Monday, March 16, 2026 Last Updated 6 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.34 PM

യാത്രക്കാര്‍ ആശങ്കയില്‍: ഗള്‍ഫ്‌ സംഘര്‍ഷം: വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി

uploads/news/2026/02/827835/k4.jpg

നെടുമ്പാശേരി: ഗള്‍ഫ്‌ സംഘര്‍ഷത്തെത്തുടര്‍ന്ന്‌ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതോടെ ഗള്‍ഫ്‌ മേഖലയിലേക്കുള്ള യാത്രക്കാര്‍ കുടുങ്ങി. കൊച്ചിയില്‍നിന്നു ഗള്‍ഫിലേക്കുള്ള എല്ലാ സര്‍വീസുകളും ഇന്നലെ വൈകിട്ടു മുതല്‍ റദ്ദാക്കിയിരിക്കുകയാണ്‌.വൈകിട്ടത്തെ വിമാനങ്ങളില്‍ പോകാന്‍ ഉച്ചയോടെയെത്തിയ യാത്രക്കാരില്‍ പലരും ചെക്ക്‌ ഇന്‍ ചെയ്‌തശേഷമാണ്‌ സര്‍വീസുകള്‍ റദ്ദാക്കുന്ന വിവരം വിമാനക്കമ്പനി അധികൃതര്‍ക്കു ലഭിച്ചത്‌. വ്യോമപാതകള്‍ അടച്ചതിനെത്തുടര്‍ന്നായിരുന്നു റദ്ദാക്കല്‍. തുടര്‍ന്ന്‌ ചെക്ക്‌ ഇന്‍ സേവനങ്ങളും വിമാനത്തിലേക്കു കയറുന്നതും നിര്‍ത്തിവച്ചു. കൊച്ചിയില്‍നിന്നു പുറപ്പെട്ട ഒരു വിമാനം തിരിച്ചുവിളിക്കുകയും ചെയ്‌തു.
കൊച്ചിയില്‍നിന്ന്‌ ഇന്നലെ പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോയുടെ ആറു സര്‍വീസുകള്‍ റദ്ദാക്കി. എക്‌സ്‌പ്രസിന്റെ ഒരുദിവസത്തെ എല്ലാ സര്‍വീസുകളും റദ്ദാക്കി. എയര്‍ ഇന്ത്യ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്‌. എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഷാര്‍ജ വിമാനത്തില്‍ പോകാന്‍ സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞ്‌ യാത്രക്കാര്‍ കാത്തിരിക്കുമ്പോഴാണ്‌ വ്യോമപാതകള്‍ അടച്ചതായി വിവരം ലഭിച്ചത്‌. തുടര്‍ന്ന്‌ യാത്രക്കാര്‍ വീടുകളിലേക്കു മടങ്ങി. കൊച്ചിയില്‍നിന്ന്‌ മസ്‌കറ്റിലേക്കു പുറപ്പെട്ട ഒമാന്‍ എയര്‍ വിമാനമാണ്‌ സുരക്ഷാകാരണങ്ങളാല്‍ തിരിച്ചുവിളിച്ചത്‌.
ഇനി എന്നു യാത്രചെയ്യാന്‍ കഴിയുമെന്ന ആശങ്കയിലാണ്‌ ആളുകള്‍ വിമാനത്താവളത്തില്‍നിന്നു മടങ്ങിയത്‌. വരും ദിവസങ്ങളിലേക്ക്‌ വിമാനക്കമ്പനികള്‍ ഉറപ്പായ ടിക്കറ്റുകള്‍ നല്‍കുന്നില്ലെന്നു യാത്രക്കാര്‍ പറഞ്ഞു. റീഫണ്ട്‌ നല്‍കാമെന്നാണു പലരും അറിയിച്ചിരിക്കുന്നത്‌. പല യാത്രക്കാരുടെയും വീസ കാലാവധി കഴിയുന്നതും ആശങ്കയുണര്‍ത്തിയിട്ടുണ്ട്‌.

Ads by Google
Saturday 28 Feb 2026 11.34 PM
YOU MAY BE INTERESTED