Tuesday, March 17, 2026 Last Updated 17 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Feb 2026 11.35 PM

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ രണ്ട്‌ യുവാക്കള്‍ക്ക്‌ ദാരുണാന്ത്യം

uploads/news/2026/02/827493/k12.jpg

മൂവാറ്റുപുഴ: എം.സി. റോഡില്‍ തൃക്കളത്തൂര്‍ പളളിതാഴത്ത്‌ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച്‌ കര്‍ണാടക സ്വദേശികളായ രണ്ട്‌ യുവാക്കള്‍ക്ക്‌ ദാരുണാന്ത്യം.
കര്‍ണാടക ചാംരാജ്‌ നഗര്‍ ജില്ല കൊളഗല കുഞ്ചപ്പയുടെ മകന്‍ മുത്ത്‌ രാജ്‌ (29), മൈസൂര്‍ പെരിയ പട്ടണം അവിട്ടൂര്‍ അമ്പളത്തി ധര്‍മയുടെ മകന്‍ ശരവണ (24) എന്നിവരാണ്‌ മരിച്ചത്‌. തലയ്‌ക്ക്‌ ഗുരുതരമായി പരുക്കേറ്റ ഇരുവരും സംഭവ സ്‌ഥലത്തുവച്ചുതന്നെ മരിച്ചു. അഗ്‌നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നു മൃതദേഹങ്ങള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
ഇടിച്ച ലോറി നിര്‍ത്താതെ പോയി. പിന്നീട്‌ സമീപത്ത്‌ സ്‌ഥാപിച്ചിരുന്ന സി.സി.ടിവി പരിശോധിച്ച പോലീസ്‌ ഇടിച്ച ലോറിയുടെ ദൃശ്യങ്ങള്‍ കണ്ടെത്തി. അന്വേഷണത്തില്‍ ലോറി തൃശൂരില്‍ നിന്ന്‌ കണ്ടെത്തി. പൈനാപ്പിള്‍ കാനി കയറ്റി പോകുകയായിരുന്ന ലോറിയും എതിര്‍ ദിശയില്‍ നിന്ന്‌ യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും മുഖാമുഖം ഇടിക്കുകയായിരുന്നു.
ശബ്‌ദം കേട്ട്‌ ഓടിയെത്തിയ നാട്ടുകരാണ്‌ പോലീസിനേയും അഗ്‌നി രക്ഷാസേനയെയും വിവരം അറിയിച്ചത്‌. മൂവാറ്റുപുഴ പേഴക്കാപ്പിളളി സ്വദേശി നൗഷാദിന്റെ ഉടമസ്‌ഥതയിലുളള മുബാറക്‌ എര്‍ത്ത്‌ മൂവേഴ്‌സ്‌ എന്ന സ്‌ഥാപനത്തിലെ ഹിറ്റാച്ചി ഓപ്പറേറ്റര്‍മാരാണ്‌ ഇരുവരും. പളളിപ്പടിയില്‍ വാടകക്ക്‌ താമസിച്ചുവരിക ആയിരുന്നു. ബുധന്‍ വൈകിട്ട്‌ ജോലി കഴിഞ്ഞ്‌ എത്തി പുറത്ത്‌ പോയതായിരുന്നു. തിരിച്ച്‌ താമസ സ്‌ഥലത്തേക്ക്‌ വരുന്നവഴി അര്‍ധരാത്രിയാണ്‌ അപകടം ഉണ്ടായത്‌. ഇരുവരും അവിവാഹിതരാണ്‌.
എട്ട്‌ വര്‍ഷം മുമ്പാണ്‌ മുത്ത്‌ രാജ്‌ ഈ സ്‌ഥാപനത്തില്‍ ജോലിക്ക്‌ എത്തിയത്‌. രാമമംഗലത്ത്‌ ജോലി നോക്കി വന്നിരുന്ന ശരവണ അവിടെ പണി കുറവായതിനാല്‍ ഏതാനും ആഴ്‌ചമുമ്പാണ്‌ ഇവിടെ എത്തിയത്‌. ഇരുവരും ബന്ധുക്കളാണ്‌. ദുരന്ത വിവരം അറിഞ്ഞ്‌ രണ്ട്‌ യുവാക്കളുടെയും ബന്ധുക്കള്‍ സ്‌ഥലത്ത്‌ എത്തി. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം സ്വദേശത്തേക്ക്‌ കൊണ്ട്‌ പോകും.

Ads by Google
Thursday 26 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google