കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി-എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ക്യാംപയിന് തുടക്കമായി. കോട്ടയം ജില്ലയിലെ ഏക എ ക്ലാസ് മണ്ഡലത്തിന് അപ്പുറത്തേക്ക് വളരാൻ വഴി തേടി ബിജെപി. 30,000 വോട്ടിനു മുകളിൽ ലഭിക്കുന്ന മണ്ഡലങ്ങളെയാണ് ബിജെപി എ ക്ലാസ് മണ്ഡലം എന്ന പരിഗണന നൽകി പ്രവർത്തനങ്ങൾ സജീവമാക്കിയിരുന്നത്.'മാറ്റം തുടങ്ങാം!' എന്ന തലവാചകത്തോടെയാണ് സമൂഹ മാധ്യമങ്ങളിലും മാധ്യമങ്ങളിലും പൊതുഇടങ്ങളിലും ബിജെപി പ്രചാരണം ആരംഭിച്ചത്.
2016ൽ 31,411 വോട്ടുകൾ നേടി ഏക എ ക്ലാസ് മണ്ഡലമായി കാഞ്ഞിരപ്പള്ളി മാത്രമായിരുന്നു ജില്ലയിൽ നിന്ന് ഇടം നേടിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട പാർലമെന്റിൽ മത്സരിച്ച കെ.സുരേന്ദ്രന് കാഞ്ഞിരപ്പള്ളിയിൽ നിന്ന് 36,628 നേടാനുമായി.ജനപക്ഷം നേതാവ് പി.സി.ജോർജ് പാർട്ടിയിലേക്ക് എത്തിയതോടെ പൂഞ്ഞാറിലും സമീപ മണ്ഡലമായ പാലായിലുമാണ് ബിജെപി പ്രതീക്ഷ വയ്ക്കുന്നത്. അടുത്തിടെ ബിജെപിലേയ്ക്ക എത്തിയ മുൻ എംഎൽഎ കെ.അജിത്ത് വഴി വൈക്കം മണ്ഡലത്തില്‍ കടുത്ത മത്സരം കാഴ്ച വെക്കാന്‍ അജിത്തിന് കഴിയുമെന്നാണ് ബിജെപി നേതൃത്വം വിലയരുത്തുന്നത് .
ജില്ലയിലെ സിപിഐയെ ഞെട്ടിച്ച് മുൻ എംഎൽഎ കെ.അജിത്തിന്റെ പാർട്ടി മാറ്റം. ബിജെപി ആസ്ഥാനമായ മാരാർജി ഭവനിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് അജിത്തിനെ അംഗത്വം നൽകി സ്വീകരിച്ചത്. 2006, 2011 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച് എംഎൽഎ ആയിരുന്നു. സിപിഐ വൈക്കം മണ്ഡലം കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയായും കോട്ടയം ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിക്കുകയായിരുന്നു. ദലിത് വിഭാഗത്തിന് അർഹമായ ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാരിൽനിന്ന് ലഭിക്കുന്നില്ലെന്നും അതൃപ്തി സിപിഐ നേതൃത്വത്തെ അറിയിച്ചിരുന്നെന്നും അജിത്ത് പറഞ്ഞു. പരാതിപ്പെട്ടിട്ട് ആറുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ സ്വർണക്കൊള്ളയും പത്തുവര്‍ഷത്തെ ഇടതുഭരണത്തിന്റെ പരാജയങ്ങളും 140 നിയോജക മണ്ഡലങ്ങളിലെയും എംഎല്‍എമാരുടെ വീഴ്ചകളും ബിജെപിയും എന്‍ഡിഎയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കും. നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ജനപ്രതിനിധികള്‍ക്കെതിരെ ബിജെപി ആരംഭിച്ച സമരത്തിന്റെ പ്രചാരണത്തിനായി 'മതിയായി ഈ എംഎല്‍എ, മാറ്റം തുടങ്ങാം' എന്ന തലവാചകത്തിലും ക്യാംപയിന്‍ ശക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ പ്രചാരണ രംഗത്തെ നിരവധി വിദഗ്ധരാണ് ബിജെപിക്ക് വേണ്ടി പ്രചാരണ വാക്യങ്ങള്‍ തയാറാക്കിയത്.