Wednesday, March 18, 2026 Last Updated 5 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
ഷഫീക്ക്‌ അറയ്‌ക്കല്‍
Sunday 01 Mar 2026 11.40 PM

ഖത്തറിലെ അമേരിക്കന്‍ റഡാര്‍ സംവിധാനം തകര്‍ത്തെന്ന്‌ ഇറാന്‍

uploads/news/2026/03/827937/Iran-attack.jpg

ദോഹ: അമേരിക്ക-ഇസ്രയേല്‍ സഖ്യത്തിന്റെ ആക്രമണത്തിനു തിരിച്ചടിയായി ഖത്തറിലെ അമേരിക്കന്‍ വ്യോമത്താവളത്തിലെ റഡാര്‍ സംവിധാനം തകര്‍ത്തെന്ന്‌ ഇറാന്‍. 5,000 കിലോമീറ്റര്‍ ദൂരപരിധിയില്‍നിന്ന്‌ വരെയുള്ള ബാലിസ്‌റ്റിക്‌ മിസൈലുകള്‍ കണ്ടെത്താന്‍ ശേഷിയുള്ള എഫ്‌.പി. 132 റഡാര്‍ സംവിധാനവും ഉപകരണങ്ങളുമാണ്‌ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തതെന്ന്‌ ഇറാന്‍ അവകാശപ്പെട്ടു.
ഇസ്രയേല്‍ ലക്ഷ്യമിട്ട്‌ ഇറാന്‍ തൊടുക്കുന്ന മിസൈലുകളെക്കുറിച്ചുള്ള മുന്നറിയിപ്പ്‌ നല്‍കുന്നതും ഗള്‍ഫ്‌ മേഖലയിലുള്ള അമേരിക്കന്‍ റഡാറുകള്‍ ഉപയോഗിച്ചാണ്‌. ആകാശത്തുവച്ചു തടയുന്ന മിസൈലുകള്‍ ജനവാസ മേഖലകളില്‍ പതിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്‌. ഗള്‍ഫിലെ അമേരിക്കന്‍ താവളങ്ങള്‍ ആക്രമിക്കുമെന്ന്‌ ഇറാന്‍ മുമ്പേ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍, യുദ്ധം തുടങ്ങി മിനിറ്റുകള്‍ക്കകം ആക്രമണം അഴിച്ചുവിട്ടത്‌ ഏവരെയും അത്‌ഭുതപ്പെടുത്തി. മുന്‍കൂട്ടി നിശ്‌ചയിച്ച പുതിയ തന്ത്രമാണ്‌ ഇറാന്‍ പയറ്റുന്നതെന്ന്‌ വിദഗ്‌ധര്‍ പറയുന്നു.
പശ്‌ചിമേഷ്യയിലെ അമേരിക്കന്‍ റഡാര്‍, ഇന്റലിജന്‍സ്‌ കേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ്‌ ഇറാന്റെ ലക്ഷ്യം. ഇറാനിയന്‍ മിസൈലുകള്‍ ഗള്‍ഫ്‌ രാജ്യങ്ങള്‍ക്ക്‌ തടയാന്‍ സാധിച്ചില്ലെന്നതും ശ്രദ്ധേയമാണ്‌. ബഹ്‌റൈനില്‍ നടത്തിയ ആക്രമണത്തില്‍ അമേരിക്കന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്‌.
അതേസമയം മിസൈല്‍ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചെന്നു ഖത്തര്‍ അറിയിച്ചു. ഇതില്‍ ജീവാപായമോ ആര്‍ക്കെങ്കിലും പരുക്കേല്‍ക്കുകയോ നാശനഷ്‌ടങ്ങള്‍ സംഭവിക്കുകയോ ചെയ്‌തിട്ടില്ല. പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷയ്‌ക്കാണ്‌ പ്രഥമ പരിഗണന. സുരക്ഷാ സേനകള്‍ 24 മണിക്കൂറും ജാഗ്രതയിലാണ്‌. അപരിചിതവസ്‌തുക്കളോ മിസൈല്‍ അവശിഷ്‌ടങ്ങളോ കണ്ടാല്‍ തൊടാനോ നീക്കം ചെയ്യാനോ ശ്രമിക്കരുതെന്ന്‌ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പറഞ്ഞു. ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നു ഖത്തറിലെ ഇന്ത്യന്‍ എംബസിയും മുന്നറിയിപ്പു നല്‍കി.
അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നു ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. വിപണി സുസ്‌ഥിരമാണ്‌. മുഴുവന്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും ആവശ്യത്തിന്‌ സാധനങ്ങള്‍ ലഭ്യമാണെന്നും മന്ത്രാലയം വ്യക്‌തമാക്കി. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളുടെ പശ്‌ചാത്തലത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ്‌ തമീം ബിന്‍ ഹമദ്‌ അല്‍ താനിയും സൗദി അറേബ്യന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരനും ഫോണിലൂടെ ചര്‍ച്ച നടത്തി. ഖത്തറിനു നേരേ നടന്ന ഇറാനിയന്‍ ബാലിസ്‌റ്റിക്‌ മിസൈല്‍ ആക്രമണങ്ങളെ സൗദി അറേബ്യ ശക്‌തമായി അപലപിച്ചു.

ഷഫീക്ക്‌ അറയ്‌ക്കല്‍

Ads by Google
ഷഫീക്ക്‌ അറയ്‌ക്കല്‍
Sunday 01 Mar 2026 11.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google