Wednesday, March 18, 2026 Last Updated 23 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 17 Mar 2026 11.39 PM

തന്ത്രിക്കെതിരേ തെളിവില്ലെന്ന പരാമര്‍ശങ്ങള്‍ക്ക് സ്‌റ്റേ, സര്‍ക്കാരിന്‌ ആശ്വാസം; അനിശ്ചിതത്വത്തിലായ അന്വേഷണം വേഗത്തിലാക്കാന്‍ എസ്.ഐ.ടി.

വിജിലന്‍സ്‌ കോടതി ഉത്തരവിനേതുടര്‍ന്നു അന്വേഷണത്തിന്റെ വേഗം കുറഞ്ഞിരുന്നു. എസ്‌.ഐ.ടിയുടെ അപ്പീലില്‍ തന്ത്രിക്കു ഹൈക്കോടതി നോട്ടീസ്‌ അയച്ചതോടെ അനിശ്‌ചിതത്വത്തിലായ അന്വേഷണ നടപടി ഇനി ഊര്‍ജിതമാകും.
uploads/news/2026/03/830740/Kandararu-Rajeevaru.jpg

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയുടെ പങ്ക്‌ തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന കൊല്ലം വിജിലന്‍സ്‌ കോടതി ഉത്തരവ്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തതോടെ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌.ഐ.ടി.) നീക്കങ്ങള്‍ വേഗത്തിലാവും. വിജിലന്‍സ്‌ കോടതി ഉത്തരവിനേതുടര്‍ന്നു അന്വേഷണത്തിന്റെ വേഗം കുറഞ്ഞിരുന്നു. എസ്‌.ഐ.ടിയുടെ അപ്പീലില്‍ തന്ത്രിക്കു ഹൈക്കോടതി നോട്ടീസ്‌ അയച്ചതോടെ അനിശ്‌ചിതത്വത്തിലായ അന്വേഷണ നടപടി ഇനി ഊര്‍ജിതമാകും.

സ്വര്‍ണപ്പാളികളുടെ പരിശോധനാഫലം വന്നശേഷം കൂടുതല്‍ നടപടികളിലേക്കു കടക്കും. വിശദമായ അന്വേഷണം നടക്കുന്നതിനാല്‍, കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുവര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണു അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. തന്ത്രിക്കെതിരേ തെളിവില്ലെന്ന വിചാരണക്കോടതി പരാമര്‍ശങ്ങളാണു ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്‌. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതി പരിഗണിക്കുകയും ചെയ്‌തതു സര്‍ക്കാരിനു ആശ്വാസമാണ്‌. തെരഞ്ഞെടുപ്പ്‌ അടുത്ത അവസരത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്‌തു.

തെരഞ്ഞെടുപ്പുകഴിയും വരെ മറ്റു കോടതി നടപടികള്‍ക്കു സാധ്യതയുമില്ല. തന്ത്രിയെ സര്‍ക്കാര്‍ ബലിയാടാക്കുകയായിരുന്നുവെന്നാണു പ്രതിപക്ഷ ആരോപണം. ഇതു ശരിവയ്‌ക്കുന്നതായിരുന്നു വിജിലന്‍സ്‌ കോടതി വിധി. കേസിന്റെ ഭാവിതന്നെ ഇല്ലാതാക്കുന്ന വിധി മറികടക്കുക എന്നത്‌ എസ്‌.ഐ.ടിക്ക്‌ വെല്ലുവിളിയായിരുന്നു.

41-ാം ദിവസമാണു ജാമ്യം നേടി തന്ത്രി പുറത്തിറങ്ങിയത്‌. ഇതോടെ എസ്‌.ഐ.ടി. അന്വേഷണത്തിന്റെ പ്രസക്‌തിതന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. തന്ത്രിയുടെ പങ്കു തെളിയിക്കാന്‍ എസ്‌.ഐ.ടിക്കു കഴിഞ്ഞില്ലെന്നും രണ്ടുകേസുകളിലും തന്ത്രിയുടെ പങ്കിനു തെളിവുകളില്ലെന്നുമാണു ജാമ്യ ഉത്തരവില്‍ പറഞ്ഞിരുന്നത്‌. എസ്‌.ഐ.ടിയുടെ വാദങ്ങള്‍ തള്ളിയായിരുന്നു ജാമ്യ ഉത്തരവ്‌. ശ്രീകോവിലിനു പുറത്തുളള വസ്‌തുക്കളില്‍ തന്ത്രിക്ക്‌ ഉത്തരവാദിത്തമില്ല. അറ്റകുറ്റപ്പണികള്‍ നടത്തുന്നതില്‍ തന്ത്രിക്കു ചുമതലയില്ല. ശില്‍പ്പങ്ങളും പാളികളും സ്വര്‍ണം പൂശുന്നതു പൂജാവിധിയോ ആചാരമോ അല്ല. മഹസറുകളില്‍ തന്ത്രി ഒപ്പിട്ടിട്ടില്ല. ഗൂഢാലോചന വാദം നിലനില്‍ക്കില്ലെന്നുമാണു ജാമ്യ ഉത്തരവില്‍ കോടതി പറഞ്ഞിരുന്നത്‌.

എന്നാല്‍, തന്ത്രിയും ഒന്നാം പ്രതി പോറ്റിയും തമ്മിലുള്ള ബന്ധത്തിന്‌ നിരവധി തെളിവുകളുണ്ടെന്നു ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. 2002 ബംഗളരുവില്‍ ഇരുവരും പല ഘട്ടത്തില്‍ ഒരുമിച്ചു കണ്ടിട്ടുണ്ട്‌. ശ്രീരാംപുര ക്ഷേത്രത്തിലെ പോറ്റിയുടെ ജോലി പോയപ്പോള്‍ ബംഗളുരുവിലെ മഹാലക്ഷ്‌മി ക്ഷേത്രത്തല്‍ ശാന്തിക്കാരനാക്കാന്‍ തന്ത്രി ശ്രമിച്ചിരുന്നു.

2017 ല്‍ പ്രതി ഗോവര്‍ധന്റെ വീട്ടിലെ പൂജയ്‌ക്കു തന്ത്രിയെ എത്തിച്ചതു പോറ്റിയായിരുന്നു. ഇതിനു ഫോട്ടോ അടക്കമുള്ള തെളിവുകളുണ്ട്‌. ശബരിമലയില്‍ പോറ്റിയെ പ്രവേശിപ്പിച്ചതു തന്ത്രി കുടുംബമാണെന്നും എസ്‌.ഐ.ടി. അപ്പീലില്‍ പറയുന്നു. സ്വര്‍ണപ്പാളി കടത്താന്‍ പോറ്റിയും തന്ത്രിയും മറ്റുപ്രതികളും ചേര്‍ന്ന ഗൂഢാലോചന നടത്തിയതിനും തെളിവുണ്ടെന്നും ഹര്‍ജിയില്‍ എസ്‌.ഐ.ടി വ്യക്‌തമാക്കിയിട്ടുണ്ട്‌.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 17 Mar 2026 11.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google