Tuesday, March 17, 2026 Last Updated 17 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Mar 2026 11.36 PM

ലോറിയും കാറും കൂട്ടിയിടിച്ച്‌ സുഹൃത്തുക്കള്‍ക്ക്‌ ദാരുണാന്ത്യം

ചേര്‍ത്തല: ടോറസ്‌ ലോറിയും കാറും കൂട്ടിയിടിച്ച്‌ കാര്‍ യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. തണ്ണീര്‍മുക്കം മുട്ടത്തിപ്പറമ്പ്‌ ഇഴാശേരിക്കരി വേണുഗോപാലിന്റെയും സുനിമോളുടെയും ഏകമകന്‍ നന്ദഗോപാലന്‍ (22), വയലാര്‍ മംഗളംപറമ്പ്‌ കലേഷ്‌ കുമാറിന്റെയും ലീനയുടെയും ഏകമകന്‍ ആരവ്‌ കൃഷ്‌ണ (24) എന്നിവര്‍ക്കാണു ദാരുണാന്ത്യം. ചേര്‍ത്തല 11-ാം മൈല്‍ മുട്ടത്തിപ്പറമ്പ്‌ റോഡില്‍ പള്ളിക്കവലയ്‌ക്കു സമീപം തിങ്കളാഴ്‌ച രാത്രി 11.40 നായിരുന്നു അപകടം.
യുവാക്കള്‍ മുട്ടത്തിപറമ്പില്‍നിന്ന്‌ 11-ാം മൈല്‍ ഭാഗത്തേക്കു കാറില്‍ വരുമ്പോഴാണ്‌ ടോറസ്‌ ലോറിയുമായി കൂട്ടിയിടിച്ചതെന്ന്‌ പോലീസ്‌ പറഞ്ഞു. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി വേമ്പനാട്‌ കായലില്‍നിന്ന്‌ ഡ്രഡ്‌ജ്‌ ചെയ്‌ത്‌ മണലെടുക്കാന്‍ തണ്ണീര്‍മുക്കം ഭാഗത്തേക്കു പോകുകയായിരുന്നു ലോറി. ടോറസ്‌ ലോറിയില്‍ ഇടിച്ച കാര്‍ പിന്നീട്‌ സമീപത്തെ മതിലില്‍ ഇടിച്ചാണു നിന്നത്‌. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ആരവ്‌ കൃഷ്‌ണയാണ്‌ കാര്‍ ഓടിച്ചിരുന്നത്‌.
കാറിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ ചേര്‍ത്തലയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ ഉദ്യോഗസ്‌ഥര്‍ വാഹനം വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്‌. ഇരുവരുടെയും തലയ്‌ക്കും കഴുത്തിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവരെ ചേര്‍ത്തല ഗവ. താലൂക്ക്‌ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡിഗ്രി കഴിഞ്ഞ്‌ കൊച്ചിയിലെ സ്വകാര്യ കോളജില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ (എ.ഐ) കോഴ്‌സ്‌ പഠിക്കുകയായിരുന്നു ഇരുവരും. പഠനത്തിനൊപ്പം ക്ഷേത്രങ്ങളില്‍ പൂക്കളുപയോഗിച്ച്‌ അലങ്കാരങ്ങള്‍ ചെയ്യാനും ഇവര്‍ പോയിരുന്നു. ചേര്‍ത്തല തെക്ക്‌ പഞ്ചായത്തിലെ ക്ഷേത്രത്തില്‍ പോയശേഷം മുട്ടത്തിപ്പറമ്പിലെത്തി വയലാറിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.
ഇരുവരുടെയും മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്‌റ്റ്‌ മോര്‍ട്ടം നടത്തി. തുടര്‍ന്ന്‌ വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തി.

Ads by Google
Tuesday 03 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google