Monday, March 16, 2026 Last Updated 14 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Feb 2026 11.41 PM

മൊബൈല്‍ ഉപയോഗം: ഗവര്‍ണര്‍ക്ക്‌ കത്ത്‌ നല്‍കി സി.ബി.എസ്‌.ഇ. സ്‌കൂള്‍സ്‌ ദേശീയ കൗണ്‍സില്‍

കൊച്ചി: അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം മൂലം വിദ്യാര്‍ഥികളില്‍ മാനസിക, സാമൂഹിക, പെരുമാറ്റ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയമപരമായ നിയന്ത്രണങ്ങള്‍ക്ക്‌ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട്‌ നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ സി.ബി.എസ്‌.ഇ. സ്‌കൂള്‍സ്‌, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്കു കത്ത്‌ നല്‍കി.
16 വയസിനു താഴെയുള്ള വിദ്യാര്‍ഥികളില്‍ സമ്പൂര്‍ണ നിരോധനത്തിന്‌ പകരം പ്രായാധിഷ്‌ഠിതവും ഘട്ടംഘട്ടമായും നടപ്പാക്കാവുന്ന നിയന്ത്രണ സംവിധാനം തയാറാക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന്‌ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. ഇന്ദിര രാജന്‍, സംസ്‌ഥാന ജനറല്‍ സെക്രട്ടറി സുചിത്ര ഷൈജിന്ത്‌ എന്നിവര്‍ കത്തില്‍ പറയുന്നു.
പ്രായാനുസൃത മാര്‍ഗനിര്‍ദേശങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്ക്‌ ഡിജിറ്റല്‍ സാക്ഷരത, മാതാപിതാക്കളും സ്‌കൂളുകളും ചേര്‍ന്ന മേല്‍നോട്ട സംവിധാനം എന്നിവ ശക്‌തിപ്പെടുത്തണം. നയരൂപകരും സാങ്കേതിക പ്ലാറ്റ്‌ഫോമുകളും ഉള്‍പ്പെടുന്ന ഉത്തരവാദിത്വ മാതൃകയിലൂടെ സുരക്ഷിതമായ ഡിജിറ്റല്‍ പരിസരം ഉറപ്പാക്കണം. സമ്പൂര്‍ണ നിരോധനം മാനസിക പ്രത്യാഘാതങ്ങള്‍ക്ക്‌ കാരണമാകാന്‍ സാധ്യതയുള്ളതിനാല്‍ ശാസ്‌ത്രീയവും വളര്‍ച്ചാനുസൃതവുമായ നയമാണ്‌ സ്വീകരിക്കേണ്ടത്‌.
കുട്ടികളിലെ അതിരുവിട്ട ഡിജിറ്റല്‍ ഉപയോഗം, ഓണ്‍ലൈന്‍ ലഹരി പ്രവണത, ഹാനികരമായ സമ്പര്‍ക്കം, മാനസികാരോഗ്യ വെല്ലുവിളികള്‍, പെരുമാറ്റ വ്യതിയാനങ്ങള്‍, സോഷ്യല്‍ മീഡിയ സമ്മര്‍ദ്ദം എന്നിവ സ്‌കൂള്‍ തലത്തില്‍ പ്രതികൂല സ്വാധീനം ചെലുത്തുന്നുണ്ട്‌. ശ്രദ്ധക്കുറവ്‌, പഠനത്തില്‍ ഏകാഗ്രതയില്ലായ്‌മ, അക്കാദമിക്‌ പ്രകടനത്തിലെ ഇടിവ്‌ എന്നിവ പ്രകടമാണ്‌. സഹപാഠികളുമായുള്ള ആരോഗ്യകരമായ സാമൂഹിക ഇടപെടലുകള്‍ കുറയുകയും, ഒറ്റപ്പെടല്‍ പ്രവണത വര്‍ധിക്കുകയും ചെയ്യാം. ഉറക്കക്കുറവ്‌, മാനസിക സമ്മര്‍ദ്ദം, ഉത്‌കണ്‌ഠ തുടങ്ങിയ പ്രശ്‌നങ്ങള്‍ ക്ലാസ്‌റൂം പെരുമാറ്റത്തെയും അധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തെയും പ്രതികൂലമായി ബാധിക്കാം. അച്ചടക്ക പ്രശ്‌നങ്ങള്‍, ആവേശപരമായ പ്രതികരണങ്ങള്‍, ഓണ്‍ലൈന്‍ ബുള്ളിയിങ്‌ എന്നിവയും സ്‌കൂള്‍ അന്തരീക്ഷത്തെ ദോഷകരമായി സ്വാധീനിക്കുന്നുണ്ട്‌.
അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന്‌ ആവശ്യപ്പെട്ട്‌ രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും കത്തുകള്‍ അയച്ചതായി കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
കോവിഡ്‌ കാലഘട്ടത്തില്‍ ഡിജിറ്റല്‍ പഠനം വ്യാപകമായപ്പോള്‍ ഹോംവര്‍ക്ക്‌, പഠനസാമഗ്രികള്‍, അറിയിപ്പുകള്‍ എന്നിവയ്‌ക്ക്‌ സ്‌കൂളുകള്‍ മൊബൈല്‍ അധിഷ്‌ടിത പ്ലാറ്റ്‌ഫോമുകള്‍ ആശ്രയിച്ചു. ഇതോടെ മൊബൈല്‍ ഫോണുകള്‍ പഠനോപകരണമായി മാറിയെങ്കിലും അതിരുവിട്ട ഉപയോഗം മാതാപിതാക്കളിലും അധ്യാപകരിലും ആശങ്ക ഉയര്‍ത്തുന്ന വിഷയമായി മാറിയിട്ടുണ്ടെന്ന്‌ സമകാലിക സംഭവങ്ങള്‍ ഉള്‍പ്പെടുത്തി കത്തില്‍ വിവരിക്കുന്നു.
ഈ സാഹചര്യത്തില്‍ നിയമപരമായ നിയന്ത്രണങ്ങള്‍ക്ക്‌ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ്‌ ഗവര്‍ണര്‍ക്ക്‌ കത്ത്‌ നല്‍കിയത്‌.

Ads by Google
Monday 23 Feb 2026 11.41 PM
YOU MAY BE INTERESTED