി: പാലക്കാട് ജില്ലയില്‍ 13 വര്‍ഷത്തിനിടെ 28 കുട്ടികള്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച്, സി.ബി.ഐ. എന്നിവരോടു ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ടുള്ള സാമൂഹിക പ്രവര്‍ത്തകരുടെ ഹര്‍ജിയില്‍ ബാലാവകാശ കമ്മിഷനോടു പ്രാഥമികാന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.
വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ പോലീസ് സ്‌റ്റേഷനിലെ ക്രൈം നമ്പര്‍ 240/2017, ക്രൈം നമ്പര്‍ 43/2017, കസബ പോലീസ് സ്‌റ്റേഷനിലെ ക്രൈം നമ്പര്‍ 35/2011 എന്നിവയുടെ നിലവിലെ സ്‌ഥിതിയെക്കുറിച്ചു സി.ബി.ഐ. വിവരം നല്‍കണം. കൊല്ലങ്കോട് പോലീസ് സ്‌റ്റേഷനിലെ ക്രിമിനല്‍ നമ്പര്‍ 21/2010 സംബന്ധിച്ചാണു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കേണ്ടത്. 23 ന് കേസ് വീണ്ടും പരിഗണിക്കും. അതിനാല്‍, അടിയന്തരമായി റിപ്പോര്‍ട്ടുകള്‍ കൈമാറണമെന്നു സര്‍ക്കാര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
13 വര്‍ഷത്തിനിടയില്‍ 28 കുഞ്ഞുങ്ങള്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്നാണു ഹര്‍ജിക്കാരുടെ വാദം. കുട്ടികളില്‍ പലരും തൂങ്ങിമരിച്ച നിലയിലാണു കാണപ്പെട്ടത്. എങ്കിലും കൊലപാതകത്തിന്റെ സൂചനകള്‍ ഉണ്ടെന്നു സാമൂഹിക പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു. സംശയാസ്‌പദമായ ഇത്തരം മരണങ്ങള്‍ സമാന സ്വഭാവത്തില്‍ ഉണ്ടാകുന്നതും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ്, പ്രാഥമികാന്വേഷണം നടത്താന്‍ ബാലാവകാശ കമ്മിഷനോടു കോടതി നിര്‍ദേശിച്ചത്.
23 കേസുകളില്‍, തുടര്‍ നടപടികള്‍ ഉപേക്ഷിച്ചുവെന്ന നിഗമനത്തോടെ, അതതു സബ്-ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതികളില്‍ അന്തിമ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. നാലുകേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതായി കോടതി നിരീക്ഷിച്ചു. അന്വേഷണപുരോഗിതിയും വിചാരണയുടെ നിലവിലെ ഘട്ടവും അന്വേഷണ ഏജന്‍സികള്‍ അറിയിക്കണമെന്നാണു ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ചിന്റെ വിധി.
എന്നാല്‍ 2010 മുതല്‍ 2023 വരെയുള്ള കാലത്ത് കുട്ടികള്‍ മരിച്ചത് തമ്മില്‍ ബന്ധിപ്പിക്കുന്ന എന്തെങ്കിലും ഘടകമുണ്ടോയെന്നു ചീഫ് ജസ്‌റ്റിസ് ഹര്‍ജിക്കാരോടു ചോദിച്ചിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവാം, പരസ്‌പരം ബന്ധം ഇല്ലാത്തതാകാം, എന്തു സാഹചര്യത്തിലാണു ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളും ഡിവിഷന്‍ ബെഞ്ച് ഉന്നയിച്ചിരുന്നു.
മൃതദേഹങ്ങളില്‍ പലതും, ആന്തരികാവയവങ്ങള്‍ക്കു പരുക്കേറ്റ നിലയിലാണെന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. പക്ഷേ, അന്വേഷണം മുന്നോട്ടുപോകാതെ മരണങ്ങള്‍ ആത്മഹത്യ എന്നാണു കണ്ടെത്തല്‍. ഇത്തരം കാര്യങ്ങളില്‍ സമഗ്ര അന്വേഷണം വേണമെന്നും, പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ജെബി പോള്‍