Sunday, March 15, 2026 Last Updated 0 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Mar 2026 05.12 PM

‘മാറ്റം തുടങ്ങാം – വികസിത കേരളം മോദിക്കൊപ്പം’; ബുധനാഴ്ച പ്രധാനമന്ത്രി കൊച്ചിയിൽ; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും

uploads/news/2026/03/829445/Modi.jpg
photo - twitter

ന്യൂഡല്‍ഹി : എറണാകുളം കേന്ദ്രമാക്കി മധ്യകേരളത്തിൽ വലിയ മുന്നേറ്റം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തന്നെ എത്തിച്ച് എൻഡിഎയുടെ തിര‍ഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം. ബുധനാഴ്ചയാണ് വിവിധ പരിപാടികളിൽ പങ്കെടുക്കാനായി മോദി കൊച്ചിയിലെത്തുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ‘മാറ്റം തുടങ്ങാം – വികസിത കേരളം മോദിക്കൊപ്പം’ എന്നതാണ് എൻഡിഎ സംസ്ഥാന തിരഞ്ഞെടുപ്പ് കൺവെൻഷന്റെ മുദ്രാവാക്യം.

ഈ സന്ദർശനം തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുമെന്നും കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണായക ഘട്ടമായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയില്ലാത്ത ഭരണവും പുതിയ വികസനവും മാറ്റവുമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും, പ്രധാനമന്ത്രി മോദി അത് ഇന്ത്യയിലെ ജനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ജനങ്ങളും ഇതേ മാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, പ്രചാരണം മുന്നോട്ട് കൊണ്ടുപോകാനായി ഇവിടെ എത്തുന്ന പ്രധാനമന്ത്രിയോടുള്ള നന്ദിയും രേഖപ്പെടുത്തി.

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ റെയില്‍വേ ഉള്‍പ്പെടെയുള്ള വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. കൊച്ചിയില്‍ ഏകദേശം 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് പ്രധാനമന്ത്രി നിര്‍വഹിക്കുന്നത്.

കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ തീർത്തിട്ടുള്ള പടുകൂറ്റൻ പന്തലിൽ അര ലക്ഷത്തോളം എൻഡിഎ പ്രവർത്തകർ മോദിയെ കാണാനും കേൾക്കാനുമെത്തുമെന്ന് നേതാക്കൾ പറഞ്ഞു. പുതുക്കിപ്പണിത റെയിൽവേ സ്റ്റേഷന്‍ മുതൽ ബിപിസിഎല്ലിന്റെ പുതിയ പദ്ധതികൾ ഉൾപ്പെടെയുള്ളവയുടെ ഉദ്ഘാടനവും ഇതിനൊപ്പം മോദി നിർവഹിക്കും. റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്.

ബിഡിജെഎസിനൊപ്പം ട്വന്റി 20 കൂടി മുന്നണിയിലേക്ക് എത്തിയതോടെ മധ്യകേരളത്തിൽ വലിയ മുന്നേറ്റം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രിയെ തന്നെ തിര‍ഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിക്കുന്നത്. എറണാകുളം ജില്ലയിലെ കുന്നത്തുനാട്, പെരുമ്പാവൂർ, തൃപ്പൂണിത്തുറ മണ്ഡലങ്ങളാണ് എൻഡിഎ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

രാവിലെ 11.30നു കൊച്ചി വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ നാവികസേനയുടെ ഐഎൻഎസ് ഗരുഡ വിമാനത്താവളത്തിൽ എത്തും . തുടർന്നു റോഡ് മാർഗം മറൈൻഡ്രൈവിലെത്തി അഖില കേരള ധീവര സഭയുടെ സുവർണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്നു കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെത്തും. സ്റ്റേഡിയം കവാടത്തിൽനിന്നു റോഡ് ഷോ നടത്തി പ്രധാനമന്ത്രി പ്രത്യേകം തയാറാക്കിയ വേദിയിലേക്കെത്തും . 12.30ന് വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. ഒരു മണിയോടെ സമീപത്തെ മറ്റൊരു വേദിയിൽ എൻഡിഎ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് 2.30നു കൊച്ചി വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം തിരുച്ചിറപ്പള്ളിയിലേക്കു പോകും.

Ads by Google
Tuesday 10 Mar 2026 05.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google