Monday, March 16, 2026 Last Updated 5 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.33 PM

സബ്‌സിഡി സാധനങ്ങളുടെ ലഭ്യതക്കുറവ്‌: സപ്ലൈകോയില്‍ സസ്‌പെന്‍ഷന്‍

ആലപ്പുഴ/തിരുവനന്തപുരം: സപ്ലൈകോ വില്‍പനശാലകളില്‍ സബ്‌സിഡി ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതില്‍ വീഴ്‌ച വരുത്തിയ ജീവനക്കാര്‍ക്ക്‌ സസ്‌പെന്‍ഷന്‍. മാവേലിക്കര (ആലപ്പുഴ) ഡിപ്പോയിലെ സീനിയര്‍ അസിസ്‌റ്റന്റ്‌ ആര്‍. പ്രേം നാഥ്‌, പറക്കോട്‌ (പത്തനംതിട്ട ) ഡിപ്പോയിലെ സീനിയര്‍ അസിസ്‌റ്റന്റ്‌ എ. സനിത കുമാരി, നെയ്യാറ്റിന്‍കര (തിരുവനന്തപുരം) ഡിപ്പോയിലെ ജൂനിയര്‍ അസിസ്‌റ്റന്റ്‌ വിഷ്‌ണു വി.ദേവ്‌ എന്നിവരെയാണ്‌ മാനേജിങ്‌ ഡയറക്‌ടര്‍ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.
ഫെബ്രുവരിയിലെ വില്‍പ്പനയ്‌ക്കായി സബ്‌സിഡി സാധനങ്ങളുടെ ആവശ്യകത (ഇന്റെന്റ്‌) അറിയിക്കാന്‍ ജനുവരിയില്‍ കേന്ദ്ര കാര്യാലയത്തില്‍നിന്ന്‌ ഡിപ്പോകളിലേക്ക്‌ ആവശ്യപ്പെട്ടിരുന്നു.
മാവേലിക്കര, പറക്കോട്‌, നെയ്യാറ്റിന്‍കര ഡിപ്പോകളിലെ മാവേലി കസ്‌റ്റോഡിയന്‍ തസ്‌തികയിലെ ജീവനക്കാര്‍ വിവിധ സബ്‌സിഡി സാധനങ്ങള്‍ക്ക്‌ ആവശ്യകത ഇല്ല എന്നാണ്‌ അറിയിച്ചിരുന്നത്‌.
എന്നാല്‍ ഫെബ്രുവരിയില്‍ ഈ ഡിപ്പോകളില്‍ സാധനങ്ങള്‍ സ്‌റ്റോക്ക്‌ ഇല്ലാതെ ആവുകയും പൊതുജനങ്ങള്‍ക്ക്‌ വിതരണം ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടി.
പൊതുജനങ്ങള്‍ക്ക്‌ സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകളിലൂടെ സബ്‌സിഡി ഉല്‍പ്പന്നങ്ങളും സബ്‌സിഡി ഇതര ഉല്‍പ്പന്നങ്ങളും പൊതുവിപണിയേക്കാള്‍ കുറഞ്ഞ വിലയ്‌ക്ക്‌ ലഭ്യമാക്കി വിലക്കയറ്റം തടഞ്ഞുനിര്‍ത്താനുള്ള സര്‍ക്കാര്‍ നയം ദുര്‍ബലപ്പെടുത്തുന്ന ഉദ്യോഗസ്‌ഥര്‍ക്കെതിരേ തുടര്‍ന്നും കര്‍ശന നടപടി സ്വീകരിക്കണമെന്ന്‌ ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ സപ്ലൈകോ അധികാരികള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.

Ads by Google
Wednesday 25 Feb 2026 11.33 PM
YOU MAY BE INTERESTED