Tuesday, March 17, 2026 Last Updated 20 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Feb 2026 11.35 PM

കേരള ഇനി 'കേരളം' ആകും, കേന്ദ്രത്തിന്റെ പച്ചക്കൊടി

uploads/news/2026/02/827112/k2.jpg

ന്യൂഡല്‍ഹി: കേരള സംസ്‌ഥാനത്തിന്റെ പേരുമാറ്റ ആവശ്യത്തിനു കേന്ദ്രസര്‍ക്കാരിന്റെ പച്ചക്കൊടി. ഇതോടെ 'കേരള'യില്‍നിന്നു 'കേരളം' എന്ന പേരിലേക്കുള്ള ചുവടുമാറ്റത്തിന്‌ ആദ്യ കടമ്പ വിജയകരമായി പിന്നിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ്‌ പേരുമാറ്റ നിര്‍ദേശത്തിന്‌ അംഗീകാരം നല്‍കിയത്‌. ഇതോടെ ഭരണഘടനയുടെ ഒന്നാം പട്ടികയിലടക്കമുള്ള 'കേരള' എന്ന പേര്‌ 'കേരളം' എന്നു വൈകാതെ മാറും.
കേരള പേരുമാറ്റ ബില്‍ 2026 നിയമസഭയുടെ അംഗീകാരത്തിനായി അയയ്‌ക്കുമെന്നു വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്‌ണവ്‌ പിന്നീട്‌ അറിയിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ മൂന്നിലെ വ്യവസ്‌ഥകളനുസരിച്ച്‌ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനായി രാഷ്‌ട്രപതി ഇനി ബില്‍ സംസ്‌ഥാന നിയമസഭയ്‌ക്കു റഫര്‍ ചെയ്യും. നിയമസഭയുടെ അഭിപ്രായങ്ങളില്‍ കേന്ദ്രം തുടര്‍നടപടി സ്വീകരിക്കും. പേരുമാറ്റ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ രാഷ്‌ട്രപതിയോടു സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ആര്‍ട്ടിക്കിള്‍ മൂന്ന്‌ പ്രകാരം പാര്‍ലമെന്റിന്‌ ഏതൊരു സംസ്‌ഥാനത്തിന്റെയും പേരു മാറ്റാനാകും. ഇതനുസരിച്ച്‌ 'കേരള' എന്ന പേര്‌ 'കേരളം' എന്നാക്കണമെന്നാവശ്യപ്പെട്ട്‌ 2023-ല്‍ നിയമസഭ പ്രമേയം പാസാക്കിയെങ്കിലും സാങ്കേതികപ്രശ്‌നം ചൂണ്ടിക്കാട്ടി കേന്ദ്രം തിരിച്ചയച്ചു. കേന്ദ്ര ആഭ്യന്തരവകുപ്പ്‌ നിര്‍ദേശിച്ച മാറ്റംവരുത്തി 2024 ജൂണില്‍ പരിഷ്‌കരിച്ച പ്രമേയം നിയമസഭ പാസാക്കി വീണ്ടും കേന്ദ്രത്തിന്‌ അയച്ചു. ഇതാണ്‌ ഇന്നലെ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്‌ക്കു വന്നത്‌. നിയമസഭാ തെരഞ്ഞെടുപ്പ്‌ ആസന്നമായ സാഹചര്യത്തിലാണ്‌ ബില്ലിനു കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചത്‌.

Ads by Google
Tuesday 24 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google