Sunday, March 15, 2026 Last Updated 6 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.53 AM

രാജ്യത്ത് പാചകവാതക സിലിണ്ടറിന് ക്ഷാമം, റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് മുന്നറിയിപ്പ്; ഇടപെടലുമായി കേന്ദ്രം

shortage

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ പാചകവാതക സിലിണ്ടറിനും ഇന്ധനത്തിനും ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. വാണിജ്യ സിലിണ്ടറിന്റെ ക്ഷാമം മൂലം ബിഹാര്‍, മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹോട്ടലുകള്‍ പ്രതിസന്ധിയിലായതായി ഹോട്ടല്‍സ് ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ ആരോപിച്ചു. എന്നാല്‍ പെട്രോള്‍ പമ്പുകളും ഗ്യാസ് സ്റ്റേഷനുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായും രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

എല്‍പിജി സിലിണ്ടര്‍ വിതരണത്തില്‍ എന്തെങ്കിലും തടസ്സം ഉണ്ടായാല്‍ റെസ്റ്റോറന്റുകള്‍ വ്യാപകമായി അടച്ചുപൂട്ടേണ്ടി വരുമെന്ന് നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. വാണിജ്യ എല്‍പിജിയുടെ ക്ഷാമം കാരണം ബുധനാഴ്ച മുതല്‍ നഗരത്തിലെ പല റെസ്റ്റോറന്റുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് ബംഗളൂരു ഹോട്ടല്‍സ് അസോസിയേഷന്‍ അറിയിച്ചു.

അതിനിടെ ഇറാനെതിരായ അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത സൈനിക നീക്കം മൂലമുണ്ടായ ഇറക്കുമതി തടസ്സങ്ങള്‍ കാരണം പാചകവാതകത്തിന്റെ ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകള്‍ക്കിടെ, വാണിജ്യ ഉപയോക്താക്കളേക്കാള്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകളുടെ വിതരണത്തിന് മുന്‍ഗണന നല്‍കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ വിതരണ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി റീഫില്ലുകള്‍ക്കായുള്ള കാത്തിരിപ്പ് കാലയളവ് 21 ദിവസത്തില്‍ നിന്ന് 25 ദിവസമായി മന്ത്രാലയം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

എല്ലാ പൊതുമേഖലാ എണ്ണ വിതരണ കമ്പനികളും സംഭരിച്ച എല്‍പിജി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രമാണ് വിതരണം ചെയ്യുന്നത് എന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവില്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലെ എല്ലാ എണ്ണ ശുദ്ധീകരണശാലകളും പെട്രോകെമിക്കല്‍ സമുച്ചയങ്ങളും പ്രൊപ്പെയ്ന്‍, ബ്യൂട്ടെയ്ന്‍ സ്ട്രീമുകള്‍ എല്‍പിജി ഉല്‍പ്പാദിപ്പിക്കാന്‍ മാത്രമാണ് ഉപയോഗിക്കേണ്ടത്. അല്ലാതെ മറ്റ് പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഉപയോഗിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ഇന്ത്യ എല്‍പിജി ആവശ്യകതയുടെ 50 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതിയുടെ 80 ശതമാനം സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്നാണ്. കഴിഞ്ഞയാഴ്ച, എല്‍പിജി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒഎംസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിതരണത്തെ ബാധിച്ചതിനാല്‍, സര്‍ക്കാര്‍ ഇപ്പോള്‍ ഇറക്കുമതി സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുകയാണ്. എല്‍പിജി വിതരണം ഉറപ്പാക്കാന്‍ ഓസ്ട്രേലിയ, നോര്‍വേ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിന്റെ സാധ്യതയും സര്‍ക്കാര്‍ തേടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ രാജ്യങ്ങളുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Ads by Google
Tuesday 10 Mar 2026 11.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google