Monday, March 16, 2026 Last Updated 6 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 28 Feb 2026 11.34 PM

നിരപരാധിയുടെ ഫോട്ടോ പ്രചരിപ്പിച്ചതില്‍ ഗൂഢാലോചനയില്ലെന്ന്‌ പോലീസ്‌

ആലപ്പുഴ: കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ടുപോയെന്നാരോപിച്ച്‌ നിരപരാധിയായ സ്‌ത്രീയുടെ ഫോട്ടോ ഫെയ്‌സ്‌ ബുക്കില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന്‌ പോലീസ്‌. മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. ഗീത ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ്‌ ആലപ്പുഴ ജില്ലാ പോലീസ്‌ മേധാവി ഇക്കാര്യമറിയിച്ചത്‌.
പരാതിക്കാരിയായ വടശേരിക്കര സ്വദേശിനി മായയുടെയും എതിര്‍കക്ഷിയുടെയും മൊഴി രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എതിര്‍കക്ഷി നൂറനാട്‌ പഞ്ചായത്തിലെ പൊതുപ്രവര്‍ത്തകനാണ്‌. പരാതിക്കാരിയെ ഇദ്ദേഹത്തിന്‌ മുന്‍പരിചയമില്ല. എതിര്‍കക്ഷിയുടെ ഫോണിലേക്ക്‌ ഒരു സുഹൃത്താണ്‌ ഓയൂരില്‍ കാണാതായ കുട്ടിയുടെയും പരാതിക്കാരിയുടെയും ഫോട്ടോ അയച്ചുകൊടുത്തത്‌. എതിര്‍കക്ഷി ഫേസ്‌ ബുക്കിലൂടെ പരാതിക്കാരിയെ അറിയുന്നവര്‍ പോലീസിനെ അറിയിക്കണമെന്ന്‌ പ്രചരണം നല്‍കി. പോസ്‌റ്റ്‌ കണ്ട പോലീസ്‌ പരാതിക്കാരിയെ കണ്ടെത്തുകയും അവര്‍ നിരപരാധിയാണെന്ന്‌ മനസിലാക്കുകയും ചെയ്‌തു. എതിര്‍കക്ഷി പരാതിക്കാരിയെ കണ്ട്‌ മാപ്പു പറയുകയും പോസ്‌റ്റ്‌ ഡിലീറ്റ്‌ ചെയ്യുകയുമുണ്ടായി.
ഒരു പെണ്‍കുഞ്ഞിനെ കാണാതെ പോയപ്പോള്‍ കണ്ടെത്തണമെന്ന നല്ല ഉദ്ദേശത്തോടു കൂടിയാണ്‌ എതിര്‍കക്ഷി പോസ്‌റ്റിട്ടതെന്നും പോലീസ്‌ റിപ്പോര്‍ട്ടില്‍ പറഞ്ഞു. പരാതിക്കാരിയെ അപകീര്‍ത്തിപ്പെടുത്താനും ഉദ്ദേശമുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ പോലീസിന്‌ നേരിട്ട്‌ കേസെടുക്കാന്‍ കഴിയാത്തതിനാല്‍ കോടതി മുഖാന്തിരം പരിഹാരം കാണാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്‌ റിപ്പോര്‍ട്ടില്‍ പറഞ്ഞു. പരാതിക്കാരി സിറ്റിങ്ങില്‍ ഹാജരാകാത്ത സാഹചര്യത്തില്‍ കേസ്‌ തീര്‍പ്പാക്കി.

Ads by Google
Saturday 28 Feb 2026 11.34 PM
YOU MAY BE INTERESTED