Tuesday, March 17, 2026 Last Updated 4 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Mar 2026 11.36 PM

സി.പി.എമ്മില്‍ വിമതവിപ്ലവം! ,കണ്ണൂരില്‍ ഗോവിന്ദന്‍ സ്‌ 'മാഷ്‌'

uploads/news/2026/03/830551/k1.jpg

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിനൊപ്പം സ്‌ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ട്‌ കളംനിറഞ്ഞ സി.പി.എമ്മില്‍ മുമ്പ്‌ കേട്ടുകേള്‍വിയില്ലാത്ത വിധം വിമതനീക്കവും കൂട്ടക്കൊഴിച്ചിലും രൂക്ഷം.
മുന്‍ എം.എല്‍.എമാരായ ഐഷാ പോറ്റി, എസ്‌. രാജേന്ദ്രന്‍, പി.കെ.ശശി, മുന്‍മന്ത്രി ജി. സുധാകരന്‍ എന്നിവര്‍ക്കു പിന്നാലെ, സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ കണ്ണൂര്‍ തളിപ്പറമ്പിലെ മുതിര്‍ന്നനേതാവ്‌ ടി.കെ. ഗോവിന്ദനും പാര്‍ട്ടി വിട്ടു. അമ്പലപ്പുഴയില്‍ സുധാകരനും തളിപ്പറമ്പില്‍ ടി.കെ. ഗോവിന്ദനും സ്വതന്ത്രസ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ ഇരുവര്‍ക്കും യു.ഡി.എഫ്‌. പിന്തുണ നല്‍കാന്‍ സാധ്യതയേറി.
തളിപ്പറമ്പില്‍ പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്‌ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ്‌ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിലെ ഏറ്റവും മുതിര്‍ന്ന അംഗമായ ടി.കെ. ഗോവിന്ദന്‍ പരസ്യമായി ഇടഞ്ഞ്‌ സ്വതന്ത്രസ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്‌. അണികള്‍ ഗോവിന്ദന്‍ മാഷെന്നു വിളിക്കുന്ന, മുന്‍അധ്യാപകന്‍ കൂടിയായ ടി.കെ. ഗോവിന്ദന്‍, സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ 'മാഷി'നെ അതിരൂക്ഷമായ ഭാഷയിലാണ്‌ പത്രസമ്മേളനത്തില്‍ വിമര്‍ശിച്ചത്‌.

മൂന്നുതവണ ഞാന്‍;
നാലാംതവണ ഭാര്യ!

തളിപ്പറമ്പില്‍ മൂന്നുതവണ എം.എല്‍.എയായ എം.വി. ഗോവിന്ദന്‍ നാലാംതവണ ആ കസേരയില്‍ ഭാര്യയെ പിടിച്ചിരുത്തുന്ന നയത്തോട്‌ യോജിപ്പില്ലെന്ന്‌ ടി.കെ. ഗോവിന്ദന്‍ വ്യക്‌തമാക്കി. ഇക്കാര്യം എം.വി. ഗോവിന്ദനോട്‌ നേരിട്ട്‌ പറഞ്ഞിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
പാര്‍ട്ടി സെക്രട്ടറിയായതിനാല്‍ നാലാമതും എം.എല്‍.എയാകാന്‍ കഴിയില്ല. അതുകൊണ്ട്‌ ഭാര്യയെ എം.എല്‍.എയാക്കാന്‍ ശ്രമിക്കുന്നു. ശ്യാമള സ്‌ഥാനാര്‍ഥിയായാല്‍ തളിപ്പറമ്പില്‍ സി.പി.എം. തോല്‍ക്കുമെന്നും ടി.കെ. ഗോവിന്ദന്‍ പറഞ്ഞു.
വനിതയെങ്കില്‍ സുകന്യയില്ലേ?

പാര്‍ട്ടിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ചില പ്രവണതകളെ ശക്‌തമായി എതിര്‍ത്തിട്ടുണ്ട്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടി സംഘടനാരീതിക്കും ധാര്‍മികതയ്‌ക്കും നിരക്കാത്ത തീരുമാനമാണുണ്ടായത്‌. കണ്ണൂരില്‍ വനിതയെ മത്സരിപ്പിക്കണമെന്നും അത്‌ തളിപ്പറമ്പില്‍ പി.കെ. ശ്യാമളയായിരിക്കണമെന്നും ജില്ലാ സെക്രട്ടറി നിര്‍ദേശിച്ചു. പയ്യന്നൂരില്‍ മത്സരിക്കേണ്ടത്‌ രക്‌തസാക്ഷി ഫണ്ട്‌ വെട്ടിപ്പില്‍ ആരോപണവിധേയനായ നിലവിലെ എം.എല്‍.എ: ടി.ഐ. മധുസൂദനനാകണമെന്നും നിര്‍ദേശിച്ചു.
രണ്ട്‌ നിര്‍ദേശത്തോടും ജില്ലാ സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ കടുത്ത എതിര്‍പ്പുയര്‍ന്നു. താനായിരുന്നു അധ്യക്ഷന്‍.
തളിപ്പറമ്പില്‍ വനിതയെ മത്സരിപ്പിക്കണമെങ്കില്‍ എന്തുകൊണ്ട്‌ മഹിളാ അസോസിയേഷന്‍ നേതാവ്‌ എന്‍. സുകന്യ ആയിക്കൂടായെന്ന ചോദ്യമുയര്‍ന്നു. ഭിന്നാഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടതില്ലെന്നും മേല്‍കമ്മിറ്റിയെ അറിയിക്കാമെന്നുമാണ്‌ എം.വി. ജയരാജന്‍ പറഞ്ഞത്‌. എന്നാല്‍, ശ്യാമളയുടെ പേര്‌ മാത്രമാണ്‌ സംസ്‌ഥാന സെക്രട്ടേറിയറ്റിലേക്കു പോയത്‌. ഒരാളെ സ്‌ഥാനാര്‍ഥിയാക്കാന്‍ എത്ര ആസൂത്രിതശ്രമമാണ്‌ നടന്നതെന്ന്‌ ഇതിലൂടെ വ്യക്‌തമാകും. തീരുമാനം മണ്ഡലം കമ്മിറ്റിയില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോള്‍ മൂന്നുപേരൊഴികെ എല്ലാവരും എതിര്‍ത്തു. തുടര്‍ന്ന്‌, പി. ജയരാജനെയും എം.വി. ജയരാജനെയും തന്നെയും തളിപ്പറമ്പ്‌ മണ്ഡലത്തിന്റെ ചുമതലക്കാരാക്കി. എം.വി. ഗോവിന്ദന്‍ ആ യോഗത്തിലുണ്ടായിരുന്നു. ഈ നയത്തോടു യോജിപ്പില്ലെന്ന്‌ അദ്ദേഹത്തോട്‌ നേരിട്ടു പറഞ്ഞ്‌ ചുമതലയില്‍നിന്ന്‌ ഒഴിഞ്ഞു.
പി. ജയരാജനെ ഒതുക്കി

ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ മരണത്തിന്‌ ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന്‌ പറഞ്ഞതിന്റെ പേരിലാണ്‌ പി. ജയരാജന്‍ അടക്കമുള്ളവരെ പാര്‍ട്ടി ഒതുക്കിയത്‌. ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ വടകരയില്‍ മത്സരിപ്പിച്ചു. തോറ്റശേഷം വീണ്ടും ജില്ലാ സെക്രട്ടറിയാക്കിയില്ല.
എന്നാല്‍, കോട്ടയത്ത്‌ ജില്ലാ സെക്രട്ടറി മത്സരിച്ച്‌ തോറ്റപ്പോള്‍ അദ്ദേഹത്തെ വീണ്ടും സെക്രട്ടറിയാക്കി. സാജന്റെ മരണത്തില്‍ നിലപാട്‌ സ്വീകരിച്ച ഞങ്ങളെല്ലാം എം.വി. ഗോവിന്ദന്റെ നോട്ടപ്പുള്ളികളായി. താന്‍ നഗരസഭാധ്യക്ഷയായിരിക്കുന്നിടത്തോളം സാജന്റെ സ്‌ഥാപനത്തിന്‌ ലൈസന്‍സ്‌ കൊടുക്കില്ലെന്നു പറഞ്ഞത്‌ പി.കെ. ശ്യാമളയാണ്‌.

ശൈലജയെ നാടുകടത്തി

കെ.കെ. ശൈലജയെ പേരാവൂരിലേക്ക്‌ നാടുകടത്തിയത്‌ ഒതുക്കാനാണോ ശരിപ്പെടുത്താനാണോ? പേരാവൂര്‍ പിടിച്ചെടുക്കാനാണെങ്കില്‍ 70 പിന്നിട്ട ശൈലജയെ കൊണ്ടുപോയിട്ടാണോ പിടിച്ചെടുക്കുക? ടീച്ചര്‍ നിയമസഭയില്‍ വേണമെന്ന അഭിപ്രായമുണ്ടെങ്കില്‍ മട്ടന്നൂരില്‍ത്തന്നെയല്ലേ നിര്‍ത്തേണ്ടത്‌. ടീച്ചറെ നാടുകടത്തുകയും തന്റെ ഭാര്യ മത്സരിക്കണമെന്നു പറയുകയും ചെയ്യുന്നതിന്റെ നീതി എന്താണ്‌?

ആന്തൂര്‍ സാജന്റെ മരണം:
രേഖകള്‍ കാണാതായി

ആന്തൂരിലെ സാജന്റെ മരണവുമായി ബന്ധപ്പെട്ട ചില സുപ്രധാനരേഖകള്‍ നഗരസഭാ ഓഫീസില്‍നിന്ന്‌ കാണാതായി. അതിനു നിയോഗിക്കപ്പെട്ട ആളുകള്‍ ഇപ്പോഴും അവിടെയുണ്ട്‌. അന്ന്‌ ഏരിയാ കമ്മിറ്റിയുടെ ചുമതല തനിക്കായിരുന്നു. ശ്യാമളയാണ്‌ സാജന്റെ മരണത്തിന്‌ ഉത്തരവാദിയെന്ന്‌ വ്യാപക ആരോപണമുയര്‍ന്നു.
കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പൊതുയോഗത്തില്‍ ശ്യാമളയെ ന്യായീകരിക്കാതിരുന്ന പി. ജയരാജനും ആ നിലപാട്‌ സ്വീകരിച്ച ഞങ്ങളെല്ലാവരും എം.വി. ഗോവിന്ദന്റെ നോട്ടപ്പുള്ളികളായി. ശ്യാമള കുറ്റക്കാരിയെല്ലന്നാണ്‌ പോലീസ്‌ കണ്ടെത്തിയെങ്കിലും ചില പ്രധാനരേഖകള്‍ കാണാതായെന്ന ഗുരുതര ആരോപണവും ടി.കെ. ഗോവിന്ദന്‍ ഉന്നയിച്ചു.

Ads by Google
Monday 16 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google