Monday, March 16, 2026 Last Updated 5 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.36 PM

'മണ്ഡല, മകരവിളക്ക്‌ സീസണില്‍ ശബരിമലയില്‍ കാടികളുടെ സാമ്പത്തിക നിക്ഷേപം'

കൊച്ചി: മണ്ഡല-മകരവിളക്ക്‌ തീര്‍ഥാടന കാലത്തു ശബരിമലയില്‍ കോടികളുടെ സാമ്പത്തിക നിക്ഷേപങ്ങള്‍ നടന്നതായി സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍. ശബരിമലയിലെ ദിവസവേതനക്കാര്‍ മുതല്‍ സ്‌ഥിരജീവനക്കാര്‍ വരെ നടത്തിയ സാമ്പത്തിക നിക്ഷേപത്തിന്റെ വിവരങ്ങളാണ്‌ സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്‌.
മണ്ഡല, മകരവിളക്ക്‌ സീസണ്‍ സമയത്ത്‌ സന്നിധാനത്തെ എസ്‌.ബി.ഐ, ധനലക്ഷ്‌മി ബാങ്കുകളുടെ ബ്രാഞ്ചിലും പോസ്‌റ്റ്‌ ഓഫീസിലും കോടികള്‍ നിക്ഷേപിച്ചതായാണു രേഖകള്‍. ഭക്‌തര്‍ കൊണ്ടുവരുന്ന പൂജാസാധനങ്ങളിലുള്ള നാണയങ്ങളും നോട്ടുകളും ചില ഉദ്യോഗസ്‌ഥര്‍ കൈക്കലാക്കിയെന്നും ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുണ്ട്‌. നവംബര്‍ 17 മുതല്‍ ഡിസംബര്‍ 31 വരെയാണു സന്നിധാനത്തെ ധനകാര്യ സ്‌ഥാപനങ്ങളില്‍ വന്‍ തുക നിക്ഷേപിക്കപ്പെട്ടത്‌. എസ്‌.ബി.ഐ. സന്നിധാനം ബ്രാഞ്ചില്‍ 1,667 ഇടപാടുകളിലൂടെ എട്ടു കോടിയിലേറെ രൂപ നിക്ഷേപിച്ചു. ധനലക്ഷ്‌മി ബാങ്ക്‌ സന്നിധാനം ബ്രാഞ്ചില്‍ 942 ഇടപാടുകളിലൂടെ പതിനൊന്നര കോടിയോളമാണ്‌ എത്തിയത്‌. ദേവസ്വം ബോര്‍ഡിലെ ദിവസവേതനക്കാര്‍, ശാന്തിമാര്‍, കീഴ്‌ശാന്തിമാര്‍, ഹോട്ടല്‍ ഉടമകള്‍, സന്നിധാനത്തെ മറ്റ്‌ ജീവനക്കാര്‍ എന്നിവരാണ്‌ തുക നിക്ഷേപിച്ചവര്‍. മാളികപ്പുറം മേല്‍ശാന്തി നിക്ഷേപിച്ചത്‌ നാല്‍പ്പത്തിയാറര ലക്ഷം രൂപയാണ്‌. തന്ത്രിയുടെ സഹായി 1,17,000 രൂപയും നിക്ഷേപിച്ചതായി റിപ്പോര്‍ട്ടിലുണ്ട്‌.
ഈ തുക പൂജകളുമായി ബന്ധപ്പെട്ട്‌ ദക്ഷിണയായി ലഭിച്ചതാണെന്നാണ്‌ വിശദീകരണം. കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നു സ്‌പെഷല്‍ കമ്മിഷണര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്‌. ശബരിമല ജീവനക്കാരുടെയും പൂജാരിമാരുടെയും സാമ്പത്തിക ഇടപാടുകളില്‍ ആശങ്കയും ഞെട്ടലും ഹൈക്കോടതി രേഖപ്പെടുത്തി.
ആടിയശിഷ്‌ടം നെയ്യ്‌ വിവാദത്തില്‍ ആരോപണവിധേയരായ ചില ശാന്തിമാരും പണം നിക്ഷേപിച്ചവരില്‍ ഉള്‍പ്പെടുന്നു. ഭക്‌തര്‍ കൊണ്ടുവരുന്ന പൂജാസാധനങ്ങളിലുള്ള നാണയങ്ങളും നോട്ടുകളും ചില ഉദ്യോഗസ്‌ഥര്‍ കൈക്കലാക്കിയെന്നും സ്‌പെഷല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കാണിക്കവഞ്ചി തുറക്കുമ്പോള്‍ പുറത്തേക്കു വീഴുന്ന പണം മോഷ്‌ടിച്ചു. നെയ്യഭിഷേകം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ഭക്‌തരെ സഹായിച്ചു പണം വാങ്ങി. ഡ്യൂട്ടി സമയത്തു ചിലര്‍ ലോട്ടറി കച്ചവടം നടത്തി എന്നിങ്ങനെയുള്ള കാര്യങ്ങളും ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌.
ആവശ്യമുള്ളതിലും കൂടുതല്‍ ആളുകളെ കൃത്യമായ മാനദണ്ഡങ്ങളില്ലാതെ ഡ്യൂട്ടിക്കു നിയോഗിച്ചതാണ്‌ ഇത്തരം ക്രമക്കേടുകള്‍ക്കു വഴിവച്ചതെന്നു റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ശബരിമലയില്‍ ജോലി ചെയ്‌തിരുന്ന ശുചീകരണത്തൊഴിലാളികള്‍ക്ക്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മാസങ്ങളായി കൂലി നല്‍കുന്നില്ലെന്ന്‌ അമിക്കസ്‌ ക്യൂറി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. തൊഴിലാളികള്‍ക്കു കൂലി നല്‍കാത്തതില്‍ ഹൈക്കോടതി കടുത്ത അതൃപ്‌തിയും വേദനയും രേഖപ്പെടുത്തി. കുടിശിക വരുത്തിയതിന്റെ കാരണങ്ങള്‍ വിശദീകരിക്കാനും തൊഴിലാളികള്‍ക്കു നല്‍കാനുള്ള തുകയുടെ കൃത്യമായ കണക്കുകള്‍ ഹാജരാക്കാനും ദേവസ്വം ബോര്‍ഡിനോടു കോടതി നിര്‍ദേശിച്ചു.

Ads by Google
Wednesday 11 Mar 2026 11.36 PM
YOU MAY BE INTERESTED