Tuesday, March 17, 2026 Last Updated 21 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 16 Mar 2026 11.36 PM

കെ.സിക്ക്‌ മത്സരിക്കണം, മുഖ്യമന്ത്രിയാകണം; എം.പിമാര്‍ മത്സരിച്ചാല്‍ രമേശും സതീശനും മാറിനില്‍ക്കും, കെ. സുധാകരന്റെ സമ്മര്‍ദം കൃത്യമായ രാഷ്‌ട്രീയ അജന്‍ഡ

കണ്ണൂരില്‍ സുധാകരനെ സ്‌ഥാനാര്‍ഥിയാക്കേണ്ടി വരും. ഇതിന്റെ ഗുണഭോക്‌താവായി കെ.സി. മാറും. കേരളത്തില്‍ കോണ്‍ഗ്രസ്‌ അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിസ്‌ഥാനത്തേക്ക്‌ അവകാശവാദമുന്നയിക്കുകയാണ്‌ കെ.സി. വേണുഗോപാലിന്റെ ലക്ഷ്യം.
uploads/news/2026/03/830554/VD-RC-KC.jpg

തിരുവനന്തപുരം; നിയമസഭാ സ്‌ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ പുകയുന്ന തര്‍ക്കങ്ങള്‍ പുതിയ തലത്തിലേക്ക്‌. കെ.പി.സി.സി. പ്രസിഡന്റ്‌ കെ. സുധാകരന്‌ സീറ്റ്‌ നിഷേധിക്കുന്ന ഹൈക്കമാന്‍ഡ്‌ നിലപാടിനു പിന്നില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ കൃത്യമായ രാഷ്‌ട്രീയ അജന്‍ഡയെന്ന സൂചനകള്‍ പുറത്തുവരുന്നു. എം.പിമാരെ മത്സരിപ്പിക്കുന്നതിലൂടെ സംസ്‌ഥാന രാഷ്‌ട്രീയത്തില്‍ പിടിമുറുക്കാനാണ്‌ കെ.സിയുടെ നീക്കം.

കെ. സുധാകരന്‌ സീറ്റ്‌ നല്‍കില്ലെന്ന സമ്മര്‍ദം ശക്‌തമാക്കുന്നതിന്‌ പിന്നില്‍ തിരക്കഥയുണ്ടെന്നാണ്‌ പാര്‍ട്ടിയിലെ സംസാരം. കടുത്ത സമ്മര്‍ദത്തിനൊടുവില്‍ സുധാകരന്‍ സീറ്റ്‌ നേടിയെടുക്കുമ്പോള്‍, അതേ മാതൃകയില്‍ ആറ്റിങ്ങല്‍ എം.പി. അടൂര്‍ പ്രകാശും കോന്നിയില്‍ മത്സരിക്കണമെന്ന ആവശ്യം ഉന്നയിക്കും. ഇത്തരത്തില്‍ മുതിര്‍ന്ന എം.പിമാര്‍ നിയമസഭയിലേക്കു മത്സരിക്കുമ്പോള്‍ സ്വാഭാവികമായും കെ.സി. വേണുഗോപാലിനും ആലപ്പുഴയില്‍ സ്‌ഥാനാര്‍ഥിയാകാന്‍ വഴിതെളിയും.

ഇന്ന്‌ സുധാകരന്‍ ഡല്‍ഹിയിലെത്തും. കണ്ണൂരില്‍ സുധാകരനെ സ്‌ഥാനാര്‍ഥിയാക്കേണ്ടി വരും. ഇതിന്റെ ഗുണഭോക്‌താവായി കെ.സി. മാറും. കേരളത്തില്‍ കോണ്‍ഗ്രസ്‌ അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിസ്‌ഥാനത്തേക്ക്‌ അവകാശവാദമുന്നയിക്കുകയാണ്‌ കെ.സി. വേണുഗോപാലിന്റെ ലക്ഷ്യം.

ഈ നീക്കം പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശനെയും രമേശ്‌ ചെന്നിത്തലയെയും പ്രകോപിപ്പിച്ചിട്ടുണ്ട്‌. എം.പിമാര്‍ കൂട്ടത്തോടെ നിയമസഭയിലേക്കു മത്സരിക്കുകയാണെങ്കില്‍ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന നിലപാടിലാണ്‌ ഇരുവരും. കെ.സി. മത്സരിക്കാനെത്തുന്നത്‌ തങ്ങളുടെ മുഖ്യമന്ത്രി സാധ്യതകള്‍ക്ക്‌ മങ്ങലേല്‍പ്പിക്കുമെന്ന്‌ ഇവര്‍ ഭയക്കുന്നു. അങ്ങനെ രണ്ടുപേരും മത്സരിക്കാതെ ഇരുന്നാല്‍ അത്‌ കോണ്‍ഗ്രസിന്റെ സാധ്യതകളെയും ബാധിക്കും.

തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌. വിജയിച്ചാല്‍ കെ.സി. വേണുഗോപാലിനെ മുന്‍നിര്‍ത്തിയുള്ള നീക്കങ്ങള്‍ ഗ്രൂപ്പ്‌ സമവാക്യങ്ങളെ തകര്‍ക്കുമെന്നാണ്‌ എ,.ഐ ഗ്രൂപ്പുകളുടെ വിശ്വാസം. ഇതിനെ പ്രതിരോധിക്കാനാണ്‌ ചെന്നിത്തലയുടെ ശ്രമം.

കെ.സി. വേണുഗോപാല്‍ മത്സരിക്കുകയാണെങ്കില്‍ സ്‌ഥാനാര്‍ഥിയായി പരിഗണിക്കേണ്ടെന്ന്‌ ചെന്നിത്തല അറിയിച്ചിട്ടുണ്ട്‌. സതീശനും സമാന നിലപാടിലാണ്‌. സുധാകരന്‍ മത്സരിക്കുന്നതിനെ ചെന്നിത്തലയും വി.ഡിയും എതിര്‍ക്കുന്നില്ല. കൂട്ടത്തോടെ എം.പിമാര്‍ മത്സരിക്കുന്നതിനെ മാത്രമാണ്‌ അവര്‍ എതിര്‍ക്കുന്നത്‌. ഇത്‌ കെ.സിയെ തടയാനാണെന്നും വ്യക്‌തം.

Ads by Google
സ്വന്തം ലേഖകന്‍
Monday 16 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google