Wednesday, March 18, 2026 Last Updated 17 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Mar 2026 08.05 AM

ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാന്‍ മാധ്യമങ്ങള്‍: മരിച്ചവരില്‍ മകളും മരുമകനും പേരക്കുട്ടിയും

iran, supreme, leader, killed

വാഷിംഗ്ടണ്‍: ഇസ്രായേല്‍-യുഎസ്എ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത അധികാരി ആയത്തുള്ള അലി ഖമനായി കൊല്ലപ്പെട്ടതായി ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ഖമനായിയുടെ മരണത്തെത്തുടര്‍ന്ന് രാജ്യത്ത് 40 ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ഖമനയി ശനിയാഴ്ച പുലര്‍ച്ചെ ഓഫിസില്‍ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെ കൊല്ലപ്പെട്ടതായാണ് ഫാര്‍സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ ഖമനയിയുടെ മകളും മരുമകനും കൊച്ചുമകനും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ ഖമനായി കൊല്ലപ്പെട്ടതായി ഡോണള്‍ഡ് ട്രംപും ബെഞ്ചമിന്‍ നെതന്യാഹുവും അവകാശപ്പെട്ടിരുന്നു. യുഎസ് ഇസ്രായേല്‍ ഇന്റലിജന്‍സിനെ മറികടക്കാന്‍ ഖമേനയിക്ക് കഴിഞ്ഞില്ലെന്ന് ട്രംപ് പറഞ്ഞു. ഖമേനിയെ കൂടാതെ ഇറാനിലെ സുപ്രധാന നേതാക്കളെയും വധിച്ചെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഖമേനയി കൊല്ലപ്പെട്ടെന്ന് ട്രംപ് കുറിച്ചത്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ഇറാന്‍ ഇത് സ്ഥിരീകരിച്ചിരുന്നില്ല. ഖമനയി സുരക്ഷിതനാണെന്നായിരുന്നു പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ഇറാന്റെ സ്ഥിരീകരണം.

'ചരിത്രത്തിലെ ഏറ്റവും ക്രൂരരായ വ്യക്തികളില്‍ ഒരാളായ ഖമേനി കൊല്ലപ്പെട്ടു. ഇത് ഇറാനിലെ ജനങ്ങള്‍ക്ക് മാത്രമല്ല, ഖമേനിയും രക്തദാഹികളായ ഗുണ്ടാസംഘവും കൊലപ്പെടുത്തുകയോ അംഗഭംഗം വരുത്തുകയോ ചെയ്ത എല്ലാ മഹത്തായ അമേരിക്കന്‍ ജനതയ്ക്കും ലോകമെമ്പാടുമുള്ള മറ്റു രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ലഭിച്ച നീതിയാണ്. ഞങ്ങളുടെ ഇന്റലിജന്‍സിനെയും അത്യന്താധുനിക ട്രാക്കിങ് സംവിധാനങ്ങളെയും മറികടക്കാന്‍ ഖമേനിക്ക് കഴിഞ്ഞില്ല. ഇസ്രയേലുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ ഖമേനിക്കും ഒപ്പമുള്ളവര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞതുമില്ല. ഇറാനിലെ ജനങ്ങള്‍ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിത്. അവരുടെ റവല്യൂഷണറി ഗാര്‍ഡ്, സൈന്യം, മറ്റ് സുരക്ഷാ-പൊലീസ് സേനകളിലെ പലരും ഇനി പോരാടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഞങ്ങളില്‍ നിന്ന് കുറ്റവിമുക്തി തേടുകയാണെന്നും ഞങ്ങള്‍ അറിയുന്നു. ഇന്നലെ പറഞ്ഞതുപോലെ, ''ഇപ്പോള്‍ അവര്‍ക്ക് കുറ്റവിമുക്തി നേടാം, പിന്നീട് അവര്‍ക്ക് ലഭിക്കുന്നത് മരണം മാത്രമായിരിക്കും.'' റവല്യൂഷണറി ഗാര്‍ഡും പൊലീസും ഇറാനിലെ രാജ്യസ്നേഹികളുമായി സമാധാനപരമായി ഒന്നിക്കുകയും, രാജ്യം അര്‍ഹിക്കുന്ന മഹത്വത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും, പശ്ചിമേഷ്യയിലും ലോകമെമ്പാടും സമാധാനം എന്ന നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതുവരെ, ശക്തവും കൃത്യവുമായ ബോംബാക്രമണം ഈ ആഴ്ചയിലുടനീളം അല്ലെങ്കില്‍ ആവശ്യമുള്ളത്ര കാലം തടസ്സമില്ലാതെ തുടരും' ട്രംപ് കുറിച്ചു.

Ads by Google
Sunday 01 Mar 2026 08.05 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google