ന്യൂഡല്‍ഹി/തിരുവനന്തപുരം: പാര്‍ട്ടികളിലെ പടലപ്പിണക്കങ്ങള്‍ പരിഹരിക്കാന്‍പോലും ഇനി സമയമില്ല! മൂന്ന് മുന്നണികള്‍ക്കും ഇന്നുമുതല്‍ 'വോട്ടിനോട്ടം' തുടങ്ങാം. വിഷുവിനുശേഷം ഏപ്രില്‍ മൂന്നാംവാരത്തോടെ പ്രതീക്ഷിക്കപ്പെട്ട കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഇന്നേയ്‌ക്ക് 25-ാം നാള്‍ തീയതി കുറിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ്.
കേരളം ആര് ഭരിക്കുമെന്നറിയാന്‍ പിന്നെയും ഒരുമാസത്തോളം കാത്തിരിക്കണം. മേയ് നാലിനാണ് വോട്ടെണ്ണല്‍. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി 23. സൂക്ഷ്‌മപരിശോധന 24-ന്, പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി 26.
കേരളം, തമിഴ്‌നാട്, പശ്‌ചിമബംഗാള്‍, അസം, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. വോട്ടെടുപ്പ് പല ഘട്ടങ്ങളിലായാണെങ്കിലും എല്ലായിടത്തും മേയ് നാലിനാണ് വോട്ടെണ്ണല്‍. കേരളത്തിനൊപ്പം അസമിലും പുതുച്ചേരിയിലും ഏപ്രില്‍ ഒമ്പതിനു വോട്ടെടുപ്പ് നടക്കും. തമിഴ്‌നാട്ടില്‍ ഏപ്രില്‍ 23-ന്, പശ്‌ചിമബംഗാളില്‍ ഏപ്രില്‍ 23, 29 തീയതികളില്‍.
ഫലപ്രഖ്യാപനത്തിനുശേഷം മേയ് ആറിനു മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കും. കേരളത്തില്‍ ഇന്ന് വിജ്‌ഞാപനം പുറപ്പെടുവിക്കുന്നതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍വരും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ സി.പി.എമ്മും സി.പി.ഐയും സ്‌ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടു.
234 അംഗ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്‌ഞാപനം 30-ന് പുറപ്പെടുവിക്കും. പത്രികാ സമര്‍പ്പണം ഏപ്രില്‍ ആറുവരെ. പിറ്റേന്ന് സൂക്ഷ്‌മപരിശോധന. ഏപ്രില്‍ 9 വരെ പത്രിക പിന്‍വലിക്കാം. പുതുച്ചേരി നിയമസഭയുടെ അംഗബലം മുപ്പതാണ്. അസമില്‍ 126. രണ്ടിടത്തും കേരളത്തിനൊപ്പം ഇന്ന് വിജ്‌ഞാപനം പുറപ്പെടുവിക്കും. 294 അംഗ പശ്‌ചിമബംഗാള്‍ നിയമസഭയിലേക്ക് രണ്ടുഘട്ടമായാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞതവണ അഞ്ചുഘട്ടമായിരുന്നു. ഇക്കുറി 152 മണ്ഡലങ്ങള്‍ ഏപ്രില്‍ 23-നും 142 മണ്ഡലങ്ങള്‍ ഏപ്രില്‍ 29-നും വിധിയെഴുതും.