Tuesday, March 17, 2026 Last Updated 2 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Mar 2026 11.36 PM

വാസുവിന്റെ മൊഴി രേഖപ്പെടുത്തി; തന്ത്രിയെയും ഇ.ഡി. ചോദ്യം ചെയ്യും

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റ്‌ എന്‍. വാസുവിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌. രേഖപ്പെടുത്തി.
കൊച്ചിയിലെ സോണല്‍ ഓഫീസിലാണ്‌ അദ്ദേഹം ചോദ്യം ചെയ്യലിനായി ഹാജരായത്‌. മൊഴിയെടുക്കല്‍ പൂര്‍ത്തിയായിട്ടില്ല. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളില്‍ ഒപ്പുവച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നു നേരത്തെ പ്രത്യേക അന്വേഷണസംഘം ഇദ്ദേഹത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കേസില്‍ മാര്‍ച്ച്‌ ആദ്യവാരം ഹാജരാകാന്‍ എന്‍ വാസുവിനും തന്ത്രിക്കും ഇ.ഡി. നോട്ടീസ്‌ നല്‍കിയിരുന്നു.
ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ആദ്യമായി ചെമ്പെന്നു രേഖപ്പെടുത്തിയതു ദേവസ്വം കമ്മിഷണറായിരുന്ന എന്‍. വാസു ബോര്‍ഡിന്റെ അംഗീകാരത്തിനായി നല്‍കിയ കത്തിലാണെന്നാണു കണ്ടെത്തല്‍.
പിന്നീട്‌ ദ്വാരപാലക ശില്‌പപാളികളുടെ കാര്യത്തിലും ഇതേ തട്ടിപ്പ്‌ ആവര്‍ത്തിച്ചു. മൂന്നുമാസത്തോളം ജയിലിലായിരുന്ന എന്‍. വാസുവിനു സ്വാഭാവിക ജാമ്യം ലഭിച്ചതിനു പിന്നാലെയാണ്‌ ഇപ്പോള്‍ ഇ.ഡിയുടെ നടപടി. വരുംദിവസങ്ങളില്‍ കേസില്‍ കൂടുതല്‍ നിര്‍ണായക നീക്കങ്ങള്‍ ഉണ്ടാകുമെന്നാണു സൂചന. എന്‍. വാസുവിനുശേഷം തന്ത്രിയെയും ഇ.ഡി. ചോദ്യം ചെയ്യും. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്‌ണന്‍ പോറ്റിക്കു നിലവില്‍ നോട്ടീസ്‌ നല്‍കിയിട്ടില്ല. മറ്റു പ്രതികളെ ചോദ്യം ചെയ്‌തശേഷം മാത്രമേ ഇദ്ദേഹത്തിലേക്ക്‌ അന്വേഷണം എത്തുകയുള്ളൂ. കേസിലെ സാക്ഷിപ്പട്ടികയിലുള്ള നടന്‍ ജയറാം ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞ ആഴ്‌ചകളില്‍ ഇ.ഡി. ചോദ്യം ചെയ്‌തിരുന്നു. ആകെ 28 പേരെയാണ്‌ ഇ.ഡി. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. എട്ടുപേര്‍ സാക്ഷിപ്പട്ടികയിലുണ്ട്‌. എന്‍. വാസു അടക്കമുള്ളവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കുന്ന നടപടികളിലേക്ക്‌ ഇ.ഡി. കടന്നിരുന്നു. ഇതിനുപിന്നാലെയാണ്‌ ഇപ്പോള്‍ നേരിട്ടുള്ള ചോദ്യം ചെയ്യല്‍ ആരംഭിച്ചിരിക്കുന്നത്‌. 2019 ഫെബ്രുവരി 26 നു വാസു നല്‍കിയ കത്ത്‌ അംഗീകരിച്ചാണു മാര്‍ച്ച്‌ 19 ലെ ബോര്‍ഡ്‌ യോഗം പോറ്റിയുടെ കൈയില്‍ പാളികള്‍ കൊടുത്തുവിടാന്‍ തീരുമാനിച്ചത്‌. ഇതുപ്രകാരം ദേവസ്വം സെക്രട്ടറി എസ്‌.ജയശ്രീ നല്‍കിയ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണു സ്വര്‍ണപ്പാളികള്‍ കടത്തിയത്‌.

Ads by Google
Tuesday 03 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google