Wednesday, March 18, 2026 Last Updated 1 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Mar 2026 11.36 PM

ഓര്‍മകളുടെ ഇടനാഴികളിലൂടെ ഒരിക്കല്‍ക്കൂടി സെബാസ്‌റ്റ്യന്‍ പോള്‍

uploads/news/2026/03/830548/k10.jpg

കൊച്ചി; മറ്റൊരു തെരഞ്ഞെടുപ്പുകാലം കൂടി ഉണരുമ്പോള്‍ ജനപ്രതിനിധിയെന്ന നിലയില്‍ ഒരു വ്യാഴവട്ടക്കാലം എറണാകുളം മണ്ഡലത്തെ പ്രതിനിധീകരിച്ച ഡോ. സെബാസ്‌റ്റ്യന്‍ പോള്‍ പാര്‍ലമെന്റിന്റെ ഇടനാഴികളിലൂടെ ഒരിക്കല്‍ക്കൂടി നടന്നു. അതാകട്ടെ, തന്റെ ജീവിതം ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ ദൃശ്യങ്ങള്‍ക്കു വേണ്ടിയും. നടനും എഴുത്തുകാരനുമായ സംവിധായകന്‍ മധുപാലിന്റെ നിര്‍ദ്ദേശാനുസരണമാണ്‌ മുന്‍ ജനപ്രതിനിധി ഇന്നലെ ക്യാമറയ്‌ക്ക്‌ മുന്നില്‍ ചലിച്ചത്‌.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെ ജീവിതകഥ കേരള മീഡിയ അക്കാദമി ഡോക്യുമെന്ററിയാക്കുന്നതിന്റെ ഭാഗമായാണ്‌ മധുപാലിന്റെ സംവിധാനത്തിലുള്ള ചിത്രീകരണം. കടുത്ത സുരക്ഷാക്രമീകരണങ്ങളുള്ള പഴയ പാര്‍ലമെന്റ്‌ മന്ദിരത്തില്‍ സെബാസ്‌റ്റ്യന്‍ പോളിന്റെ ഓര്‍മ്മകള്‍ തങ്ങിനില്‍ക്കുന്ന ഇടങ്ങളിലാണ്‌ പ്രത്യേകാനുമതിയോടെ ചിത്രീകരണം നടന്നത്‌. ഇതിന്റെ അടുത്തഘട്ടം കേരള നിയമസഭാ മന്ദിരത്തില്‍ നടക്കും.
രാജേഷ്‌ തില്ലങ്കേരിയുടെ തിരക്കഥയിലുള്ള ഡോക്യുമെന്ററിയുടെ ഭാഗമായി നേരത്തെ എറണാകുളം ലോ കോളജിലും മഹാരാജാസ്‌ കോളജ്‌ അങ്കണത്തിലും സെബാസ്‌റ്റ്യന്‍ പോളിന്റെ ജീവിതവുമായി അടുത്തുനില്‍ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. സെന്റ്‌ ആല്‍ബര്‍ട്ട്‌സ്‌ കോളജ്‌, കൊച്ചി സര്‍വകലാശാല എന്നിവിടങ്ങളിലും ഓര്‍മകളുടെ വഴിത്താരകളിലൂടെ അദ്ദേഹം ഇനി നടക്കും. കമ്യൂണിസ്‌റ്റ്‌ സഹയാത്രികനും മാധ്യമവിമര്‍ശകനും എറണാകുളത്തുനിന്നുള്ള മുന്‍ ലോക്‌സഭാംഗവും നിയമസഭാംഗവുമാണ്‌ എഴുപത്തൊമ്പതുകാരനായ സെബാസ്‌റ്റ്യന്‍ പോള്‍. ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ വിമര്‍ശകരുടെ പട്ടികയില്‍ അദ്ദേഹത്തിനുമുണ്ട്‌ സ്‌ഥാനം!
വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ദൂരദര്‍ശന്‍ നിര്‍മിച്ച ടെലിഫിലിമിനുവേണ്ടി നടന്‍ സൈനുദ്ദീനൊപ്പം അഭിനയിച്ചശേഷം മൂവി ക്യാമറയ്‌ക്കു മുന്നിലെത്തുന്നത്‌ ഇപ്പോഴാണെന്ന്‌ സെബാസ്‌റ്റ്യന്‍ പോള്‍ ഓര്‍ക്കുന്നു. ഔറംഗസീബ്‌ ചക്രവര്‍ത്തിയുടെ വേഷത്തിലാണ്‌ 'മാവേലി കണ്ട ഡല്‍ഹി' എന്ന ടെലിഫിലിമില്‍ അന്നഭിനയിച്ചത്‌.
1997 ലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്ത്‌ ഇടതുമുന്നണിയുടെ പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചാണ്‌ സെബാസ്‌റ്റ്യന്‍ പോള്‍ ആദ്യമായി ലോക്‌സഭയിലെത്തിയത്‌. കോണ്‍ഗ്രസിലെ ആന്റണി ഐസക്കിനെയാണ്‌ അദ്ദേഹം പരാജയപ്പെടുത്തിയത്‌. 1997 ല്‍ സേവ്യര്‍ അറയ്‌ക്കല്‍, 2003 ല്‍ ജോര്‍ജ്‌ ഈഡന്‍ എന്നിവരുടെ മരണത്തെത്തുടര്‍ന്ന്‌ എറണാകുളത്തു നടന്ന ഉപതെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷ സ്വതന്ത്രനായി അദ്ദേഹം മണ്ഡലത്തില്‍ നിറഞ്ഞിരുന്നു.

രാജു പോള്‍

Ads by Google
Monday 16 Mar 2026 11.36 PM
YOU MAY BE INTERESTED