Wednesday, March 18, 2026 Last Updated 21 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 26 Feb 2026 11.34 PM

പാഠപുസ്‌തക വിവാദം: എന്‍.സി.ഇ.ആര്‍.ടിക്ക്‌ പിഴച്ചത്‌ എവിടെ? തികച്ചും യാദൃച്‌ഛികമാണെന്ന് വിശദീകരണം, പാഠഭാഗം വീണ്ടും തയാറാക്കും

വിഷയവിദഗ്‌ദ്ധര്‍, അക്കാദമിക്‌ വിദഗ്‌ദ്ധര്‍, അധ്യാപകര്‍ എന്നിവരടങ്ങുന്ന വിദഗ്‌ദ്ധ സമിതികളാണ്‌ ഉള്ളടക്കം രൂപീകരിക്കുന്നത്‌. പുസ്‌തകത്തിന്റെ ഉള്ളടക്കം സാധാരണയായി അംഗീകാരത്തിനു മുമ്പ്‌ ആഭ്യന്തര പുനഃപരിശോധനയ്‌ക്കും കൂടിയാലോചനയ്‌ക്കും വിധേയമാക്കുന്നു.
uploads/news/2026/02/827463/NCERT.jpg

ന്യൂഡല്‍ഹി: പാഠപുസ്‌തക വിവാദത്തില്‍ തെറ്റുപറ്റിയതായി എന്‍.സി.ഇ.ആര്‍.ടി(ദേശീയ വിദ്യാഭ്യാസ ഗവേഷണ, പരിശീലനകൗണ്‍സില്‍) . എന്‍.സി.ഇ.ആര്‍.ടി. പുറത്തിറക്കിയ പുതിയ എട്ടാം ക്ലാസിലെ സാമൂഹിക ശാസ്‌ത്ര പാഠപുസ്‌തകത്തിലെ നീതിന്യായം സംബന്ധിച്ച ഒരു അധ്യായമാണു വിവാദമായത്‌.
സുപ്രീംകോടതി ഇടപെട്ടതിനെ തുടര്‍ന്നാണു പിന്‍വലിക്കല്‍. പുസ്‌തകത്തിന്റെ എല്ലാ ഭൗതിക, ഡിജിറ്റല്‍ കോപ്പികളും നീക്കം ചെയ്യണമെന്നും, രണ്ട്‌ ആഴ്‌ചയ്‌ക്കുള്ളില്‍ എന്‍.സി.ഇ.ആര്‍.ടി.യും സംസ്‌ഥാന വിദ്യാഭ്യാസ വകുപ്പുകളും ഇത്‌ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. ഇതുവരെ വിതരണം ചെയ്‌ത കോപ്പികള്‍ ഉടനടി പിടിച്ചെടുക്കാന്‍ എന്‍.സി.ഇ.ആര്‍.ടി. ഡയറക്‌ടര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. എല്ലാ സംസ്‌ഥാനങ്ങളിലെയും വിദ്യാഭ്യാസത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ ഇത്‌ അനുസരിക്കുകയും രണ്ട്‌ ആഴ്‌ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും വേണം. കര്‍ശനമായ ചട്ടക്കൂടിനുള്ളില്‍നിന്നുള്ള പാഠപുസ്‌തക പ്രസിദ്ധീകരണ വിഭാഗമാണു പ്രതിസന്ധിയിലായത്‌.

എന്‍.സി.ഇ.ആര്‍.ടി. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്‌ (എന്‍.സി.എഫ്‌.) അനുസൃതമായാണ്‌ പാഠപുസ്‌തകങ്ങള്‍ വികസിപ്പിക്കുന്നത്‌. വിഷയവിദഗ്‌ദ്ധര്‍, അക്കാദമിക്‌ വിദഗ്‌ദ്ധര്‍, അധ്യാപകര്‍ എന്നിവരടങ്ങുന്ന വിദഗ്‌ദ്ധ സമിതികളാണ്‌ ഉള്ളടക്കം രൂപീകരിക്കുന്നത്‌. പുസ്‌തകത്തിന്റെ ഉള്ളടക്കം സാധാരണയായി അംഗീകാരത്തിനു മുമ്പ്‌ ആഭ്യന്തര പുനഃപരിശോധനയ്‌ക്കും കൂടിയാലോചനയ്‌ക്കും വിധേയമാക്കുന്നു. ഈ പ്രക്രിയ അക്കാദമികമായി കര്‍ശനമാണെന്നാണ്‌ എന്‍.സി.ഇ.ആര്‍.ടിയുടെ നിലപാട്‌.

പബ്ലിക്കേഷന്‍ ഡിവിഷന്‍, ഹിന്ദി, ഇംഗ്ലീഷ്‌, ഉര്‍ദു ഭാഷകളില്‍ എംപാനല്‍ ചെയ്‌ത പ്രിന്റര്‍മാര്‍ മുഖേന അച്ചടി നടത്തുന്നതിന്‌ മേല്‍നോട്ടം വഹിക്കുന്നു. പുസ്‌തകങ്ങള്‍ വിതരണം ചെയ്യുന്നത്‌ പ്രാദേശിക കേന്ദ്രങ്ങള്‍, ഹോള്‍സെയില്‍ ഏജന്റുമാര്‍, റീട്ടെയില്‍ ശൃംഖലകള്‍ എന്നിവ വഴിയാണ്‌. ഡിജിറ്റല്‍ പതിപ്പുകള്‍ സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാം.

കേന്ദ്രീയ വിദ്യാലയ സംഘടന്‍ (കെ.വി.എസ്‌.) 9- 12 ക്ലാസുകളിലേക്ക്‌ എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്‌തകങ്ങളാണു നിര്‍ദേശിക്കുന്നത്‌. വിദ്യാഭ്യാസം ഭരണഘടനയുടെ സമവര്‍ത്തി പട്ടികയില്‍ ഉള്‍പ്പെടുന്നതിനാല്‍, സംസ്‌ഥാന വിദ്യാഭ്യാസ ഗവേഷണ, പരിശീലന കൗണ്‍സിലുകള്‍ക്കും (എസ്‌.സി.ഇ.ആര്‍.ടി.കള്‍) സംസ്‌ഥാന ബോര്‍ഡുകള്‍ക്കും അവരുടെ സ്വന്തം പാഠപുസ്‌തകങ്ങള്‍ സ്വീകരിക്കാനോ, സ്വീകരിച്ച്‌ മാറ്റം വരുത്താനോ, തയാറാക്കാനോ കഴിയും. പുസ്‌തത്തിലുണ്ടായ പിഴവ്‌ തികച്ചും യാദൃച്‌ഛികമാണെന്നാണ്‌ എന്‍.സി.ഇ.ആര്‍.ടി. വിശദീകരണം. 2026 -27 അധ്യയന വര്‍ഷത്തേക്കുള്ള പാഠഭാഗം വീണ്ടും തയാറാക്കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്‌.

Ads by Google
സ്വന്തം ലേഖകന്‍
Thursday 26 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google