Tuesday, March 17, 2026 Last Updated 16 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.34 PM

നാട്‌ നശിച്ചാലും ഇടതുപക്ഷം നന്നാവട്ടെ എന്ന നിലപാട്‌ ശരിയല്ലെന്നു ബേബി

തിരുവനന്തപുരം: തുടര്‍ഭരണം വേണ്ടെന്ന സാഹിത്യകാരന്‍മാരുടെ പ്രതികരണത്തില്‍ മറുപടിയുമായി സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി. സാംസ്‌കാരിക രംഗത്തെ ചില വ്യക്‌തികള്‍ക്ക്‌ ഒരു ശങ്കയാണെന്നും ഇടതുപക്ഷത്തെ ശക്‌തിപ്പെടുത്താന്‍ ഭരണത്തില്‍നിന്ന്‌ മാറിനല്‍ക്കണമെന്നാണ്‌ അവരുടെ അഭിപ്രായമെന്നും ബേബി പറഞ്ഞു. നാട്‌ നശിച്ചിട്ടാണെങ്കിലും ഇടതുപക്ഷം നന്നായിരിക്കണമെന്നാണോ ഇവര്‍ പറയുന്നതെന്നും ബേബി ചോദിച്ചു.
'സാംസ്‌കാരികരംഗത്തെ ചില വ്യക്‌തിത്വങ്ങള്‍ക്ക്‌ ഒരു ശങ്ക. ഇടതുപക്ഷത്തെ ശക്‌തിപ്പെടുത്താന്‍ ഭരണത്തില്‍നിന്ന്‌ മാറിനില്‍ക്കണമെന്നാണ്‌ അവരുടെ അഭിപ്രായം. സ്വന്തം കുഞ്ഞിന്റെ മരണത്തിലും അപരന്റെ വേദനയെക്കുറിച്ച്‌ ചിന്തിക്കുന്ന കേരളം യാദൃശ്‌ചികമായി ഉണ്ടായതല്ല. അതിന്റെയെല്ലാം ഓര്‍മകള്‍ എല്ലാവരിലും ഉണ്ടായിരിക്കണം. എങ്ങനെയാണ്‌ ഈ കേരളം ഉണ്ടായതെന്ന്‌ ഓര്‍മ വേണം. കൈവരിച്ച നേട്ടങ്ങളെ അഞ്ചാണ്ടു കൊണ്ട്‌ പുറകോട്ടു കൊണ്ടുപോകുന്നതാണ്‌ ഭരണമാറ്റം. നാട്‌ നശിച്ചാലും ഇടതുപക്ഷം നന്നായിരിക്കണമെന്നാണോ ഇവര്‍ പറയുന്നത്‌?'- ബേബി പ്രതികരിച്ചു.
'ഐശ്വര്യപൂര്‍ണമായ ഒരു കേരളം ഉണ്ടാകണം. ക്ഷേമത്തില്‍ ഊന്നിയ ഭരണമുണ്ടാകണം. അതാണ്‌ ഇടതുപക്ഷം മുന്നോട്ടുവയ്‌ക്കുന്നത്‌. ഇടതുപക്ഷത്തിന്‌ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത്‌ പരിശോധിക്കണം, അതില്‍ തര്‍ക്കമില്ല. അതിനൊപ്പം കേരളത്തിനും മുന്നോട്ടുപോകേണ്ടതുണ്ട്‌. കേരളത്തിലെ മാധ്യമങ്ങളില്‍ വലിയൊരു വിഭാഗം നുണ ഫാക്‌ടറിയാണ്‌. അതാണ്‌ കേരളത്തിന്റെ ഏറ്റവും വലിയ ദുരന്തം. ഇടതുപക്ഷം വിജയിച്ചാല്‍ വിഷം കുടിച്ച്‌ മരിക്കുമെന്നു പറഞ്ഞ ചരിത്രം അവര്‍ക്കുണ്ട്‌. വിഷം ഉറയ്‌ക്കാത്ത നിലയിലേക്ക്‌ അവരെത്തിയിട്ടുണ്ടെങ്കില്‍ പത്രം കരിച്ച്‌ വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ മതി'- എം.എ. ബേബി കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴയില്‍ ശസ്‌ത്രക്രിയാ ഉപകരണം ശരീരത്തില്‍ കുടുങ്ങിയത്‌ സങ്കടകരമാണെന്നും ഉണ്ടാകാന്‍ പാടില്ലാത്ത സംഭവമായിരുന്നുവെന്നും ഇത്തരം സംഭവങ്ങളില്‍ ഒരു ന്യായീകരണവും ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയ അജന്‍ഡ വച്ച്‌ കേരളത്തെ അവമതിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്‌ കേരള സ്‌റ്റോറി കൊണ്ട്‌ ഉദ്ദേശിക്കുന്നതെന്നും ബേബി പറഞ്ഞു.

Ads by Google
Sunday 22 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google