Tuesday, March 17, 2026 Last Updated 13 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Mar 2026 01.34 PM

ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി; വര്‍ഗ്ഗീസ്‌ജോര്‍ജ് കൊടുങ്ങല്ലൂരില്‍ ട്വന്റി20ക്കുവേണ്ടി മത്സരിക്കും

uploads/news/2026/03/830663/varghes-george.jpg

കൊച്ചി: മകള്‍ മറിയം ഉമ്മന്റെ പേരിന് പിന്നാലെ ഉമ്മന്‍ ചാണ്ടിയുടെ മരുമകനായിരുന്ന വര്‍ഗീസ് ജോര്‍ജും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. എന്‍.ഡി.എയിലെ പ്രമുഖ ഘടക കക്ഷിയായ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി കൊടുങ്ങല്ലൂരില്‍ മത്സരിക്കുമെന്നാണ് വിവരം. അഞ്ചു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ട്വന്റി20 പുറത്തുവിട്ട മൂന്നാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലാണ് വര്‍ഗീസ് ജോര്‍ജ് ഉള്‍പ്പെട്ടിരിക്കുന്നത്.

തൃശൂരിലെ ചാലക്കുടി, കൊടുങ്ങല്ലൂര്‍, എറണാകുളം ജില്ലയിലെ പിറവം, പത്തനംതിട്ട ജില്ലയിലെ റാന്നി എന്നീ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടികയാണ് പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് പുറത്തുവിട്ടത്. 2021ലാണ് വര്‍ഗീസ് ജോര്‍ജ് ട്വന്റി 20-യില്‍ അംഗമായത്. തുടര്‍ന്ന് പാര്‍ട്ടിയുടെ ഉപദേശക സമിതി അംഗമായും പ്രവര്‍ത്തിച്ചു. നിലവില്‍ ട്വന്റി 20 കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റാണ് അദ്ദേഹം. പി.എച്ച്.ഡി ബിരുദധാരിയും, എഞ്ചിനിയറിംഗ് മേഖലയിലും, മാനേജ്‌മെന്റ് മേഖലയിലും സ്വദേശത്തും, വിദേശത്തും വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയമുള്ള ഡോ. വര്‍ഗീസ് ജോര്‍ജ് ട്വന്റി20 പാര്‍ട്ടിയുടെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് കൂടിയാണ്.

ഹൈക്കോടതി അഭിഭാഷകനും ട്വന്റി20 പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗവുമായ അഡ്വ.ചാര്‍ളി പോളാണ് ചാലക്കുടി നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി. ഇത് രണ്ടാം തവണയാണ് പാര്‍ട്ടിക്ക് വേണ്ടി ചാര്‍ളിപോള്‍ മത്സരത്തിറങ്ങുന്നത്. ചാലക്കുടിയില്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ട്വന്റി20യുടെ സ്ഥാനാര്‍ത്ഥിയായ ആളാണ്. സിറോ മലബാര്‍ സഭയുടെ പി.ആര്‍.ഒ സമിതി അംഗം, കാത്തലിക്ക് കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗം തുടങ്ങി വിവിധ മേഖലകളില്‍ പ്രര്‍ത്തിച്ചിട്ടുള്ള ചാര്‍ളി പോള്‍ മണ്ഡലത്തില്‍ സുപരിചിതനാണ്.

പിറവത്ത് ജിബി അബ്രാഹമും, റാന്നിയില്‍ തോമസ് കെ. സാമുവലും ജനവിധി തേടും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മില്‍ നിന്നും തിരുവാണിയൂര്‍ പഞ്ചായത്ത് പിടിച്ചെടുത്തപ്പോള്‍ അമരക്കാരന്‍ ജിബിയായിരുന്നു. സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനായ തോമസ് കെ. സാമുവല്‍ ആദ്യമായിട്ടാണ് ജനവിധി തേടുന്നത്. കൂടുതല്‍ സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനവും ട്വന്റി20 ഉടന്‍ നടത്തും.

Ads by Google
Tuesday 17 Mar 2026 01.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google