Sunday, March 15, 2026 Last Updated 1 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Mar 2026 11.44 PM

ബാറ്റിംഗിൽ സഞ്ജു, ബൗളിംഗിൽ ബുംറ; ചരിത്രം കുറിച്ച് ഇന്ത്യ; ടി-20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീം

uploads/news/2026/03/829127/T20-cup-India.jpg

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ നടന്ന ഐ.സി.സി. ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ 96 റണ്ണിന് തകർത്ത് ഇന്ത്യ കിരീടം നിലനിർത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികൾ 19 ഓവറിൽ 159 റൺസിന് എല്ലാവരും പുറത്തായി. ഫൈനലിൽ നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ കളിയിലെ താരമായപ്പോൾ, ടൂർണമെന്റിലുടനീളം 321 റൺസ് അടിച്ചുകൂട്ടിയ മലയാളി താരം സഞ്ജു സാംസൺ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ഈ വിജയത്തോടെ ടി-20 ലോകകിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡ് ഇന്ത്യ സ്വന്തമാക്കി. 2007, 2024 വർഷങ്ങളിലെ നേട്ടങ്ങൾക്കൊപ്പം ഇത്തവണത്തെ വിജയവും ചേർന്നതോടെ കുട്ടിക്രിക്കറ്റിൽ ഇന്ത്യ കിരീട ഹാട്രിക് പൂർത്തിയാക്കി. 2023-ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇതേ മൈതാനത്ത് ഓസ്‌ട്രേലിയയോടേറ്റ തോൽവിയുടെ കയ്പ്പുള്ള ഓർമ്മകൾ മായ്ക്കാനും ഈ തകർപ്പൻ ജയത്തിലൂടെ ടീം ഇന്ത്യക്ക് സാധിച്ചു.

മലയാളി കരുത്തായ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് (46 പന്തിൽ 89 റൺസ്) ഇന്ത്യൻ സ്കോർ 255-ൽ എത്തിച്ചത്. സഞ്ജുവിന് പുറമെ അഭിഷേക് ശർമ (52), ഇഷാൻ കിഷൻ (54) എന്നിവരും അർധസെഞ്ചുറികളുമായി തിളങ്ങി. ബൗളിംഗിൽ നാലോവറിൽ വെറും 15 റൺസ് മാത്രം വഴങ്ങി നാല് നിർണായക വിക്കറ്റുകൾ പിഴുത ജസ്പ്രീത് ബുംറയാണ് ന്യൂസിലൻഡിന്റെ പതനം വേഗത്തിലാക്കിയത്.

തുടക്കം മുതൽ അക്രമിച്ച് കളിച്ച സഞ്ജുവും അഭിഷേകും ചേർന്ന് പവർപ്ലേയിൽ തന്നെ ഇന്ത്യയെ 92 റൺസിലെത്തിച്ചു. വെറും എട്ട് ഓവറിൽ ടീം സ്കോർ നൂറ് കടന്നു. അഭിഷേക് പുറത്തായെങ്കിലും ഇഷാൻ കിഷൻ 23 പന്തിൽ അർധസെഞ്ചുറി നേടി സഞ്ജുവിനൊപ്പം ചേർന്ന് നൂറ് റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 12-ാം ഓവറിൽ 150 കടന്ന ഇന്ത്യക്ക് നായകൻ സൂര്യകുമാർ യാദവ് പൂജ്യത്തിന് പുറത്തായെങ്കിലും അതൊന്നും സ്കോറിംഗിനെ ബാധിച്ചില്ല.

ഭീമമായ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലൻഡിന് തുടക്കത്തിൽ മികച്ച പോരാട്ടം കാഴ്ചവെക്കാൻ സാധിച്ചെങ്കിലും ഇന്ത്യൻ ബൗളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി അവരെ സമ്മർദ്ദത്തിലാക്കി. തകർപ്പൻ ഫീൽഡിംഗും കൃത്യതയാർന്ന ബൗളിംഗും ഒത്തുചേർന്നതോടെ കിവികൾക്ക് മറുപടിയില്ലാതാവുകയും ഇന്ത്യ വീണ്ടും ലോകകിരീടത്തിൽ മുത്തമിടുകയും ചെയ്തു.

Ads by Google
Sunday 08 Mar 2026 11.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google