Monday, March 16, 2026 Last Updated 14 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.34 PM

സാങ്കേതികവിദ്യയുടെ സ്രഷ്‌ടാക്കളായി മാറണം: ഉപരാഷ്‌ട്രപതി

ചങ്ങനാശേരി: നാം സാങ്കേതികവിദ്യയുടെ സ്രഷ്‌ടാക്കളായി മാറണമെന്നും അങ്ങനെ നാം ഉല്‍പ്പാദിപ്പിക്കുന്നവ ലോകം ഏറ്റെടുക്കണമെന്നും ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്‌ണന്‍. ചങ്ങനാശേരി എസ്‌.ബി. കോളജ്‌ ശതാബ്‌ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്തരവാദിത്വമുള്ള പൗരന്മാരെയും നൂതനാശയ ഉപജ്‌ഞാതാക്കളെയും നേതാക്കളെയും വാര്‍ത്തെടുക്കുന്നതില്‍ സെന്റ്‌ ബര്‍ക്കുമാന്‍സ്‌ കോളജ്‌ പോലുള്ള സ്‌ഥാപനങ്ങള്‍ നിര്‍ണായക പങ്കാണു വഹിക്കുന്നത്‌. നൂറുവര്‍ഷം പഴക്കമുള്ള കലാലയം എന്നത്‌ വെറും ക്ലാസ്‌ മുറികളുടെയും ഇടനാഴികളുടെയും ക്യാമ്പസ്‌ മാത്രമല്ല.
ഒരു നൂറ്റാണ്ടായി ഈ സ്‌ഥാപനം നിശബ്‌ദമായും എന്നാല്‍ സുസ്‌ഥിരമായും രാഷ്‌ട്രനിര്‍മാണത്തിനു സംഭാവനകള്‍ നല്‍കുന്നുണ്ട്‌. നൂറ്റാണ്ട്‌ പഴക്കമുള്ള എസ്‌.ബി. കോളജിന്‌ സര്‍വകലാശാലാ പദവിക്കായി പരിശ്രമിക്കണം.
അസംഖ്യം പൂര്‍വ വിദ്യാര്‍ഥികള്‍ ഈ സ്‌ഥാപനത്തിന്റെ പുകഴ്‌പെറ്റ അറിവിന്റെ വെളിച്ചം ഇന്ത്യയിലുടനീളവും ലോകമെമ്പാടും എത്തിച്ചിട്ടുണ്ട്‌. പ്രശസ്‌ത നടന്‍ പ്രേം നസീര്‍, മുന്‍ മുഖ്യമന്ത്രിമാരായ പി.കെ. വാസുദേവന്‍ നായര്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഈ കോളജിലെ പൂര്‍വ വിദ്യാര്‍ഥികളാണ്‌.
രണ്ടു മുഖ്യമന്ത്രിമാരെ വാര്‍ത്തെടുക്കുക എന്നതു സംസ്‌ഥാനത്തിന്റെ വികസനത്തിന്‌ ഈ സ്‌ഥാപനം നല്‍കിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ്‌.-ഉപരാഷ്‌ട്രപതി പറഞ്ഞു.
ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ബര്‍ക്കുമാന്‍സ്‌ സെന്റര്‍ ഫോര്‍ എമര്‍ജിങ്‌ ടെക്‌നോളജീസും ഡോ. കെ.എം. ഏബ്രഹാം സെന്റര്‍ ഫോര്‍ എനര്‍ജി ആന്‍ഡ്‌ എന്‍വയോണ്‍മെന്റും ഉപരാഷ്‌ട്രപതി ഉദ്‌ഘാടനം ചെയ്‌തു.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്‌ അര്‍ലേക്കര്‍, കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി, മന്ത്രി വി.എന്‍. വാസവന്‍, കൊടിക്കുന്നില്‍ സുരേഷ്‌ എം.പി, ജോബ്‌ മൈക്കിള്‍ എം.എല്‍.എ, ചങ്ങനാശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്‌ മാര്‍ തോമസ്‌ തറയില്‍, സെന്റ്‌ ബര്‍ക്കുമാന്‍സ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. ടെഡി കഞ്ഞൂപറമ്പില്‍, എസ്‌.ബി. കോളജ്‌ മാനേജര്‍ ആന്റണി എത്തക്കാട്‌ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Ads by Google
Saturday 28 Feb 2026 11.34 PM
YOU MAY BE INTERESTED