Tuesday, March 17, 2026 Last Updated 7 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.34 PM

നെടുമങ്ങാട്‌ സംഭവം: ഡോക്‌ടര്‍ക്കെതിരായ റിപ്പോര്‍ട്ട്‌ അംഗീകരിക്കില്ലെന്നു കെ.ജി.എം.ഒ.എ.

തിരുവനന്തപുരം: നെടുമങ്ങാട്‌ ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനിടെ നവജാതശിശു മരിച്ച സംഭവത്തില്‍ ഗൈനക്കോളജിസ്‌റ്റ്‌ ഡോ. ബിന്ദു സുന്ദറിനെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട്‌ അംഗീകരിക്കാനാവില്ലെന്നു ഡോക്‌ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ.
ഡോക്‌ടറുടെ ഭാഗത്ത്‌ ഗുരുതര വീഴ്‌ചയുണ്ടായെന്നാണു തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൂന്നംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്‌. സിസേറിയന്‍ വൈകിപ്പിക്കുകയും ശസ്‌ത്രക്രിയ വേണമെന്ന തീരുമാനം നേരത്തെ എടുക്കാമായിരുന്നിട്ടും കാലതാമസം വരുത്തിയത്‌ കുഞ്ഞിന്റെ ജീവന്‌ നഷ്‌ടപ്പെടാന്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോക്‌ടര്‍ക്കെതിരേ മുന്‍പും ചികിത്സാപ്പിഴവ്‌ സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്‌. കൈക്കൂലി വാങ്ങിയെന്ന കുട്ടിയുടെ പിതാവിന്റെ വെളിപ്പെടുത്തലും സസ്‌പെന്‍ഷനിലേക്ക്‌ നയിച്ചു.
അന്വേഷണ റിപ്പോര്‍ട്ട്‌ തള്ളിക്കൊണ്ട്‌ കെ.ജി.എം.ഒ.എ. പ്രക്ഷോഭം പ്രഖ്യാപിച്ചു കഴിഞ്ഞു. ഡോക്‌ടര്‍ക്കെതിരേയുള്ള നടപടി പിന്‍വലിക്കണമെന്നാണ്‌ ആവശ്യം.
തിരുവനന്തപുരം ആറ്റുകാല്‍ പൊങ്കാലത്തിരക്കിലേക്ക്‌ നീങ്ങുമ്പോള്‍, പൊങ്കാലയുമായി ബന്ധപ്പെട്ട എല്ലാ ഡ്യൂട്ടികളും ബഹിഷ്‌കരിക്കുമെന്നു സംഘടന അറിയിച്ചു. ഇന്നു നെടുമങ്ങാട്ടും 24ന്‌ തിരുവനന്തപുരം ജില്ലയിലാകെയും ഒപി സേവനങ്ങള്‍ നിര്‍ത്തിവെച്ച്‌ പ്രതിഷേധിക്കും. ആശുപത്രി സൂപ്രണ്ടിനെ മര്‍ദിച്ചവരെ അറസ്‌റ്റ്‌ ചെയ്‌തിട്ടില്ല.
ഡോക്‌ടര്‍ക്കെതിരേ പ്രതിഷേധം ഇരമ്പുമ്പോള്‍, മറ്റൊരു യുവതിയുടെ ദുരനുഭവം കൂടി പുറത്തുവന്നു. കഴിഞ്ഞ ജൂണില്‍ ഡോ. ബിന്ദു സിസേറിയന്‍ നടത്തിയ നെടുമങ്ങാട്‌ സ്വദേശിനി ഹസ്‌ന ഫാത്തിമയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്‌.
നിലവില്‍ വയറിന്‌ പുറത്ത്‌ ഘടിപ്പിച്ച 'സ്‌റ്റോമ ബാഗിലൂടെ' മലവിസര്‍ജ്‌ജനം നടത്തേണ്ടി വരുന്ന ഹസ്‌നയുടെ അവസ്‌ഥ വലിയ ചര്‍ച്ചയായി. ചികിത്സയ്‌ക്കായി ഭര്‍ത്താവിന്റെ ഓട്ടോറിക്ഷ വില്‍ക്കേണ്ടി വന്ന ഈ കുടുംബം നീതിക്കായി കാത്തിരിക്കുകയാണ്‌. മനുഷ്യാവകാശ കമ്മിഷനും കേസില്‍ ഇടപെട്ടിരിക്കുകയാണ്‌.

Ads by Google
Sunday 22 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google