പൂഞ്ഞാര്‍: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജ്ജ്. മത്സരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച പി.സി. ജോര്‍ജ്ജ് ബിജെപി നേതൃത്വത്തെ സമീപിച്ചതായിട്ടാണ് വിവരം. നിലവില്‍ സാധ്യതാപട്ടിക ദേശീയ നേതൃത്വത്തിന് അയച്ചുകൊടുത്തിരിക്കുന്ന ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ പി.സി. ജോര്‍ജ്ജ് ഇടം പിടിക്കുമെന്ന് ഉറപ്പായി.
പിസി ജോര്‍ജുമായി ബിജെപിയുടെ ദേശീയ നേതാക്കളടക്കം ബന്ധപ്പെടുകയും മത്സരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ്, പി സി ജോര്‍ജും അനുകൂലമായൊരു നിലപാട് നേതൃത്വത്തെ അറിയിച്ചത്. ഇതോടെ പാലായ്ക്ക് പിന്നാലെ പൂഞ്ഞാറിലും ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്ന നിലയിലായി. അതുപോലെ തന്നെ പിതാവും മകനും ഒരുമിച്ച് മത്സരിക്കുന്നെന്ന കൗതകവുമുണ്ട്. പി.സി. ജോര്‍ജ്ജിന്റെ മകനും ബിജെപി നേതാവുമായി ഷോണ്‍ ജോര്‍ജ്ജും ഇക്കുറി മത്സരിക്കാനുണ്ട്.
പാലായില്‍ ഷോണ്‍ ജോര്‍ജ് മത്സരിക്കാനെത്തുന്നതോടെ അവിടെയും ത്രികോണ മത്സരത്തിന് കളമൊരുങ്ങുകയാണ്. അതിന് തൊട്ടടുത്ത് തന്നെയുള്ള മണ്ഡലമായ പൂഞ്ഞാറിലും സമാനമായ സാഹചര്യം ഒരുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കഴിഞ്ഞ തവണ ഏകദേശം 29 ശതമാനം വോട്ട് പിസി ജോര്‍ജിന് നേടാന്‍ സാധിച്ചിരുന്നു. യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോകുന്ന സാഹചര്യമായിരുന്നു.