Monday, March 16, 2026 Last Updated 13 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.34 PM

കമ്യൂണിസ്‌റ്റ്‌ പ്രത്യയശാസ്‌ത്രം ഇറക്കുമതി ചെയ്‌തതല്ല: ബേബി

തിരുവനന്തപുരം: കമ്യൂണിസ്‌റ്റ്‌ പ്രത്യയശാസ്‌ത്രം വിദേശത്തുനിന്ന്‌ ഇറക്കുമതി ചെയ്‌ത ഒന്നല്ലെന്നു സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി. ഹിറ്റ്‌ലറെയും മുസോളിനിയെയും കണ്ട്‌ ഇന്ത്യയില്‍ സൈനിക രീതിയില്‍ സംഘടന ഉണ്ടാക്കിയവര്‍ അപരവിദ്വേഷം പരത്തുന്നതിനൊപ്പം തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. അവരാണ്‌ ഇന്ത്യന്‍ കമ്യൂണിസം യൂറോപ്യന്‍ പ്രത്യയശാസ്‌ത്രമാണെന്ന്‌ വാദിക്കുന്നതെന്നും ബേബി പറഞ്ഞു. ഡോ. ചന്തവിള മുരളി രചിച്ച 'ലോക കമ്യൂണിസ്‌റ്റ്‌ പത്രങ്ങള്‍' എന്ന പുസ്‌തകത്തിന്റെ പ്രകാശനം തിരുവനന്തപുരം പ്രസ്‌ ക്ലബ്‌ ഫോര്‍ത്ത്‌ എസ്‌റ്റേറ്റ്‌ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തെ നീതിപൂര്‍വമായ സമത്വത്തില്‍ മുന്നോട്ടു കൊണ്ടുപോകണമെന്ന ആശയം കമ്യൂണിസ്‌റ്റ്‌ മാനിഫെസ്‌റ്റോയ്‌ക്കു മുമ്പേ സ്വാമിത്തോപ്പിലെ അയ്യാവൈകുണ്‌ഠ സ്വാമികള്‍ മുന്നോട്ടുവച്ചിരുന്നു. സ്വാമികള്‍ ഉള്‍പ്പെടെയുള്ളവരുടെ സാങ്കല്‍പിക സോഷ്യലിസത്തെ ശാസ്‌ത്രീയ സോഷ്യലിസം ആക്കിയെന്നതാണ്‌ മാര്‍ക്‌സിന്റെ നേട്ടം. ടി.വി.ആര്‍. ഷേണായിയും പി. ഗോവിന്ദപ്പിള്ളയും രണ്ടുധാരകളെ പ്രതിനിധീകരിച്ചിരുന്ന പത്രസാരഥികള്‍ ആണെങ്കിലും രണ്ടുപേരും വായന, ഓര്‍മശക്‌തി, മാതൃകാപരമായ പത്രപ്രവര്‍ത്തനം എന്നീ കാര്യങ്ങളില്‍ വഴികാട്ടികളാണെന്ന്‌ എം.എ ബേബി പറഞ്ഞു.
കേരള മീഡിയ അക്കാദമിയുടെ പുതിയ ആസ്‌ഥാനമന്ദിരത്തില്‍ ഒരു ബേ്ലാക്കിനോ ഓഡിറ്റോറിയത്തിനോ പി. ഗോവിന്ദപ്പിള്ളയുടെ പേരു നല്‍കാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്‌. ബാബു അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സംസ്‌ഥാന ആസൂത്രണ ബോര്‍ഡ്‌ അംഗം ഡോ.മിനി സുകുമാര്‍ പുസ്‌തകത്തിന്റെ ആദ്യ കോപ്പി സ്വീകരിച്ചു. അക്കാദമി സെക്രട്ടറി എസ്‌.എസ്‌.അരുണ്‍, മാധ്യമപ്രവര്‍ത്തക ആര്‍. പാര്‍വതീദേവി, കെ.യു.ഡബ്ല്യു.ജെ. ജില്ലാ പ്രസിഡന്റ്‌ ഷില്ലര്‍ സ്‌റ്റീഫന്‍, തിരുവനന്തപുരം പ്രസ്‌ ക്ലബ്‌ സെക്രട്ടറി പി.ആര്‍. പ്രവീണ്‍, ഡോ. ചന്തവിള മുരളി എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Sunday 22 Feb 2026 11.34 PM
YOU MAY BE INTERESTED