Monday, March 16, 2026 Last Updated 5 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.35 PM

ഉഷ്‌ണകാല പ്രതിരോധം: കലക്‌ടര്‍മാര്‍ക്ക്‌ ഒരുകോടി വീതം അനുവദിക്കും

തിരുവനന്തപുരം: ഉഷ്‌ണകാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കലക്‌ടര്‍മാര്‍ക്ക്‌ ഒരുകോടി രൂപ വീതം അനുവദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
വരള്‍ച്ച, കുടിവെള്ളക്ഷാമം, വന്യജീവി ആക്രമണം, ഇടിമിന്നല്‍, ചൂടു മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍, തീപിടിത്തങ്ങള്‍ എന്നിവയില്‍ അതീവ ശ്രദ്ധ വേണമെന്ന്‌ യോഗം നിര്‍ദേശിച്ചു. വേനല്‍ക്കാല ദുരന്ത ലഘൂകരണവുമായി ബന്ധപ്പെട്ടായിരുന്നു യോഗം.
ഉഷ്‌ണകാല മുന്നൊരുക്ക യോഗങ്ങള്‍ ജില്ലാതലത്തില്‍ ചേരണം. കോഴിക്കോട്‌ ജില്ലയിലെ മൂടാടി ഗ്രാമപഞ്ചായത്ത്‌ തയ്യാറാക്കിയ പ്രാദേശിക ഹീറ്റ്‌ ആക്‌ഷന്‍ പ്ലാനിന്റെ മാതൃകയില്‍ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളും ആക്‌ഷന്‍ പ്ലാന്‍ തയ്യാറാക്കണം.
വിപുലവും ഊര്‍ജിതവുമായ പൊതുജന കാമ്പയിന്‍ നടത്തണം.ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക ഹീറ്റ്‌ ക്ലിനിക്കുകള്‍ ആരംഭിക്കണം.
എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സൂര്യാഘാതത്തിനുള്ള പ്രഥമശുശ്രൂഷ നല്‍കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. പ്രധാന മാര്‍ക്കറ്റുകള്‍, കവലകള്‍, ബസ്‌ സ്‌റ്റാന്‍ഡ്‌ തുടങ്ങി ആളുകള്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ തണ്ണീര്‍പ്പന്തലുകള്‍ സ്‌ഥാപിക്കണം. പരീക്ഷാഹാളുകളില്‍ വായു സഞ്ചാരവും കുടിവെള്ള ലഭ്യതയും ഉറപ്പാക്കണം. നിലവിലുള്ള വാട്ടര്‍ കിയോസ്‌ക്കുകള്‍ റിപ്പര്‍ ചെയ്യുകയും ആവശ്യമെങ്കില്‍ കൂടുതല്‍ കിയോസ്‌കുകള്‍ സ്‌ഥാപിക്കുകയും വേണം. ജലത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തണം.
ഉപ്പുവെള്ളം കയറാതിരിക്കാനുള്ള നടപടികളും കാര്‍ഷിക വിളകളുടെ സംരക്ഷണവും ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്‌റ്റിന്‍, കെ. കൃഷണന്‍കുട്ടി, ചീഫ്‌ സെക്രട്ടറി ഡോ. എ. ജയതിലക്‌, ജില്ലാ കലക്‌ടര്‍മാര്‍, ലാന്റ്‌ റവന്യു കമ്മിഷണര്‍ കെ. ജീവന്‍ ബാബു, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്‌ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Ads by Google
Tuesday 10 Mar 2026 11.35 PM
YOU MAY BE INTERESTED