Monday, March 16, 2026 Last Updated 10 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.34 PM

ലഭിച്ചത്‌ 100 കോടിയുടെ ഓര്‍ഡര്‍: മന്ത്രി രാജീവ്‌

കൊച്ചി: സംസ്‌ഥാനത്ത്‌ ആദ്യമായി സംഘടിപ്പിച്ച ബയര്‍- സെല്ലര്‍ മീറ്റിലൂടെ 100 കോടി രൂപയുടെ ഓര്‍ഡറുകള്‍ സംരംഭകര്‍ക്ക്‌ ലഭിച്ചതായി മന്ത്രി പി. രാജീവ്‌.
നാനൂറോളം സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പങ്കെടുപ്പിച്ചു നടന്ന മേളയില്‍ 22 രാജ്യങ്ങളില്‍ നിന്ന്‌ 50-ല്‍ അധികം കമ്പനികള്‍ ഉത്‌പന്നങ്ങള്‍ വാങ്ങാന്‍ എത്തിയെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വാണിജ്യ വകുപ്പ്‌, കേരള ബ്യൂറോ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ പ്രമോഷന്‍ എന്നിവയുടെ സംയുക്‌താഭിമുഖ്യത്തില്‍ കളമശേരി ചാക്കോളസ്‌ പവലിയനില്‍ നടക്കുന്ന സംസ്‌ഥാനതല കേരള അഗ്രോ ഫുഡ്‌പ്രോ 2026 ന്റെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാലു വര്‍ഷം പിന്നിടുന്ന സംരംഭക വര്‍ഷം പദ്ധതിയിലൂടെ നാല്‌ ലക്ഷത്തിലധികം പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു. സംരംഭം തുടങ്ങാന്‍ സൗകര്യമൊരുക്കുക മാത്രമല്ല, അവ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ പൂര്‍ണ പിന്തുണയും സര്‍ക്കാര്‍ നല്‍കുന്നു.
കെ-സ്‌റ്റോറുകള്‍ വഴി പ്രാദേശിക സംരംഭകരുടെ ഉത്‌പന്നങ്ങള്‍ വില്‍ക്കാന്‍ സൗകര്യമൊരുക്കി.
നിലവില്‍ 40 കോടി രൂപയിലധികം വിറ്റുവരവ്‌ കെ-സ്‌റ്റോറുകള്‍ വഴി ലഭിക്കുന്നുണ്ട്‌. ബി2ബി സംഗമങ്ങളിലൂടെയും കേരള ബ്രാന്‍ഡ്‌ പദ്ധതിയിലൂടെയും ഉത്‌പന്നങ്ങളുടെ ഗുണനിലവാരം രാജ്യാന്തരതലത്തില്‍ എത്തിക്കുകയാണ്‌ ലക്ഷ്യം.
പത്ത്‌ ഉത്‌പന്നങ്ങള്‍ക്കായി കേരള ബ്രാന്‍ഡ്‌ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നുണ്ട്‌.
പ്ലൈവുഡ്‌ മേഖലയില്‍ ക്വാളിറ്റി മാനദണ്ഡങ്ങള്‍ ഉറപ്പാക്കി ഗ്രീന്‍ പ്ലൈവുഡ്‌ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി എ.പി.എം. മുഹമ്മദ്‌ ഹനീഷ്‌ അധ്യക്ഷനായി. വ്യവസായ വകുപ്പ്‌ വാണിജ്യ ഡയറക്‌ടര്‍ പി. വിഷ്‌ണുരാജ്‌, കളമശേരി മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ പി സാദിക്ക്‌, ബോര്‍ഡ്‌ ഫോര്‍ പബ്ലിക്‌ സെക്‌ടര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ എക്‌സിക്യൂട്ടീവ്‌ ചെയര്‍മാന്‍ കെ.അജിത്‌കുമാര്‍, കിന്‍ഫ്ര മാനേജിങ്‌ ഡയറക്‌ടര്‍ സന്തോഷ്‌ കോശി തോമസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. മേള ഇന്നു സമാപിക്കും.

Ads by Google
Sunday 22 Feb 2026 11.34 PM
YOU MAY BE INTERESTED