Wednesday, March 18, 2026 Last Updated 20 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Feb 2026 10.10 AM

യാക്കോബായ സഭയുടെ പരമാധ്യക്ഷനുമായി കൂടിക്കാഴ്ചയ്ക്ക് ; മലങ്കര പള്ളിത്തര്‍ക്കത്തില്‍ ഇടപെടാന്‍ പ്രധാനമന്ത്രി

uploads/news/2026/02/827544/modi-tvm.jpg

ന്യൂഡല്‍ഹി: യാക്കോബായ സഭയുടെ പരമാധ്യക്ഷൻ മാർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ ബാവയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച നടക്കുന്ന കൂടിക്കാഴ്ചയില്‍ സഭയുടെ ഇന്ത്യയിലെ തലവൻ മാർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയും കേരളത്തിലെ എന്‍ഡിഎ നേതാക്കളും പങ്കെടുക്കുമെന്നാണ് വിവരം. നൂറ് വർഷത്തിലേറെ നീണ്ട മലങ്കരസഭാ തർക്കത്തിൽ കേന്ദ്രസർക്കാർ നേരിട്ടിടപെടുന്നതിന്റെ ഭാഗമാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രി താത്പര്യപ്പെട്ട പ്രകാരം പാത്രിയർക്കീസ് ബാവ ഓസ്‌ട്രേലിയൻ സന്ദർശനം വെട്ടിച്ചുരുക്കി.

പുതിയതായി എന്‍ഡിഎ യുടെ ഭാഗമായി മാറിയിരിക്കുന്ന ട്വന്റിട്വന്റി പാര്‍ട്ടിയുടെ ഇടപെടലാണ് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. യാക്കോബായ സഭാംഗവും ട്വന്റി 20 പ്രസിഡന്റുമായ സാബു എം. ജേക്കബ് കഴിഞ്ഞദിവസം ഓർത്തഡോക്സ് സഭാ ആസ്ഥാനത്തെത്തി മാർ മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയെ കണ്ടിരുന്നു. പിന്നാലെ യാക്കോബായ സഭയുടെ കാതോലിക്കാ ബാവയുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. അതേസമയം ഓർത്തഡോക്സ് സഭ ചർച്ചയിൽ പങ്കെടുക്കുന്നില്ലെന്നാണ് സൂചന.

സുപ്രീം കോടതി വിധിക്ക് കീഴിലുള്ള ചർച്ചയ്ക്കേ തയ്യാറുള്ളൂവെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിൽ സുപ്രീംകോടതിവിധി ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായിരുന്നു. എന്നാല്‍ ഇതിനെതിരേ യാക്കോബായസഭ ഹര്‍ജി നലകുകയും ചെയ്തിട്ടുണ്ട്. ഈ ഹർജിയിൽ വിധി എല്ലാ പള്ളികൾക്കും ബാധകമാണോയെന്ന പരിശോധിക്കാൻ സുപ്രീം കോടതി ഹൈക്കോടതിയോട് നിർദേശിച്ചിരിക്കുകയാണ്. പള്ളി ഭൂരിപക്ഷം നോക്കി സഹോദരസഭകളായി പിരിയാമെന്നാണ് യാക്കോബായസഭയുടെ നിലപാട്.

പ്രധാനമന്ത്രിയുടെ ഓഫീസ് ഓര്‍ത്തഡോക്സ് സഭയെ കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടുമില്ല. വിഷയം പരിഹരിക്കാന്‍ നേരത്തേയും ബിജെപി ശ്രമം നടത്തിയിരുന്നു. പി.എസ്. ശ്രീധരൻ പിള്ള മിസോറം ഗവർണറായിരുന്നപ്പോൾ ഇരുസഭാ വിഭാഗം തലവന്മാരെയും കണ്ട് സമവായ ചർച്ച നടത്തിയിരുന്നെങ്കിലും ശ്രമം മുന്നോട്ടുപോയില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച ഗുണകരമാകുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. പ്രശ്നം പരഹരിക്കാന്‍ കഴിഞ്ഞാല്‍ എറണാകുളത്ത് ബിജെപിയ്ക്ക് അത് വലിയ നേട്ടമായി മാറിയേക്കുമെന്നാണ് വിലയിരുത്തല്‍.

Ads by Google
Friday 27 Feb 2026 10.10 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google