Monday, March 16, 2026 Last Updated 39 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
ജിനേഷ്‌ പൂനത്ത്‌
ജിനേഷ്‌ പൂനത്ത്‌
Wednesday 11 Mar 2026 11.36 PM

കേട്ടുകേഴ്‌വിയില്ലാത്ത കേഡര്‍ കൊട്ടാരവിപ്ലവം; സ്ഥാനാര്‍ഥിത്വ മോഹികള്‍ സി.പി.എമ്മിനും തലവേദനയാകുന്നു, പാര്‍ട്ടി തീരുമാനങ്ങളെ പരസ്യമായി ചോദ്യംചെയ്യുന്നു

പിണറായി വിജയന്‍ സെക്രട്ടറി സ്‌ഥാനമൊഴിഞ്ഞ്‌ മുഖ്യമന്ത്രിയായതോടെയാണ്‌ സി.പി.എമ്മിന്റെ സംഘടനാപരമായ കെട്ടുറപ്പ്‌ തകര്‍ന്നതെന്നാണ്‌ രാഷ്‌ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.
uploads/news/2026/03/829693/k11.jpg

തൃശൂര്‍: സ്‌ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം കിട്ടാത്ത അസംതൃപ്‌തര്‍ കേഡര്‍ പാര്‍ട്ടിയായ സി.പി.എമ്മിനും തലവേദനയാകുന്നു. പാര്‍ട്ടി തീരുമാനങ്ങളെ പരസ്യമായി ചോദ്യംചെയ്യുന്ന പ്രവണതയും അസാധാരണമല്ലാതായി. കൊട്ടാരക്കര മുന്‍ എം.എല്‍.എ. ആയിഷാ പോറ്റിയാണ്‌ ഈ തെരഞ്ഞെടുപ്പുകാലത്ത്‌ സി.പി.എമ്മിന്‌ ആദ്യഞെട്ടല്‍ സമ്മാനിച്ചത്‌. വിസ്‌മയങ്ങള്‍ സംഭവിക്കുമെന്നു പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍ അവകാശപ്പെട്ടത്‌ അയിഷാ പോറ്റിയില്‍ അവസാനിക്കുമെന്നു കരുതിയിരിക്കുമ്പോഴാണ്‌ അമ്പലപ്പുഴയില്‍ മുതിര്‍ന്നനേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്‍ അടുത്ത ബോംബ്‌ പൊട്ടിച്ചത്‌.

പാര്‍ട്ടി നേതൃത്വത്തിന്റെ അനുനയനീക്കങ്ങളോട്‌ സുധാകരന്‍ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. പാര്‍ട്ടി അവഗണിച്ചെന്ന ആരോപണമുന്നയിച്ചാണ്‌ ദേവികുളം മുന്‍ എം.എല്‍.എ: എസ്‌. രാജേന്ദ്രന്‍ പാര്‍ട്ടി വിട്ട്‌ ബി.ജെ.പിയില്‍ ചേര്‍ന്നത്‌. എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയായി ദേവികുളത്ത്‌ വീണ്ടും മത്സരിക്കാനുള്ള ഒരുക്കത്തിലാണ്‌ അദ്ദേഹം. മണ്ണാര്‍ക്കാട്‌ എം.എല്‍.എയായിരുന്ന പി.കെ. ശശിയും പാര്‍ലമെന്ററി രംഗത്തേക്ക്‌ മടങ്ങിവരവില്ലെന്നു വ്യക്‌തമായതോടെ സ്വയം പുകഞ്ഞ്‌ പുറത്തായി. യു.ഡി.എഫ്‌. സ്വതന്ത്രനായി ഒറ്റപ്പാലത്തോ ഷൊര്‍ണൂരിലോ മത്സരിക്കാമെന്ന മോഹത്തിലാണ്‌ ശശിയെങ്കിലും കോണ്‍ഗ്രസിനുള്ളില്‍ ആ നീക്കത്തിനെതിരേ എതിര്‍പ്പ്‌ ശക്‌തമാണ്‌.

സി.പി.എമ്മിന്റെ ചാവേറായിരുന്ന പി.വി. അന്‍വറും ഒടുവില്‍ 'പിതൃതുല്യനായ' മുഖ്യമന്ത്രിയെത്തന്നെ കടന്നാക്രമിച്ച്‌ ഇടതുപാളയം വിട്ടു. നിലമ്പൂര്‍ കൈവിട്ടുപോയെങ്കിലും ബേപ്പൂരില്‍ മുഖ്യമന്ത്രിയുടെ മരുമകനെ മലര്‍ത്തിയടിക്കാമെന്ന പ്രതീക്ഷയിലാണ്‌ അന്‍വറിന്റെ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍. രക്‌തസാക്ഷി ഫണ്ടില്‍ ക്രമക്കേടാരോപിച്ച്‌ പയ്യന്നൂര്‍ എം.എല്‍.എ: ടി.ഐ. മധുസൂദനനെ പ്രതിക്കൂട്ടിലാക്കിയ മുന്‍ ജില്ലാ കമ്മിറ്റി അംഗം
പി.വി. കുഞ്ഞിക്കൃഷ്‌ണന്‌ ലഭിച്ച പൊതുസ്വീകാര്യതയും സി.പി.എമ്മിനെ അലട്ടുന്നു. സി.പി.എം. സ്‌ഥാനാര്‍ഥിപ്പട്ടികയില്‍ മധുസൂദനന്‍ വീണ്ടും ഇടംനേടിയേക്കുമെന്ന സൂചന ലഭിച്ചതോടെയാണ്‌ കുഞ്ഞിക്കൃഷ്‌ണന്‍ ഇടഞ്ഞത്‌.

മുമ്പും സി.പി.എമ്മില്‍നിന്നു മുതിര്‍ന്ന നേതാക്കളടക്കം പുറത്തുപോയിട്ടുണ്ടെങ്കിലും അതെല്ലാം ആശയസമരത്തിന്റെ ഭാഗമായിരുന്നു. ബദല്‍രേഖയുടെ പേരില്‍ കലാപക്കൊടി ഉയര്‍ത്തിയ എം.വി. രാഘവന്‍ സി.എം.പി. രൂപീകരിച്ച്‌ യു.ഡി.എഫിന്റെ ഭാഗമായി. മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന കെ.ആര്‍. ഗൗരിയമ്മയാകട്ടെ സ്വന്തം നാട്ടിലെ വികസനമുന്നണിയുമായി സഹകരിച്ചതിന്റെ പേരിലാണ്‌ പുറത്തായത്‌.
പുറത്താക്കപ്പെട്ട ഗൗരിയമ്മയും ജെ.എസ്‌.എസ്‌. എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച്‌ യു.ഡി.എഫിലെത്തി. സി.പി.എം. വിട്ട്‌ സി.പി.ഐയില്‍ ചേര്‍ന്ന ടി.ജെ. ആഞ്ചലോസ്‌ രാഷ്‌ട്രീയത്തില്‍ ഇടതുസ്വത്വം നിലനിര്‍ത്തി.

കോടിയേരി ബാലകൃഷ്‌ണന്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറിയായിരിക്കേ ഇത്തരം പ്രശ്‌നങ്ങള്‍ നയചാതുരിയോടെ കൈകാര്യം ചെയ്‌തിരുന്നു. എന്നാല്‍, പിന്‍ഗാമിയായ എം.വി. ഗോവിന്ദന്റെ പല ഇടപെടലുകളും പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുകയാണെന്ന്‌ വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
പിണറായി വിജയന്‍ സെക്രട്ടറി സ്‌ഥാനമൊഴിഞ്ഞ്‌ മുഖ്യമന്ത്രിയായതോടെയാണ്‌ സി.പി.എമ്മിന്റെ സംഘടനാപരമായ കെട്ടുറപ്പ്‌ തകര്‍ന്നതെന്നാണ്‌ രാഷ്‌ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. പിണറായിയെന്ന ഏകനേതൃത്വത്തിനു കീഴിലേക്ക്‌ പാര്‍ട്ടിയും സര്‍ക്കാരുമെത്തിയതോടെ രണ്ട്‌ സംവിധാനങ്ങളും വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാതായി. ആശയപരമായി തിരുത്തല്‍ശേഷി നഷ്‌ടപ്പെട്ട പുരോഗമന കലാ സാഹിത്യ സംഘം സ്‌തുതിപാഠകസംഘമായി മാറി.

ജിനേഷ്‌ പൂനത്ത്‌

Ads by Google
ജിനേഷ്‌ പൂനത്ത്‌
ജിനേഷ്‌ പൂനത്ത്‌
Wednesday 11 Mar 2026 11.36 PM
YOU MAY BE INTERESTED