തിരുവനന്തപുരം: പാർട്ടി അവഹേളിച്ചു എന്ന് ചിന്തിക്കാൻ സാധ്യതയുള്ള സഖാവല്ല ജി സുധാകരൻ എന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജൻ. നല്ല പക്വതയും കുറേ അനുഭവങ്ങളുമുള്ള ആളാണ് ജി സുധാകരൻ. ആ നിലയിൽ അദ്ദേഹം അങ്ങനെ ചിന്തിക്കും എന്ന് കരുതുന്നില്ല. അദ്ദേഹത്തെ പാർട്ടി എല്ലാ രീതിയിലും പരിഗണിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളോട് ഇ പി ജയരാജൻ പറഞ്ഞു.
63 വർഷത്തെ പാർട്ടി അംഗത്വ ചരിത്രമുള്ള താൻ ഇനി അംഗത്വം പുതുക്കുന്നില്ലെന്നും പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നേരത്തേ ജി. സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് പ്രഖ്യാപിച്ച സുധാകരൻ, പ്രാദേശിക നേതൃത്വം തന്നെ അവഗണിച്ചെന്നും സംസ്ഥാന സെക്രട്ടറി താൻ ഒരു പരിഗണനയും അർഹിക്കുന്നില്ലെന്ന തരത്തിൽ പറഞ്ഞുവെന്നും കളിയാക്കി ചിരിച്ചുവെന്നും ആരോപിച്ചിരുന്നു.
അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം തന്റെ വീടിനടുത്തുവെച്ച് നടത്തിയപ്പോൾ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ച് പ്രകടനം നടത്തി അറസ്റ്റും ജയിൽവാസവും ലോക്കപ്പ് മർദ്ദനവും ബിഐആർ കേസ് ഉൾപ്പെടെ അനുഭവിച്ച് ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ ആയ തനിക്ക് ഒരു ക്ഷണക്കത്ത് പോലും നൽകിയില്ലെന്നും ജി സുധാകരൻ ആരോപിച്ചിരുന്നു.