Sunday, March 15, 2026 Last Updated 9 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
 ജി. ഹരികൃഷ്ണന്‍
ജി. ഹരികൃഷ്ണന്‍
Thursday 05 Mar 2026 02.20 AM

അമ്പലപ്പുഴയില്‍ സുധാകരന്‍ സ്വതന്ത്രനാകുമോ? പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയാര്‍? അടുത്ത നീക്കത്തിന് ആകാംക്ഷയോടെ യു.ഡി.എഫ്.

വിവിധ പരിപാടികളിലേക്കു സുധാകരനെ സമീപകാലത്തു ക്ഷണിച്ച കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തിന്റെ അടുത്ത നീക്കമറിയാനുള്ള കാത്തിരിപ്പിലാണ്. സുധാകരന്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തയാറായാല്‍ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയാറായേക്കും.
uploads/news/2026/03/828514/G.-Sudhakaran.jpg

ആലപ്പുഴ : എസ്.എഫ്.ഐയുടെ പൂര്‍വരൂപമായ കെ.എസ്.എഫിന്റെ ആദ്യ സംസ്ഥാന സെക്രട്ടറി, രണ്ടുതവണ മന്ത്രി, നാലുതവണ എം.എല്‍.എ... സി.പി.എമ്മിന്റെ മുതിര്‍ന്നനേതാവ് ജി. സുധാകരന്‍ ഇനി എങ്ങോട്ടെന്ന ഉദ്വേഗത്തിലാണു രാഷ്ട്രീയകേരളം. പ്രത്യേകിച്ച്, നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ.

വിവിധ പരിപാടികളിലേക്കു സുധാകരനെ സമീപകാലത്തു ക്ഷണിച്ച കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തിന്റെ അടുത്ത നീക്കമറിയാനുള്ള കാത്തിരിപ്പിലാണ്. സുധാകരന്‍ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തയാറായാല്‍ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയാറായേക്കും. സുധാകരനുമായി ബന്ധം സ്ഥാപിക്കാനായാല്‍ പല മണ്ഡലങ്ങളിലും യു.ഡി.എഫിന് ഗുണമാകുമെന്ന് കണക്കുകൂട്ടുന്നവരാണ് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ഉള്‍പ്പടെയുള്ളവര്‍.

സി.പി.എമ്മില്‍ ഏറെക്കാലമായി സുധാകരനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ട്. എന്നാല്‍, പാര്‍ട്ടിയില്‍ പലപ്പോഴും ഭിന്നസ്വരമുയര്‍ത്തുന്ന സുധാകരനെ അതിന് പ്രേരിപ്പിക്കുന്നതെന്തെന്ന് പലപ്പോഴും ചര്‍ച്ചചെയ്യപ്പെടാറില്ല. ആലപ്പുഴയിലെ പാര്‍ട്ടിയില്‍ നേരിടുന്ന അവഗണന മാത്രമല്ല, തനിക്കുനേരേ നിരന്തരമുണ്ടാകുന്ന അധിക്ഷേപങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപ്പോഴൊന്നും നേതൃത്വം ഗൗരവത്തോടെ ഇടപെട്ട് നടപടി സ്വീകരിച്ചില്ല.

അഞ്ചുവര്‍ഷമായി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കാതിരുന്നതിനു പുറമേ, അമ്പലപ്പുഴ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പേരുള്ള ശിലാഫലകം എടുത്തുമാറ്റിയതുള്‍പ്പടെ അടുപ്പക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റവുമൊടുവില്‍, സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി പത്രസമ്മേളനത്തില്‍ നടത്തിയ പരിഹാസരൂപേണയുള്ള പ്രതികരണം അദ്ദേഹത്തിന് താങ്ങാനാകുന്നതിനപ്പുറമായി.

പ്രായപരിധിയുടെ പേരില്‍ സംസ്ഥാനസമിതിയില്‍നിന്ന് ഒഴിവാക്കിയശേഷമാണ് പാര്‍ട്ടി പരിപാടികളില്‍നിന്നു തന്നെ മാറ്റിനിര്‍ത്തിയതെന്നു സുധാകരന്‍ കുറ്റപ്പെടുത്തുന്നു. അഴിമതിരഹിത പ്രതിഛായയുള്ള തന്നോട് കാണിക്കുന്നത് ക്രൂരമായ അനീതിയാണെന്നും ആലപ്പുഴയില്‍ മന്ത്രി സജി ചെറിയാനും ജില്ലാ സെക്രട്ടറി ആര്‍. നാസറും ചേര്‍ന്ന് തന്നെ ബോധപൂര്‍വം ഒതുക്കുകയാണെന്നുമുള്ള വികാരം സുധാകരന്‍ പലപ്പോഴും പ്രകടിപ്പിച്ചിരുന്നു.

പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ നേരിടേണ്ടിവന്ന സൈബര്‍ ആക്രമണങ്ങളില്‍ നേതൃത്വത്തിന്റെ മൗനം അദ്ദേഹത്തെ വേദനിപ്പിച്ചു. എം.എ. ബേബിയേക്കാള്‍ സീനിയോറിറ്റിയുള്ള തനിക്ക് ഒരു ബ്രാഞ്ച് അംഗമെന്ന പരിഗണന പോലും ലഭിക്കുന്നില്ലെന്ന് പരിതപിച്ചു. അവഗണന അതിരുകടന്നെന്ന തോന്നലാണ് ഇപ്പോഴത്തെ നിലപാടിലേക്ക് സുധാകരനെ എത്തിച്ചത്.

സുധാകരനു വലിയ ഹൃദയവേദനയാണ് പാര്‍ട്ടി നല്‍കിയതെന്നും അദ്ദേഹം അര്‍ഹിക്കുന്ന പരിഗണന സി.പി.എം. നല്‍കേണ്ടതായിരുന്നെന്നുമാണ് കോണ്‍ഗ്രസ് നേതാവ് എം. ലിജുവിന്റെ പ്രതികരണം. കാലിന് പരുക്കേറ്റ് വിശ്രമത്തിലിരിക്കേ, സുധാകരനെ സന്ദര്‍ശിക്കാന്‍ വീട്ടിലെത്തിയവരുടെ പട്ടിക പരിശോധിച്ചാല്‍ അദ്ദേഹത്തിന് പൊതുസമൂഹത്തിലുള്ള സ്വാധീനം വ്യക്തമാകും.

- ജി. ഹരികൃഷ്ണന്‍

Ads by Google
 ജി. ഹരികൃഷ്ണന്‍
ജി. ഹരികൃഷ്ണന്‍
Thursday 05 Mar 2026 02.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google